wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


എസ്രാഅദ്ധ്യായം 4
  • 1 പ്രവാസികൾ യിസ്രായേലിന്റെ ദൈവമായ യഹോവെക്കു മന്ദിരം പണിയുന്നു എന്നു യെഹൂദയുടെയും ബെന്യാമീന്റെയും വൈരികൾ കേട്ടപ്പോൾ
  • 2 അവർ സെരുബ്ബാബേലിന്റെയും പിതൃഭവനത്തലവന്മാരുടെയും അടുക്കൽ വന്നു അവരോടു: ഞങ്ങൾ നിങ്ങളോടുകൂടെ പണിയട്ടെ; നിങ്ങളുടെ ദൈവത്തെ നിങ്ങളെന്നപോലെ ഞങ്ങളും അന്വേഷിക്കയും ഞങ്ങൾ അവന്നു, ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അശ്ശൂർരാജാവായ എസർഹദ്ദോന്റെ കാലംമുതൽ യാഗം കഴിക്കയും ചെയ്തുപോരുന്നു എന്നു പറഞ്ഞു.
  • 3 അതിന്നു സെരുബ്ബാബേലും യേശുവയും ശേഷം യിസ്രായേൽപിതൃഭവനത്തലവന്മാരും അവരോടു: ഞങ്ങളുടെ ദൈവത്തിന്റെ ആലയം പണിയുന്നതിൽ നിങ്ങൾക്കു ഞങ്ങളുമായി കാര്യമൊന്നുമില്ല; പാർസിരാജാവായ കോരെശ്‌രാജാവു ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങൾ തന്നേ യിസ്രായേലിന്റെ ദൈവമായ യഹോവെക്കു അതു പണിതുകൊള്ളാം എന്നു പറഞ്ഞു.
  • 4 ആകയാൽ ദേശനിവാസികൾ യെഹൂദാജനത്തിന്നു ധൈര്യക്ഷയം വരുത്തി പണിയാതിരിക്കേണ്ടതിന്നു അവരെ പേടിപ്പിച്ചു.
  • 5 അവരുടെ ഉദ്ദേശം നിഷ്ഫലമാക്കേണ്ടതിന്നു അവർ പാർസിരാജാവായ കോരെശിന്റെ കാലത്തൊക്കെയും പാർസിരാജാവായ ദാർയ്യാവേശിന്റെ വാഴ്ചവരെയും അവർക്കു വിരോധമായി കാര്യസ്ഥന്മാരെ കൈക്കൂലി കൊടുത്തു വശത്താക്കി.
  • 6 അഹശ്വേരോശിന്റെ കാലത്തു, അവന്റെ വാഴ്ചയുടെ ആരംഭത്തിൽ തന്നേ, അവർ യെഹൂദയിലെയും യെരൂശലേമിലെയും നിവാസികൾക്കു വിരോധമായി അന്യായപത്രം എഴുതി അയച്ചു.
  • 7 അർത്ഥഹ് ശഷ്ടാവിന്റെ കാലത്തു ബിശലാമും മിത്രെദാത്തും താബെയേലും ശേഷം അവരുടെ കൂട്ടക്കാരും പാസിരാജാവായ അർത്ഥഹ് ശഷ്ടാവിന്നു ഒരു പത്രിക എഴുതി അയച്ചു; പത്രിക അരാമ്യാക്ഷരത്തിൽ, അരാമ്യഭാഷയിൽ തന്നേ എഴുതിയിരുന്നു.
  • 8 ധർമ്മാദ്ധ്യക്ഷനായ രെഹൂമും രായസക്കാരനായ ശിംശായിയും യെരൂശലേമിന്നു വിരോധമായി അർത്ഥഹ് ശഷ്ടാരാജാവിന്നു ഒരു പത്രിക എഴുതി അയച്ചു.
  • 9 ധർമ്മാദ്ധ്യക്ഷൻ രെഹൂമും രായസക്കാരൻ ശിംശായിയും ശേഷം അവരുടെ കൂട്ടക്കാരായ ദീന്യർ, അഫർസത്യർ, തർപ്പേല്യർ, അഫർസ്യർ, അർക്കവ്യർ, ബാബേല്യർ, ശൂശന്യർ, ദേഹാവ്യർ, ഏലാമ്യർ എന്നിവരും
  • 10 മഹാനും ശ്രേഷ്ഠനുമായ അസ്നപ്പാർ പിടിച്ചുകൊണ്ടുവന്നു ശമർയ്യാപട്ടണങ്ങളിലും നദിക്കു ഇക്കരെ മറ്റു ദിക്കുകളിലും പാർപ്പിച്ചിരിക്കുന്ന ശേഷംജാതികളും ഇത്യാദി.
  • 11 അവർ അർത്ഥഹ് ശഷ്ടാരാജാവിന്നു അയച്ച പത്രികയുടെ പകർപ്പു എന്തെന്നാൽ: നദിക്കു ഇക്കരെയുള്ള നിന്റെ ദാസന്മാരായ പുരുഷന്മാർ ഇത്യാദിരാജാവു ബോധിപ്പാൻ:
  • 12 തിരുമുമ്പിൽനിന്നു പുറപ്പെട്ടു ഞങ്ങളുടെ അടുക്കൽ യെരൂശലേമിൽ വന്നിരിക്കുന്ന യെഹൂദന്മാർ മത്സരവും ദുഷ്ടതയുമുള്ള ആ പട്ടണം പണികയും അതിന്റെ മതിലുകൾ കെട്ടുകയും അടിസ്ഥാനങ്ങൾ നന്നാക്കുകയും ചെയ്യുന്നു.
  • 13 പട്ടണം പണിതു മതിലുകൾ കെട്ടിത്തീർന്നാൽ അവർ കരമോ നികുതിയോ ചുങ്കമോ ഒന്നും അടെക്കയില്ല; അങ്ങനെ ഒടുവിൽ അവർ രാജാക്കന്മാർക്കു നഷ്ടം വരുത്തും എന്നു രാജാവിന്നു ബോധിച്ചിരിക്കേണം.
  • 14 എന്നാൽ ഞങ്ങൾ കോവിലകത്തെ ഉപ്പു തിന്നുന്നവരാകയാലും രാജാവിന്നു അപമാനം വരുന്നതു കണ്ടുകൊണ്ടിരിക്കുന്നതു ഞങ്ങൾക്കു ഉചിതമല്ലായ്കയാലും ഞങ്ങൾ ആളയച്ചു രാജാവിനെ ഇതു ബോധിപ്പിച്ചുകൊള്ളുന്നു.
  • 15 അവിടത്തെ പിതാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ നോക്കിയാൽ ഈ പട്ടണം മത്സരവും രാജാക്കന്മാർക്കും സംസ്ഥാനങ്ങൾക്കും ഉപദ്രവവും ഉള്ള പട്ടണം എന്നും അതിൽ അവർ പുരാതനമേ കലഹം ഉണ്ടാക്കിയതിനാൽ ഈ പട്ടണം നശിച്ചുകിടക്കുന്നു എന്നും വൃത്താന്തപുസ്തകത്തിൽനിന്നു അറിവാകും.
  • 16 ഈ പട്ടണം പണികയും അതിന്റെ മതിലുകൾ കെട്ടിത്തീരുകയും ചെയ്താൽ അതു നിമിത്തം അവിടത്തേക്കു നദിക്കു ഇക്കരെ ഒരു അവകാശവും ഉണ്ടായിരിക്കയില്ലെന്നു രാജാവിനെ ഉണർത്തിച്ചുകൊള്ളുന്നു.
  • 17 അതിന്നു രാജാവു ധർമ്മാദ്ധ്യക്ഷനായ രെഹൂമിന്നും രായസക്കാരനായ ശിംശായിക്കും ശമർയ്യാനിവാസികളായ അവരുടെ കൂട്ടക്കാർക്കും നദിക്കും അക്കരെയുള്ള ശേഷംപേർക്കും മറുപടി എഴുതി അയച്ചതു എന്തെന്നാൽ: നിങ്ങൾക്കു കുശലം ഇത്യാദി;
  • 18 നിങ്ങൾ കൊടുത്തയച്ച പത്രിക നമ്മുടെ സന്നിധിയിൽ വ്യക്തമായി വായിച്ചുകേട്ടു.
  • 19 നാം കല്പന കൊടുത്തിട്ടു അവർ ശോധനചെയ്തു നോക്കിയപ്പോൾ ആ പട്ടണം പുരാതനമേ രാജാക്കന്മാരോടു എതിർത്തുനില്ക്കുന്നതു എന്നും അതിൽ മത്സരവും കലഹവും ഉണ്ടായിരുന്നു എന്നും
  • 20 യെരൂശലേമിൽ ബലവാന്മാരായ രാജാക്കന്മാർ ഉണ്ടായിരുന്നു; അവർ നദിക്കു അക്കരെയുള്ള നാടൊക്കെയും വാണു കരവും നികുതിയും ചുങ്കവും വാങ്ങിവന്നു എന്നും കണ്ടിരിക്കുന്നു.
  • 21 ആകയാൽ നാം മറ്റൊരു കല്പന അയക്കുന്നതുവരെ അവർ പട്ടണം പണിയുന്നതു നിർത്തിവെക്കേണ്ടതിന്നു ആജ്ഞാപിപ്പിൻ.
  • 22 നിങ്ങൾ അതിൽ ഉപേക്ഷചെയ്യാതെ ജാഗ്രതയായിരിപ്പിൻ; രാജാക്കന്മാർക്കു നഷ്ടവും ഹാനിയും വരരുതു.
  • 23 അർത്ഥഹ് ശഷ്ടാരാജാവിന്റെ എഴുത്തിന്റെ പകർപ്പു രെഹൂമും രായസക്കാരനായ ശിംശായിയും അവരുടെ കൂട്ടക്കാരും വായിച്ചു കേട്ടശേഷം അവർ യെരൂശലേമിൽ യെഹൂദന്മാരുടെ അടുക്കൽ ബദ്ധപ്പെട്ടു ചെന്നു ബലാൽക്കാരത്തോടെ അവരെ ഹേമിച്ചു പണിമുടക്കി.
  • 24 അങ്ങനെ യെരൂശലേമിലെ ദൈവാലയത്തിന്റെ പണി മുടങ്ങി; പാർസിരാജാവായ ദാർയ്യാവേശിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടുവരെ പണി മുടങ്ങിക്കിടന്നു.