wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ഉല്പത്തിഅദ്ധ്യായം 4
  • 1 അനന്തരം മനുഷ്യൻ തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു; അവൾ ഗർഭംധരിച്ചു കയീനെ പ്രസവിച്ചു: യഹോവയാൽ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു.
  • 2 പിന്നെ അവൾ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയിത്തീർന്നു.
  • 3 കുറെക്കാലം കഴിഞ്ഞിട്ടു കയീൻ നിലത്തെ അനുഭവത്തിൽനിന്നു യഹോവെക്കു ഒരു വഴിപാടു കൊണ്ടുവന്നു.
  • 4 ഹാബെലും ആട്ടിൻ കൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്നു, അവയുടെ മേദസ്സിൽനിന്നു തന്നേ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും വഴിപാടിലും പ്രസാദിച്ചു.
  • 5 കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന്നു ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി.
  • 6 എന്നാറെ യഹോവ കയീനോടു: നീ കോപിക്കുന്നതു എന്തിന്നു? നിന്റെ മുഖം വാടുന്നതും എന്തു?
  • 7 നീ നന്മചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതിൽക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു.
  • 8 എന്നാറെ കയീൻ തന്റെ അനുജനായ ഹാബെലിനോടു: (നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവർ വയലിൽ ഇരിക്കുമ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനോടു കയർത്തു അവനെ കൊന്നു.
  • 9 പിന്നെ യഹോവ കയീനോടു: നിന്റെ അനുജനായ ഹാബെൽ എവിടെ എന്നു ചോദിച്ചതിന്നു: ഞാൻ അറിയുന്നില്ല; ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ എന്നു അവൻ പറഞ്ഞു.
  • 10 അതിന്നു അവൻ അരുളിച്ചെയ്തതു. നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽ നിന്നു എന്നോടു നിലവിളിക്കുന്നു.
  • 11 ഇപ്പോൾ നിന്റെ അനുജന്റെ രക്തം നിന്റെ കയ്യിൽ നിന്നു ഏറ്റുകൊൾവാൻ വായിതുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം.
  • 12 നീ കൃഷി ചെയ്യുമ്പോൾ നിലം ഇനിമേലാൽ തന്റെ വീര്യം നിനക്കു തരികയില്ല; നീ ഭൂമിയിൽ ഉഴന്നലയുന്നവൻ ആകും.
  • 13 കയീൻ യഹോവയോടു: എന്റെ കുറ്റം പൊറുപ്പാൻ കഴിയുന്നതിനെക്കാൾ വലിയതാകുന്നു.
  • 14 ഇതാ, നീ ഇന്നു എന്നെ ആട്ടിക്കളയുന്നു; ഞാൻ തിരുസന്നിധിവിട്ടു ഒളിച്ചു ഭൂമിയിൽ ഉഴന്നലയുന്നവൻ ആകും; ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും എന്നു പറഞ്ഞു.
  • 15 യഹോവ അവനോടു: അതുകൊണ്ടു ആരെങ്കിലും കയീനെ കൊന്നാൽ അവന്നു ഏഴിരട്ടി പകരം കിട്ടും എന്നു അരുളിച്ചെയ്തു; കയീനെ കാണുന്നവർ ആരും കൊല്ലാതിരിക്കേണ്ടതിന്നു യഹോവ അവന്നു ഒരു അടയാളം വെച്ചു.
  • 16 അങ്ങനെ കയീൻ യഹോവയുടെ സന്നിധിയിൽ നിന്നു പുറപ്പെട്ടു ഏദെന്നു കിഴക്കു നോദ് ദേശത്തു ചെന്നു പാർത്തു.
  • 17 കയീൻ തന്റെ ഭാര്യയെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു. അവൻ ഒരു പട്ടണം പണിതു, ഹാനോൿ എന്നു തന്റെ മകന്റെ പേരിട്ടു.
  • 18 ഹാനോക്കിന്നു ഈരാദ് ജനിച്ചു; ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു; മെഹൂയയേൽ മെഥൂശയേലിനെ ജനിപ്പിച്ചു; മെഥൂശയേൽ ലാമെക്കിനെ ജനിപ്പിച്ചു.
  • 19 ലാമെൿ രണ്ടു ഭാര്യമാരെ എടുത്തു; ഒരുത്തിക്കു ആദാ എന്നും മറ്റവൾക്കു സില്ലാ എന്നും പേർ.
  • 20 ആദാ യാബാലിനെ പ്രസവിച്ചു; അവൻ കൂടാരവാസികൾക്കും പശുപാലകന്മാർക്കും പിതാവായ്തീർന്നു.
  • 21 അവന്റെ സഹോദരന്നു യൂബാൽ എന്നു പേർ. ഇവൻ കിന്നരവും വേണുവും പ്രയോഗിക്കുന്ന എല്ലാവർക്കും പിതാവായ്തീർന്നു.
  • 22 സില്ലാ തൂബൽകയീനെ പ്രസവിച്ചു; അവൻ ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള ആയുധങ്ങളെ തീർക്കുന്നവനായ്തീർന്നു; തൂബൽകയീന്റെ പെങ്ങൾ നയമാ.
  • 23 ലാമെൿ തന്റെ ഭാര്യമാരോടു പറഞ്ഞതു: ആദയും സില്ലയും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; ലാമെക്കിൻ ഭാര്യമാരേ, എന്റെ വചനത്തിന്നു ചെവി തരുവിൻ! എന്റെ മുറിവിന്നു പകരം ഞാൻ ഒരു പുരുഷനെയും, എന്റെ പരിക്കിന്നു പകരം ഒരു യുവാവിനെയും കൊല്ലും.
  • 24 കയീന്നുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ, ലാമെക്കിന്നുവേണ്ടി എഴുപത്തേഴു ഇരട്ടി പകരം ചെയ്യും.
  • 25 ആദാം തന്റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു: കയീൻ കൊന്ന ഹാബെലിന്നു പകരം ദൈവം എനിക്കു മറ്റൊരു സന്തതിയെ തന്നു എന്നു പറഞ്ഞു അവന്നു ശേത്ത് എന്നു പേരിട്ടു.
  • 26 ശേത്തിന്നും ഒരു മകൻ ജനിച്ചു; അവന്നു എനോശ് എന്നു പേരിട്ടു. ആ കാലത്തു യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.