wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ഉല്പത്തിഅദ്ധ്യായം 21
  • 1 അനന്തരം യഹോവ താൻ അരുളിച്ചെയ്തിരുന്നതുപോലെ സാറയെ സന്ദർശിച്ചു; താൻ വാഗ്ദത്തം ചെയ്തിരുന്നതു യഹോവ സാറെക്കു നിവൃത്തിച്ചുകൊടുത്തു.
  • 2 അബ്രാഹാമിന്റെ വാർദ്ധക്യത്തിൽ ദൈവം അവനോടു അരുളിച്ചെയ്തിരുന്ന അവധിക്കു സാറാ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു.
  • 3 സാറാ അബ്രാഹാമിന്നു പ്രസവിച്ച മകന്നു അവൻ യിസ്ഹാൿ എന്നു പേരിട്ടു.
  • 4 ദൈവം അബ്രാഹാമിനോടു കല്പിച്ചിരുന്നതുപോലെ അവൻ തന്റെ മകനായ യിസ്ഹാക്കിന്നു എട്ടാം ദിവസം പരിച്ഛേദന കഴിച്ചു.
  • 5 തന്റെ മകനായ യിസ്ഹാൿ ജനിച്ചപ്പോൾ അബ്രാഹാമിന്നു നൂറു വയസ്സായിരുന്നു.
  • 6 ദൈവം എനിക്കു ചിരിയുണ്ടാക്കി; കേൾക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും എന്നു സാറാ പറഞ്ഞു.
  • 7 സാറാ മക്കൾക്കു മുലകൊടുക്കുമെന്നു അബ്രാഹാമിനോടു ആർ പറയുമായിരുന്നു. അവന്റെ വാർദ്ധക്യത്തിലല്ലോ ഞാൻ ഒരു മകനെ പ്രസവിച്ചതു എന്നും അവൾ പറഞ്ഞു.
  • 8 പൈതൽ വളർന്നു മുലകുടി മാറി; യിസ്ഹാക്കിന്റെ മുലകുടി മാറിയ നാളിൽ അബ്രാഹാം ഒരു വലിയ വിരുന്നു കഴിച്ചു.
  • 9 മിസ്രയീമ്യദാസി ഹാഗാർ അബ്രാഹാമിന്നു പ്രസവിച്ച മകൻ പരിഹാസി എന്നു സാറാ കണ്ടു അബ്രാഹാമിനോടു:
  • 10 ഈ ദാസിയെയുംമകനെയും പുറത്താക്കിക്കളക; ഈ ദാസിയുടെ മകൻ എന്റെ മകൻ യിസ്ഹാക്കിനോടു കൂടെ അവകാശിയാകരുതു എന്നു പറഞ്ഞു.
  • 11 തന്റെ മകൻ നിമിത്തം ഈ കാര്യം അബ്രാഹാമിന്നു അനിഷ്ടമായി.
  • 12 എന്നാൽ ദൈവം അബ്രാഹാമിനോടു: ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്കു അനിഷ്ടം തോന്നരുതു; സാറാ നിന്നോടു പറഞ്ഞതിലൊക്കെയുംഅവളുടെ വാക്കു കേൾക്ക; യിസ്ഹാക്കിൽനിന്നുള്ളവരല്ലോ നിന്റെ സാക്ഷാൽ സന്തതിയെന്നു വിളിക്കപ്പെടുന്നതു.
  • 13 ദാസിയുടെമകനെയും ഞാൻ ഒരു ജാതിയാക്കും; അവൻ നിന്റെ സന്തതിയല്ലോ എന്നു അരുളിച്ചെയ്തു.
  • 14 അബ്രാഹാം അതികാലത്തു എഴുന്നേറ്റു അപ്പവും ഒരു തുരുത്തി വെള്ളവും എടുത്തു ഹാഗാരിന്റെ തോളിൽവെച്ചു, കുട്ടിയെയും കൊടുത്തു അവളെ അയച്ചു; അവൾ പുറപ്പെട്ടുപോയി ബേർ-ശേബ മരുഭൂമിയിൽ ഉഴന്നു നടന്നു.
  • 15 തുരുത്തിയിലെ വെള്ളം ചെലവായശേഷം അവൾ കുട്ടിയെ ഒരു കുറുങ്കാട്ടിൻ തണലിൽ ഇട്ടു.
  • 16 അവൾ പോയി അതിന്നെതിരെ ഒരു അമ്പിൻ പാടു ദൂരത്തു ഇരുന്നു: കുട്ടിയുടെ മരണം എനിക്കു കാണേണ്ടാ എന്നു പറഞ്ഞു എതിരെ ഇരുന്നു ഉറക്കെ കരഞ്ഞു.
  • 17 ദൈവം ബാലന്റെ നിലവിളി കേട്ടു; ദൈവത്തിന്റെ ദൂതൻ ആകാശത്തു നിന്നു ഹാഗാരിനെ വിളിച്ചു അവളോടു: ഹാഗാരേ, നിനക്കു എന്തു? നീ ഭയപ്പെടേണ്ടാ; ബാലൻ ഇരിക്കുന്നേടത്തുനിന്നു അവന്റെ നിലവിളികേട്ടിരിക്കുന്നു.
  • 18 നീ ചെന്നു ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊൾക; ഞാൻ അവനെ ഒരു വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു.
  • 19 ദൈവം അവളുടെ കണ്ണു തുറന്നു; അവൾ ഒരു നീരുറവു കണ്ടു, ചെന്നു തുരുത്തിയിൽ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു.
  • 20 ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു; അവൻ മരുഭൂമിയിൽ പാർത്തു, മുതിർന്നപ്പോൾ ഒരു വില്ലാളിയായി തീർന്നു.
  • 21 അവൻ പാരാൻ മരുഭൂമിയിൽ പാർത്തു; അവന്റെ അമ്മ മിസ്രയീംദേശത്തുനിന്നു അവന്നു ഒരു ഭാര്യയെ കൊണ്ടുവന്നു.
  • 22 അക്കാലത്തു അബിമേലെക്കും അവന്റെ സേനാപതിയായ പീക്കോലും അബ്രാഹാമിനോടു സംസാരിച്ചു: നിന്റെ സകലപ്രവൃത്തിയിലും ദൈവം നിന്നോടുകൂടെയുണ്ടു;
  • 23 ആകയാൽ നീ എന്നോടോ എന്റെ സന്തതിയോടോ എന്റെ കുലത്തോടോ വ്യാജം പ്രവൃത്തിക്കാതെ ഞാൻ നിന്നോടു ദയ കാണിച്ചതുപോലെ നീ എന്നോടും നീ പാർത്തുവരുന്ന ദേശത്തോടും ദയകാണിക്കുമെന്നു ദൈവത്തെച്ചൊല്ലി ഇവിടെവെച്ചു എന്നോടു സത്യം ചെയ്ക എന്നു പറഞ്ഞു.
  • 24 സത്യം ചെയ്യാം എന്നു അബ്രാഹാം പറഞ്ഞു.
  • 25 എന്നാൽ അബീമേലെക്കിന്റെ ദാസന്മാർ അപഹരിച്ച കിണർനിമിത്തം അബ്രാഹാം അബീമേലെക്കിനോടു ഭത്സിച്ചുപറഞ്ഞു.
  • 26 അതിന്നു അബീമേലെക്; ഇക്കാര്യം ചെയ്തതു ആരെന്നു ഞാൻ അറിയുന്നില്ല; നീ എന്നെ അറിയിച്ചിട്ടില്ല; ഇന്നല്ലാതെ ഞാൻ അതിനെക്കുറിച്ചു കേട്ടിട്ടുമില്ല എന്നു പറഞ്ഞു.
  • 27 പിന്നെ അബ്രാഹാം അബീമേലെക്കിന്നു ആടുമാടുകളെ കൊടുത്തു; അവർ ഇരുവരും തമ്മിൽ ഉടമ്പടി ചെയ്തു.
  • 28 അബ്രാഹാം ഏഴു പെണ്ണാട്ടുകുട്ടികളെ വേറിട്ടു നിർത്തി.
  • 29 അപ്പോൾ അബീമേലെൿ അബ്രാഹാമിനോടു: നീ വേറിട്ടു നിർത്തിയ ഈ ഏഴു പെണ്ണാട്ടുകുട്ടികൾ എന്തിന്നു എന്നു ചോദിച്ചു.
  • 30 ഞാൻ ഈ കിണർ കുഴിച്ചു എന്നതിന്നു സാക്ഷിയായി നീ ഈ ഏഴു പെണ്ണാട്ടുകുട്ടികളെ എന്നോടു വാങ്ങേണം എന്നു അവൻ പറഞ്ഞു.
  • 31 അവർ ഇരുവരും അവിടെവെച്ചു സത്യം ചെയ്ക കൊണ്ടു അവൻ ആ സ്ഥലത്തിന്നു ബേർ-ശേബ എന്നു പേരിട്ടു.
  • 32 ഇങ്ങനെ അവർ ബേർ-ശേബയിൽവെച്ചു ഉടമ്പടി ചെയ്തു. അബീമേലെക്കും അവന്റെ സേനാപതിയായ പീക്കോലും എഴുന്നേറ്റു ഫെലിസ്ത്യരുടെ ദേശത്തേക്കു മടങ്ങിപ്പോയി.
  • 33 അബ്രാഹാം ബേർ-ശേബയിൽ ഒരു പിചുലവൃക്ഷം നട്ടു, നിത്യദൈവമായ യഹോവയുടെ നാമത്തിൽ അവിടെവെച്ചു ആരാധന കഴിച്ചു.
  • 34 അബ്രാഹാം കുറേക്കാലം ഫെലിസ്ത്യരുടെ ദേശത്തു പാർത്തു.