wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ഹോശേയഅദ്ധ്യായം 1
  • 1 ഉസ്സീയാവു, യോഥാം ആഹാസ്, ഹിസ്കീയാവു എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തും യിസ്രായേൽരാജാവായി യോവാശിന്റെ മകനായ യൊരോബെയാമിന്റെ കാലത്തും ബെയേരിയുടെ മകനായ ഹോശേയെക്കു ഉണ്ടായ യഹോവയുടെ അരുളപ്പാടു.
  • 2 യഹോവ ഹോശേയമുഖാന്തരം സംസാരിച്ചു തുടങ്ങിയപ്പോൾ, യഹോവ ഹോശേയയോടു: നീ ചെന്നുപരസംഗം ചെയ്യുന്ന ഒരു ഭാര്യയെയും പരസംഗത്തിൽ ജനിച്ച മക്കളെയും എടുക്ക; ദേശം യഹോവയെ വിട്ടുമാറി കഠിന പരസംഗം ചെയ്തിരിക്കുന്നുവല്ലോ എന്നു കല്പിച്ചു.
  • 3 അങ്ങനെ അവൻ ചെന്നു ദിബ്ളയീമിന്റെ മകളായ ഗോമരിനെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു അവന്നു ഒരു മകനെ പ്രസവിച്ചു.
  • 4 യഹോവ അവനോടു: അവന്നു യിസ്രെയേൽ (ദൈവം വിതെക്കും) എന്നു പേർവിളിക്ക; ഇനി കുറെക്കാലം കഴിഞ്ഞിട്ടു ഞാൻ യിസ്രെയേലിന്റെ രക്തപാതകങ്ങളെ യേഹൂഗൃഹത്തോടു സന്ദർശിച്ചു യിസ്രായേൽഗൃഹത്തിന്റെ രാജത്വം ഇല്ലാതെയാക്കും;
  • 5 അന്നാളിൽ ഞാൻ യിസ്രെയേൽ താഴ്വരയിൽവെച്ചു യിസ്രായേലിന്റെ വില്ലു ഒടിച്ചുകളയും എന്നു അരുളിച്ചെയ്തു.
  • 6 അവൾ പിന്നെയും ഗർഭംധരിച്ചു ഒരു മകളെ പ്രസവിച്ചു. യഹോവ അവനോടു: അവൾക്കു ലോരൂഹമാ (കരുണ ലഭിക്കാത്തവൾ) എന്നു പേർ വിളിക്ക; ഞാൻ ഇനി യിസ്രായേൽഗൃഹത്തോടു ക്ഷമിപ്പാൻ തക്കവണ്ണം അവരോടു ഒട്ടും കരുണ കാണിക്കയില്ല.
  • 7 എന്നാൽ യെഹൂദാഗൃഹത്തോടു ഞാൻ കരുണ കാണിച്ചു, അവരെ വില്ലുകൊണ്ടോ വാൾകൊണ്ടോ യുദ്ധംകൊണ്ടോ കുതിരകളെക്കൊണ്ടോ കുതിരച്ചേവകരെക്കൊണ്ടോ രക്ഷിക്കാതെ അവരുടെ ദൈവമായ യഹോവയെക്കൊണ്ടു അവരെ രക്ഷിക്കും എന്നു അരുളിച്ചെയ്തു.
  • 8 അവൾ ലോരൂഹമയെ മുലകുടി മാറ്റിയശേഷം ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു.
  • 9 അപ്പോൾ യഹോവ: അവന്നു ലോ-അമ്മീ (എന്റെ ജനമല്ല) എന്നു പേർ വിളിക്ക; നിങ്ങൾ എന്റെ ജനമല്ല, ഞാൻ നിങ്ങൾക്കു ദൈവമായിരിക്കയുമില്ല എന്നു അരുളിച്ചെയ്തു.
  • 10 എങ്കിലും യിസ്രായേൽമക്കളുടെ സംഖ്യ അളക്കുവാനും എണ്ണുവാനും കഴിയാത്ത കടൽക്കരയിലെ പൂഴിപോലെ ഇരിക്കും; നിങ്ങൾ എന്റെ ജനമല്ല എന്നു അവരോടു അരുളിച്ചെയ്തതിന്നു പകരം നിങ്ങൾ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു അവരോടു പറയും.
  • 11 യെഹൂദാമക്കളും യിസ്രായേൽമക്കളും ഒന്നിച്ചുകൂടി തങ്ങൾക്കു ഒരേ തലവനെ നിയമിച്ചു ദേശത്തുനിന്നു പുറപ്പെട്ടുപോകും; യിസ്രെയേലിന്റെ നാൾ വലുതായിരിക്കുമല്ലോ.