wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ഉല്പത്തിഅദ്ധ്യായം 1
  • 1 ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
  • 2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.
  • 3 വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.
  • 4 വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു.
  • 5 ദൈവം വെളിച്ചത്തിന്നു പകൽ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.
  • 6 ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു കല്പിച്ചു.
  • 7 വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിൻ കീഴുള്ള വെള്ളവും വിതാനത്തിൻ മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു; അങ്ങനെ സംഭവിച്ചു.
  • 8 ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.
  • 9 ദൈവം: ആകാശത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു.
  • 10 ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു; നല്ലതു എന്നു ദൈവം കണ്ടു.
  • 11 ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
  • 12 ഭൂമിയിൽ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു; നല്ലതു എന്നു ദൈവം കണ്ടു.
  • 13 സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.
  • 14 പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ;
  • 15 ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
  • 16 പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.
  • 17 ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി
  • 18 ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലതു എന്നു ദൈവം കണ്ടു.
  • 19 സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.
  • 20 വെള്ളത്തിൽ ജലജന്തുക്കൾ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു.
  • 21 ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; നല്ലതു എന്നു ദൈവം കണ്ടു.
  • 22 നിങ്ങൾ വർദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു.
  • 23 സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.
  • 24 അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കൾ ഭൂമിയിൽനിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
  • 25 ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു.
  • 26 അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.
  • 27 ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.
  • 28 ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.
  • 29 ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു; അവ നിങ്ങൾക്കു ആഹാരമായിരിക്കട്ടെ;
  • 30 ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ഭൂമിയിൽ ചരിക്കുന്ന സകല ഭൂചരജന്തുക്കൾക്കും ആഹാരമായിട്ടു പച്ചസസ്യം ഒക്കെയും ഞാൻ കൊടുത്തിരിക്കുന്നു എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
  • 31 താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.