wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ഹോശേയഅദ്ധ്യായം 7
  • 1 ഞാൻ യിസ്രായേലിന്നു ചികിത്സ ചെയ്യുമ്പോൾ, എഫ്രയീമിന്റെ അകൃത്യവും ശമർയ്യയുടെ ദുഷ്ടതയും വെളിപ്പെട്ടുവരുന്നു; അവർ വ്യാജം പ്രവർത്തിക്കുന്നു; അകത്തു കള്ളൻ കടക്കുന്നു; പുറത്തു കവർച്ചക്കാരുടെ കൂട്ടം കൊള്ളയിടുന്നു.
  • 2 അവരുടെ ദുഷ്ടതയൊക്കെയും ഞാൻ ഓർക്കുന്നു എന്നു അവർ മനസ്സിൽ വിചാരിക്കുന്നില്ല, ഇപ്പോൾ അവരുടെ സ്വന്തപ്രവർത്തികൾ അവരെ ചുറ്റിയിരിക്കുന്നു; അവ എന്റെ മുമ്പാകെ ഇരിക്കുന്നു.
  • 3 അവർ ദുഷ്ടതകൊണ്ടു രാജാവിനെയും ഭോഷ്കുകൊണ്ടു പ്രഭുക്കന്മാരെയും സന്തോഷിപ്പിക്കുന്നു.
  • 4 അവർ എല്ലാവരും വ്യഭിചാരികൾ ആകുന്നു; അപ്പക്കാരൻ ചൂടുപിടിപ്പിക്കുന്ന അപ്പക്കൂടുപോലെ ഇരിക്കുന്നു; മാവു കുഴെച്ചതുമുതൽ അതു പുളിക്കുവോളം തീയെരിക്കാതിരിക്കും.
  • 5 നമ്മുടെ രാജാവിന്റെ ദിവസത്തിൽ പ്രഭുക്കന്മാർക്കു വീഞ്ഞിന്റെ ഉഷ്ണത്താൽ ദീനം പിടിക്കുന്നു; അവൻ പരിഹാസികളോടുകൂടെ കൈ നീട്ടുന്നു.
  • 6 അവർ പതിയിരിക്കുന്ന സമയത്തു തങ്ങളുടെ ഹൃദയത്തെ അപ്പക്കൂടുപോലെ ഒരുക്കിയിരിക്കുന്നു; അവരുടെ അപ്പക്കാരൻ രാത്രി മുഴുവനും ഉറങ്ങുന്നു; രാവിലെ അതു ജ്വലിക്കുന്ന തീപോലെ കത്തുന്നു.
  • 7 അവരൊക്കെയും അപ്പക്കൂടുപോലെ ചൂടുപിടിച്ചു, തങ്ങളുടെ ന്യായാധിപതിമാരെ തിന്നുകളയുന്നു; അവരുടെ രാജാക്കന്മാർ ഒക്കെയും വീണിരിക്കുന്നു; അവരുടെ ഇടയിൽ എന്നോടു അപേക്ഷിക്കുന്നവൻ ആരുമില്ല.
  • 8 എഫ്രയീം ജാതികളോടു ഇടകലർന്നിരിക്കുന്നു; എഫ്രയീം മറിച്ചിടാത്ത ദോശ ആകുന്നു.
  • 9 അന്യജാതികൾ അവന്റെ ബലം തിന്നുകളഞ്ഞു എങ്കിലും അവൻ അറിയുന്നില്ല; അവന്നു അവിടവിടെ നരെച്ചിരിക്കുന്നു എങ്കിലും അവൻ അറിയുന്നില്ല.
  • 10 യിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്തു സാക്ഷീകരിക്കുന്നു; എന്നാൽ അവർ തങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ മടങ്ങിവന്നിട്ടില്ല; ഇതിൽ ഒക്കെയും അവനെ അന്വേഷിച്ചിട്ടും ഇല്ല.
  • 11 എഫ്രയീം ബുദ്ധിയില്ലാത്ത പൊട്ടപ്രാവുപോലെ ആകുന്നു; അവർ മിസ്രയീമിനെ വിളിക്കയും അശ്ശൂരിലേക്കു പോകയും ചെയ്യന്നു.
  • 12 അവർ പോകുമ്പോൾ ഞാൻ എന്റെ വല അവരുടെ മേൽ വീശും; ഞാൻ അവരെ ആകാശത്തിലെ പറവകളെപ്പോലെ താഴെ വരുത്തും; അവരുടെ സഭയെ കേൾപ്പിച്ചതുപോലെ ഞാൻ അവരെ ശിക്ഷിക്കും.
  • 13 അവർ എന്നെ വിട്ടു ഓടിപ്പോയതുകൊണ്ടു അവർക്കു അയ്യോ കഷ്ടം; അവർ എന്നോടു അതിക്രമം ചെയ്കകൊണ്ടു അവർക്കു നാശം; ഞാൻ അവരെ വീണ്ടെടുപ്പാൻ വിചാരിച്ചിട്ടും അവർ എന്നോടു ഭോഷ്കു സംസാരിക്കുന്നു.
  • 14 അവർ ഹൃദയപൂർവ്വം എന്നോടു നിലവിളിക്കാതെ കിടക്കയിൽവെച്ചു മുറയിടുന്നു; അവർ ധാന്യവും വീഞ്ഞും നിമിത്തം ഒന്നിച്ചുകൂടുന്നു; അവർ എന്നോടു മത്സരിക്കുന്നു.
  • 15 ഞാൻ അവരുടെ ഭുജങ്ങളെ അഭ്യസിപ്പിച്ചു ബലപ്പെടുത്തീട്ടും അവർ എന്റെ നേരെ ദോഷം നിരൂപിക്കുന്നു.
  • 16 അവർ തിരിയുന്നു, മേലോട്ടു അല്ലതാനും; അവർ വഞ്ചനയുള്ള വില്ലുപോലെ ആകുന്നു; അവരുടെ പ്രഭുക്കന്മാർ നാവിന്റെ ക്രോധംനിമിത്തം വാളുകൊണ്ടു വീഴും; അതു മിസ്രയീംദേശത്തു അവർക്കു പരിഹാസഹേതുവായ്തീരും.