wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ഉല്പത്തിഅദ്ധ്യായം 26
  • 1 അബ്രാഹാമിന്റെ കാലത്തുണ്ടായ മുമ്പിലത്തെ ക്ഷാമം കൂടാതെ പിന്നെയും ആ ദേശത്തു ഒരു ക്ഷാമം ഉണ്ടായി. അപ്പോൾ യിസ്ഹാൿ ഗെരാരിൽ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്റെ അടുക്കൽ പോയി.
  • 2 യഹോവ അവന്നു പ്രത്യക്ഷനായി അരുളിച്ചെയ്തതെന്തെന്നാൽ: നീ മിസ്രയീമിലേക്കു പോകരുതു; ഞാൻ നിന്നോടു കല്പിക്കുന്ന ദേശത്തു പാർക്ക.
  • 3 ഈ ദേശത്തു താമസിക്ക; ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും.
  • 4 അബ്രാഹാം എന്റെ വാക്കു കേട്ടു എന്റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ടു
  • 5 ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും.
  • 6 അങ്ങനെ യിസ്ഹാൿ ഗെരാരിൽ പാർത്തു.
  • 7 ആ സ്ഥലത്തെ ജനം അവന്റെ ഭാര്യയെക്കുറിച്ചു അവനോടു ചോദിച്ചു; അവൾ എന്റെ സഹോദരിയെന്നു അവൻ പറഞ്ഞു; റിബെക്കാ സൌന്ദര്യമുള്ളവളാകകൊണ്ടു ആ സ്ഥലത്തെ ജനം അവളുടെ നിമിത്തം തന്നേ കൊല്ലാതിരിക്കേണ്ടതിന്നു അവൾ എന്റെ ഭാര്യ എന്നു പറവാൻ അവൻ ശങ്കിച്ചു.
  • 8 അവൻ അവിടെ ഏറെക്കാലം പാർത്തശേഷം ഫെലിസ്ത്യരുടെ രാജാവായ അബീമേലെൿ കിളിവാതിൽക്കൽ കൂടി നോക്കി യിസ്ഹാൿ തന്റെ ഭാര്യയായ റിബെക്കയോടുകൂടെ വിനോദിക്കുന്നതു കണ്ടു.
  • 9 അബീമേലെൿ യിസ്ഹാക്കിനെ വിളിച്ചു: അവൾ നിന്റെ ഭാര്യയാകുന്നു നിശ്ചയം; പിന്നെ എന്റെ സഹോദരിയെന്നു നീ പറഞ്ഞതു എങ്ങനെ എന്നു ചോദിച്ചതിന്നു യിസ്ഹാൿ അവനോടു: അവളുടെ നിമിത്തം മരിക്കാതിരിപ്പാൻ ആകുന്നു ഞാൻ അങ്ങനെ പറഞ്ഞതു എന്നു പറഞ്ഞു.
  • 10 അപ്പോൾ അബീമേലെക്: നീ ഞങ്ങളോടു ഈ ചെയ്തതു എന്തു? ജനത്തിൽ ആരെങ്കിലും നിന്റെ ഭാര്യയോടുകൂടെ ശയിപ്പാനും നീ ഞങ്ങളുടെ മേൽ കുറ്റം വരുത്തുവാനും സംഗതി വരുമായിരുന്നുവല്ലോ എന്നു പറഞ്ഞു.
  • 11 പിന്നെ അബീമേലെക്: ഈ പുരുഷനെയോ അവന്റെ ഭാര്യയെയോ തൊടുന്നവന്നു മരണശിക്ഷ ഉണ്ടാകും എന്നു സകലജനത്തോടും കല്പിച്ചു.
  • 12 യിസ്ഹാൿ ആ ദേശത്തു വിതെച്ചു; ആയാണ്ടിൽ നൂറുമേനി വിളവു കിട്ടി; യഹോവ അവനെ അനുഗ്രഹിച്ചു.
  • 13 അവൻ വർദ്ധിച്ചു വർദ്ധിച്ചു മഹാധനവാനായിത്തീർന്നു.
  • 14 അവന്നു ആട്ടിൻ കൂട്ടങ്ങളും മാട്ടിൻ കൂട്ടങ്ങളും വളരെ ദാസീദാസന്മാരും ഉണ്ടായിരുന്നതുകൊണ്ടു ഫെലിസ്ത്യർക്കു അവനോടു അസൂയ തോന്നി.
  • 15 എന്നാൽ അവന്റെ പിതാവായ അബ്രാഹാമിന്റെ കാലത്തു അവന്റെ പിതാവിന്റെ ദാസന്മാർ കുഴിച്ചിരുന്ന കിണറൊക്കെയും ഫെലിസ്ത്യർ മണ്ണിട്ടു നികത്തിക്കളഞ്ഞിരുന്നു.
  • 16 അബീമേലെൿ യിസ്ഹാക്കിനോടു: നീ ഞങ്ങളെക്കാൾ ഏറ്റവും ബലവാനാകകൊണ്ടു ഞങ്ങളെ വിട്ടു പോക എന്നു പറഞ്ഞു.
  • 17 അങ്ങനെ യിസ്ഹാൿ അവിടെനിന്നു പുറപ്പെട്ടു ഗേരാർതാഴ്വരയിൽ കൂടാരമടിച്ചു, അവിടെ പാർത്തു.
  • 18 തന്റെ പിതാവായ അബ്രാഹാമിന്റെ കാലത്തു കുഴിച്ചതും അബ്രാഹാം മരിച്ചശേഷം ഫെലിസ്ത്യർ നികത്തിക്കളഞ്ഞതുമായ കിണറുകൾ യിസ്ഹാൿ പിന്നെയും കുഴിച്ചു തന്റെ പിതാവു അവെക്കു ഇട്ടിരുന്ന പേർ തന്നേ ഇട്ടു.
  • 19 യിസ്ഹാക്കിന്റെ ദാസന്മാർ ആ താഴ്വരയിൽ കുഴിച്ചു നീരുറവുള്ള ഒരു കിണറ് കണ്ടു.
  • 20 അപ്പോൾ ഗെരാർദേശത്തിലെ ഇടയന്മാർ: ഈ വെള്ളം ഞങ്ങൾക്കുള്ളതു എന്നു പറഞ്ഞു യിസ്ഹാക്കിന്റെ ഇടയന്മാരോടു ശണ്ഠയിട്ടു; അവർ തന്നോടു ശണ്ഠയിട്ടതുകൊണ്ടു അവൻ ആ കിണറ്റിനു ഏശെൿ എന്നു പേർ വിളിച്ചു.
  • 21 അവർ മറ്റൊരു കിണറു കുഴിച്ചു; അതിനെക്കുറിച്ചും അവർ ശണ്ഠയിട്ടതുകൊണ്ടു അവൻ അതിന്നു സിത്നാ എന്നു പേർ വിളിച്ചു.
  • 22 അവൻ അവിടെനിന്നു മാറിപ്പോയി മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ചു അവർ ശണ്ഠയിട്ടില്ല. യഹോവ ഇപ്പോൾ നമുക്കു ഇടം ഉണ്ടാക്കി നാം ദേശത്തു വർദ്ധിക്കുമെന്നു പറഞ്ഞു അവൻ അതിന്നു രെഹോബോത്ത് എന്നു പേരിട്ടു.
  • 23 അവിടെ നിന്നു അവൻ ബേർ-ശേബെക്കു പോയി.
  • 24 അന്നു രാത്രി യഹോവ അവന്നു പ്രത്യക്ഷനായി: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവം ആകുന്നു; നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; എന്റെ ദാസനായ അബ്രാഹാംനിമിത്തം ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ സന്തതിയെ വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.
  • 25 അവിടെ അവൻ ഒരു യാഗപീഠം പണിതു, യഹോവയുടെ നാമത്തിൽ ആരാധിച്ചു. അവിടെ തന്റെ കൂടാരം അടിച്ചു; അവിടെയും യിസ്ഹാക്കിന്റെ ദാസന്മാർ ഒരു കിണറ് കുഴിച്ചു.
  • 26 അനന്തരം അബീമേലെക്കും സ്നേഹിതനായ അഹൂസത്തും സേനാപതിയായ ഫീക്കോലും ഗെരാരിൽനിന്നു അവന്റെ അടുക്കൽ വന്നു.
  • 27 യിസ്ഹാൿ അവരോടു: നിങ്ങൾ എന്തിന്നു എന്റെ അടുക്കൽ വരുന്നു? നിങ്ങൾ എന്നെ ദ്വേഷിച്ചു നിങ്ങളുടെ ഇടയിൽനിന്നു അയച്ചുകളഞ്ഞുവല്ലോ എന്നു പറഞ്ഞു.
  • 28 അതിന്നു അവർ: യഹോവ നിന്നോടുകൂടെയുണ്ടു എന്നു ഞങ്ങൾ സ്പഷ്ടമായി കണ്ടു; അതുകൊണ്ടു നമുക്കു തമ്മിൽ, ഞങ്ങൾക്കും നിനക്കും തമ്മിൽ തന്നെ, ഒരു സത്യബന്ധമുണ്ടായിരിക്കേണം.
  • 29 ഞങ്ങൾ നിന്നെ തൊട്ടിട്ടില്ലാത്തതുപോലെയും നന്മമാത്രം നിനക്കു ചെയ്തു നിന്നെ സമാധാനത്തോടെ അയച്ചതുപോലെയും നീ ഞങ്ങളോടു ഒരു ദോഷവും ചെയ്കയില്ല എന്നു ഞങ്ങളും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്ക. നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനല്ലോ എന്നു പറഞ്ഞു.
  • 30 അവൻ അവർക്കു ഒരു വിരുന്നു ഒരുക്കി; അവർ ഭക്ഷിച്ചു പാനം ചെയ്തു.
  • 31 അവർ അതികാലത്തു എഴുന്നേറ്റു, തമ്മിൽ സത്യം ചെയ്തശേഷം യിസ്ഹാൿ അവരെ യാത്രയയച്ചു അവർ സമാധാനത്തോടെ പിരിഞ്ഞുപോയി.
  • 32 ആ ദിവസം തന്നേ യിസ്ഹാക്കിന്റെ ദാസന്മാർ വന്നു തങ്ങൾ കുഴിച്ച കിണറ്റിന്റെ വസ്തുത അവനെ അറിയിച്ചു:
  • 33 ഞങ്ങൾ വെള്ളം കണ്ടു എന്നു പറഞ്ഞു. അവൻ അതിന്നു ശിബാ എന്നു പേരിട്ടു; അതുകൊണ്ടു ആ പട്ടണത്തിന്നു ഇന്നുവരെ ബേർ-ശേബ എന്നു പേർ.
  • 34 ഏശാവിന്നു നാല്പതു വയസ്സായപ്പോൾ അവൻ ഹിത്യനായ ബേരിയുടെ മകൾ യെഹൂദീത്തിനെയും ഹിത്യനായ ഏലോന്റെ മകൾ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു.
  • 35 ഇവർ യിസ്ഹാക്കിന്നും റിബെക്കെക്കും മനോവ്യസനകാരണമായിരുന്നു.