wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ഹബക്കൂക്‍അദ്ധ്യായം 3
  • 1 വിഭ്രമരാഗത്തിൽ ഹബക്കൂൿ പ്രവാചകന്റെ ഒരു പ്രാർത്ഥനാഗീതം.
  • 2 യഹോവേ, ഞാൻ നിന്റെ കേൾവി കേട്ടു ഭയപ്പെട്ടുപോയി; യഹോവേ, ആണ്ടുകൾ കഴിയുംമുമ്പെ നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ; ആണ്ടുകൾ കഴിയുംമുമ്പെ അതിനെ വെളിപ്പെടുത്തേണമേ; ക്രോധത്തിങ്കൽ കരുണ ഓർക്കേണമേ.
  • 3 ദൈവം തേമാനിൽനിന്നും പരിശുദ്ധൻ പാറാൻ പർവ്വതത്തിൽനിന്നും വരുന്നു. സേലാ. അവന്റെ പ്രഭ ആകാശത്തെ മൂടുന്നു; അവന്റെ സ്തുതിയാൽ ഭൂമി നിറഞ്ഞിരിക്കുന്നു.
  • 4 സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായ്‍വരുന്നു; കിരണങ്ങൾ അവന്റെ പാർശ്വത്തുനിന്നു പുറപ്പെടുന്നു; അവിടെ അവന്റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു.
  • 5 മഹാമാരി അവന്റെ മുമ്പിൽ നടക്കുന്നു; ജ്വരാഗ്നി അവന്റെ പിന്നാലെ ചെല്ലുന്നു.
  • 6 അവൻ നിന്നു ഭൂമിയെ കുലുക്കുന്നു; അവൻ നോക്കി ജാതികളെ ചിതറിക്കുന്നു; ശാശ്വതപർവ്വതങ്ങൾ പിളർന്നുപോകുന്നു; പുരാതനഗിരികൾ വണങ്ങി വീഴുന്നു; അവൻ പുരാതനപാതകളിൽ നടക്കുന്നു.
  • 7 ഞാൻ കൂശാന്റെ കൂടാരങ്ങളെ അനർത്ഥത്തിൽ കാണുന്നു; മിദ്യാൻ ദേശത്തിലെ തിരശ്ശീലകൾ വിറെക്കുന്നു.
  • 8 യഹോവ നദികളോടു നീരസപ്പെട്ടിരിക്കുന്നുവോ? നിന്റെ കോപം നദികളുടെ നേരെ വരുന്നുവോ? നീ കുതരിപ്പുറത്തും ജയരഥത്തിലും കയറിയിരിക്കയാൽ നിന്റെ ക്രോധം സമുദ്രത്തിന്റെ നേരെ ഉള്ളതോ?
  • 9 നിന്റെ വില്ലു മുറ്റും അനാവൃതമായിരിക്കുന്നു; വചനത്തിന്റെ ദണ്ഡനങ്ങൾ ആണകളോടുകൂടിയിരിക്കുന്നു. സേലാ. നീ ഭൂമിയെ നദികളാൽ പിളർക്കുന്നു.
  • 10 പർവ്വതങ്ങൾ നിന്നെ കണ്ടു വിറെക്കുന്നു; വെള്ളത്തിന്റെ പ്രവാഹം കടന്നുപോകുന്നു; ആഴി മുഴക്കം പുറപ്പെടുവിക്കുന്നു; ഉയരത്തിലേക്കു കൈ ഉയർത്തുന്നു.
  • 11 നിന്റെ അസ്ത്രങ്ങൾ പായുന്ന പ്രകാശത്തിങ്കലും മിന്നിച്ചാടുന്ന കുന്തത്തിന്റെ ശോഭയിങ്കലും സൂര്യനും ചന്ദ്രനും സ്വഗൃഹത്തിൽ നില്ക്കുന്നു.
  • 12 ക്രോധത്തോടെ നീ ഭൂമിയിൽ ചവിട്ടുന്നു; കോപത്തോടെ ജാതികളെ മെതിക്കുന്നു.
  • 13 നിന്റെ ജനത്തിന്റെ രക്ഷെക്കായിട്ടും നിന്റെ അഭിഷിക്തന്റെ രക്ഷെക്കായിട്ടും നീ പുറപ്പെടുന്നു; നീ ദുഷ്ടന്റെ വീട്ടിൽനിന്നു മോന്തായം തകർത്തു, അടിസ്ഥാനത്തെ കഴുത്തോളം അനാവൃതമാക്കുന്നു. സേലാ.
  • 14 നീ അവന്റെ കുന്തങ്ങൾകൊണ്ടു അവന്റെ യോദ്ധാക്കളുടെ തല കുത്തിത്തുളെക്കുന്നു; എന്നെ ചിതറിക്കേണ്ടതിന്നു അവർ ചുഴലിക്കാറ്റുപോലെ വരുന്നു; എളിയവനെ മറവിൽവെച്ചു വിഴുങ്ങുവാൻ പോകുന്നതുപോലെ അവർ ഉല്ലസിക്കുന്നു.
  • 15 നിന്റെ കുതിരകളോടുകൂടെ നീ സമുദ്രത്തിൽ, പെരുവെള്ളക്കൂട്ടത്തിൽ തന്നേ, നടകൊള്ളുന്നു.
  • 16 ഞാൻ കേട്ടു എന്റെ ഉദരം കുലുങ്ങിപ്പോയി, മുഴക്കം ഹേതുവായി എന്റെ അധരം വിറെച്ചു; അവൻ ജനത്തെ ആക്രമിപ്പാൻ പുറപ്പെടുമ്പോൾ കഷ്ടദിവസത്തിൽ ഞാൻ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ടു എന്റെ അസ്ഥികൾക്കു ഉരുക്കം തട്ടി, ഞാൻ നിന്ന നിലയിൽ വിറെച്ചുപോയി.
  • 17 അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻ കൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല.
  • 18 എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.
  • 19 യഹോവയായ കർത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻ കാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു. സംഗീതപ്രമാണിക്കു തന്ത്രിനാദത്തോടെ.