wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ഉല്പത്തിഅദ്ധ്യായം 32
  • 1 യാക്കോബ് തന്റെ വഴിക്കു പോയി; ദൈവത്തിന്റെ ദൂതന്മാർ അവന്റെ എതിരെ വന്നു.
  • 2 യാക്കോബ് അവരെ കണ്ടപ്പോൾ: ഇതു ദൈവത്തിന്റെ സേന എന്നു പറഞ്ഞു. ആ സ്ഥലത്തിന്നു മഹനയീം എന്നു പേർ ഇട്ടു.
  • 3 അനന്തരം യാക്കോബ് എദോംനാടായ സേയീർദേശത്തു തന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽ തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു.
  • 4 അവരോടു കല്പിച്ചതു എന്തെന്നാൽ: എന്റെ യജമാനനായ ഏശാവിനോടു ഇങ്ങനെ പറവിൻ: നിന്റെ അടിയാൻ യാക്കോബ് ഇപ്രകാരം പറയുന്നു: ഞാൻ ലാബാന്റെ അടുക്കൽ പരദേശിയായി പാർത്തു ഇന്നുവരെ അവിടെ താമസിച്ചു.
  • 5 എനിക്കു കാളയും കഴുതയും ആടും ദാസീദാസന്മാരും ഉണ്ടു; നിനക്കു എന്നൊടു കൃപ തോന്നേണ്ടതിന്നാകുന്നു യജമാനനെ അറിയിപ്പാൻ ആളയക്കുന്നതു.
  • 6 ദൂതന്മാർ യാക്കോബിന്റെ അടുക്കൽ മടങ്ങി വന്നു: ഞങ്ങൾ നിന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽ പോയി വന്നു; അവൻ നാനൂറു ആളുമായി നിന്നെ എതിരേല്പാൻ വരുന്നു എന്നു പറഞ്ഞു.
  • 7 അപ്പോൾ യാക്കോബ് ഏറ്റവും ഭ്രമിച്ചു ഭയവശനായി, തന്നോടു കൂടെ ഉണ്ടായിരുന്ന ജനത്തെയും ആടുകളെയും കന്നുകാലികളെയും ഒട്ടകങ്ങളെയും രണ്ടു കൂട്ടമായി വിഭാഗിച്ചു.
  • 8 ഏശാവ് ഒരു കൂട്ടത്തിന്റെ നേരെ വന്നു അതിനെ നശിപ്പിച്ചാൽ മറ്റേ കൂട്ടത്തിന്നു ഓടിപ്പോകാമല്ലോ എന്നു പറഞ്ഞു.
  • 9 പിന്നെ യാക്കോബ് പ്രാർത്ഥിച്ചതു: എന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും എന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവവുമായുള്ളോവേ, നിന്റെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിനക്കു നന്മ ചെയ്യുമെന്നു എന്നൊടു അരുളിച്ചെയ്ത യഹോവേ,
  • 10 അടിയനോടു കാണിച്ചിരിക്കുന്ന സകലദയെക്കും സകലവിശ്വസ്തതെക്കും ഞാൻ അപാത്രമത്രേ; ഒരു വടിയോടുകൂടെ മാത്രമല്ലോ ഞാൻ ഈ യോർദ്ദാൻ കടന്നതു; ഇപ്പോഴോ ഞാൻ രണ്ടു കൂട്ടമായി തീർന്നിരിക്കുന്നു.
  • 11 എന്റെ സഹോദരനായ ഏശാവിന്റെ കയ്യിൽനിന്നു എന്നെ രക്ഷിക്കേണമേ; പക്ഷേ അവൻ വന്നു എന്നെയും മക്കളോടുകൂടെ തള്ളയെയും നശിപ്പിക്കും എന്നു ഞാൻ ഭയപ്പെടുന്നു.
  • 12 നീയോ: ഞാൻ നിന്നോടു നന്മ ചെയ്യും; നിന്റെ സന്തതിയെ പെരുപ്പംകൊണ്ടു എണ്ണിക്കൂടാത്ത കടൽകരയിലെ മണൽപോലെ ആക്കുമെന്നു അരുളിച്ചെയ്തുവല്ലോ.
  • 13 അന്നു രാത്രി അവൻ അവിടെ പാർത്തു; തന്റെ പക്കൽ ഉള്ളതിൽ തന്റെ സഹോദരനായ ഏശാവിന്നു സമ്മാനമായിട്ടു
  • 14 ഇരുനൂറു കോലാടിനെയും ഇരുപതു കോലാട്ടുകൊറ്റനെയും ഇരുനൂറു ചെമ്മരിയാടിനെയും ഇരുപതു ചെമ്മരിയാട്ടുകൊറ്റനെയും
  • 15 കറവുള്ള മുപ്പതു ഒട്ടകത്തെയും അവയുടെ കുട്ടികളെയും നാല്പതു പശുവിനെയും പത്തു കാളയെയും ഇരുപതു പെൺകഴുതയെയും പത്തു കഴുതക്കുട്ടിയെയും വേർതിരിച്ചു.
  • 16 തന്റെ ദാസന്മാരുടെ പക്കൽ ഓരോ കൂട്ടത്തെപ്രത്യേകം പ്രത്യേകമായി ഏല്പിച്ചു, തന്റെ ദാസന്മാരോടു: നിങ്ങൾ എനിക്കു മുമ്പായി കടന്നുപോയി അതതു കൂട്ടത്തിന്നു മദ്ധ്യേ ഇടയിടുവിൻ എന്നു പറഞ്ഞു.
  • 17 ഒന്നാമതു പോകുന്നവനോടു അവൻ: എന്റെ സഹോദരനായ ഏശാവ് നിന്നെ കണ്ടു: നീ ആരുടെ ആൾ? എവിടെ പോകുന്നു? നിന്റെ മുമ്പിൽ പോകുന്ന ഇവ ആരുടെ വക എന്നിങ്ങനെ നിന്നോടു ചോദിച്ചാൽ:
  • 18 നിന്റെ അടിയാൻ യാക്കോബിന്റെ വക ആകുന്നു; ഇതു യജമാനനായ ഏശാവിന്നു അയച്ചിരിക്കുന്ന സമ്മാനം; അതാ, അവനും പിന്നാലെ വരുന്നു എന്നു നീ പറയേണം എന്നു കല്പിച്ചു.
  • 19 രണ്ടാമത്തവനോടും മൂന്നാമത്തവനോടും കൂട്ടങ്ങളെ നടത്തിക്കൊണ്ടു പോകുന്ന എല്ലാവരോടും: നിങ്ങൾ ഏശാവിനെ കാണുമ്പോൾ ഇപ്രകാരം അവനോടുപറവിൻ;
  • 20 അതാ, നിന്റെ അടിയാൻ യാക്കോബ് പിന്നാലെ വരുന്നു എന്നും പറവിൻ എന്നു അവൻ കല്പിച്ചു. എനിക്കു മുമ്പായിപോകുന്ന സമ്മാനംകൊണ്ടു അവനെ ശാന്തമാക്കീട്ടു പിന്നെ ഞാൻ അവന്റെ മുഖം കണ്ടുകൊള്ളാം; പക്ഷേ അവന്നു എന്നോടു ദയ തോന്നുമായിരിക്കും എന്നു പറഞ്ഞു.
  • 21 അങ്ങനെ സമ്മാനം അവന്റെ മുമ്പായി പോയി; അവനോ അന്നു രാത്രി കൂട്ടത്തോടുകൂടെ പാർത്തു.
  • 22 രാത്രിയിൽ അവൻ എഴുന്നേറ്റു. തന്റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസിമാരെയും പതിനൊന്നു പുത്രന്മാരയും കൂട്ടി യാബ്ബോൿ കടവു കടന്നു.
  • 23 അങ്ങനെ അവൻ അവരെ കൂട്ടി ആറ്റിന്നക്കരെ കടത്തി; തനിക്കുള്ളതൊക്കെയും അക്കരെ കടത്തിയശേഷം യാക്കോബ് തനിയേ ശേഷിച്ചു;
  • 24 അപ്പോൾ ഒരു പുരുഷൻ ഉഷസ്സാകുവോളം അവനോടു മല്ലു പിടിച്ചു.
  • 25 അവനെ ജയിക്കയില്ല എന്നു കണ്ടപ്പോൾ അവൻ അവന്റെ തുടയുടെ തടം തൊട്ടു; ആകയാൽ അവനോടു മല്ലുപിടിക്കയിൽ യാക്കോബിന്റെ തുടയുടെ തടം ഉളുക്കിപ്പോയി.
  • 26 എന്നെ വിടുക; ഉഷസ്സു ഉദിക്കുന്നുവല്ലോ എന്നു അവൻ പറഞ്ഞതിന്നു: നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല എന്നു അവൻ പറഞ്ഞു.
  • 27 നിന്റെ പേർ എന്തു എന്നു അവൻ അവനോടു ചോദിച്ചതിന്നു: യാക്കോബ് എന്നു അവൻ പറഞ്ഞു.
  • 28 നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്നു അവൻ പറഞ്ഞു.
  • 29 യാക്കോബ് അവനോടു: നിന്റെ പേർ എനിക്കു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു: നീ എന്റെ പേർ ചോദിക്കുന്നതു എന്തു എന്നു അവൻ പറഞ്ഞു, അവിടെവെച്ചു അവനെ അനുഗ്രഹിച്ചു.
  • 30 ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വിന്നില്ല എന്നു യാക്കോബ് പറഞ്ഞു, ആ സ്ഥലത്തിന്നു പെനീയേൽ എന്നു പേരിട്ടു.
  • 31 അവൻ പെനീയേൽ കടന്നു പോകുമ്പോൾ സൂര്യൻ ഉദിച്ചു; എന്നാൽ തുടയുടെ ഉളുക്കുനിമിത്തം അവൻ മുടന്തിനടന്നു.
  • 32 അവൻ യാക്കോബിന്റെ തുടയുടെ തടത്തിലെ ഞരമ്പു തൊടുകകൊണ്ടു യിസ്രായേൽമക്കൾ ഇന്നുവരെയും തുടയുടെ തടത്തിലെ ഞരമ്പു തിന്നാറില്ല.