wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


യെശയ്യാഅദ്ധ്യായം 3
  • 1 സൈന്യങ്ങളുടെ യഹോവയായ കർത്താവു യെരൂശലേമിൽനിന്നും യെഹൂദയിൽനിന്നും ആധാരവും ആശ്രയവും, അപ്പം എന്ന ആധാരമൊക്കെയും വെള്ളം എന്ന ആധാരമൊക്കെയും
  • 2 വീരൻ, യോദ്ധാവു, ന്യായാധിപതി, പ്രവാചകൻ, പ്രശ്നക്കാരൻ, മൂപ്പൻ,
  • 3 അമ്പതുപേർക്കു അധിപതി, മാന്യൻ, മന്ത്രി, കൌശലപ്പണിക്കാരൻ, മന്ത്രവാദി എന്നിവരെയും നീക്കിക്കളയും.
  • 4 ഞാൻ ബാലന്മാരെ അവർക്കു പ്രഭുക്കന്മാരാക്കി വെക്കും; ശിശുക്കൾ അവരെ വാഴും.
  • 5 ഒരുത്തൻ മറ്റൊരുവനെയും ഒരാൾ തന്റെ കൂട്ടുകാരനെയും ഇങ്ങനെ ജനം അന്യോന്യം പീഡിപ്പിക്കും; ബാലൻ വൃദ്ധനോടും നീചൻ മാന്യനോടും കയർക്കും.
  • 6 ഒരുത്തൻ തന്റെ പിതൃഭവനത്തിലെ സഹോദരനെ പിടിച്ചു: നിനക്കു മേലങ്കിയുണ്ടു; നീ ഞങ്ങളുടെ അധിപതി ആയിരിക്ക; ഈ ശൂന്യ ശിഷ്ടം നിന്റെ കൈവശം ഇരിക്കട്ടെ എന്നു പറയും.
  • 7 അവൻ അന്നു കൈ ഉയർത്തിക്കൊണ്ടു: വൈദ്യനായിരിപ്പാൻ എനിക്കു മനസ്സില്ല; എന്റെ വീട്ടിൽ ആഹാരവുമില്ല, വസ്ത്രവുമില്ല; എന്നെ ജനത്തിന്നു അധിപതിയാക്കരുതു എന്നു പറയും.
  • 8 യഹോവയുടെ തേജസ്സുള്ള കണ്ണിന്നു വെറുപ്പുതോന്നുവാൻ തക്കവണ്ണം അവരുടെ നാവുകളും പ്രവൃത്തികളും അവന്നു വിരോധമായിരിക്കയാൽ യെരൂശലേം ഇടിഞ്ഞുപോകും; യെഹൂദാ വീണുപോകും.
  • 9 അവരുടെ മുഖഭാവം അവർക്കു വിരോധമായി സാക്ഷീകരിക്കുന്നു; അവർ സൊദോംപോലെ തങ്ങളുടെ പാപത്തെ പരസ്യമാക്കുന്നു; അതിനെ മറെക്കുന്നതുമില്ല; അവർക്കു അയ്യോ കഷ്ടം! അവർ തങ്ങൾക്കു തന്നേ ദോഷം വരുത്തുന്നു.
  • 10 നീതിമാനെക്കുറിച്ചു: അവന്നു നന്മവരും എന്നു പറവിൻ; തങ്ങളുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും.
  • 11 ദുഷ്ടന്നു അയ്യോ കഷ്ടം! അവന്നു ദോഷം വരും; അവന്റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും.
  • 12 എന്റെ ജനമോ, കുട്ടികൾ അവരെ പീഡിപ്പിക്കുന്നു; സ്ത്രീകൾ അവരെ വാഴുന്നു; എന്റെ ജനമേ, നിന്നെ നടത്തുന്നവർ നിന്നെ വഴിതെറ്റിക്കുന്നു; നീ നടക്കേണ്ടുന്ന വഴി അവർ നശിപ്പിക്കുന്നു.
  • 13 യഹോവ വ്യവഹരിപ്പാൻ എഴുന്നേറ്റു വംശങ്ങളെ വിധിപ്പാൻ നില്ക്കുന്നു.
  • 14 യഹോവ തന്റെ ജനത്തിന്റെ മൂപ്പന്മാരോടും പ്രഭുക്കന്മാരോടും ന്യായവിസ്താരത്തിൽ പ്രവേശിക്കും; നിങ്ങൾ മുന്തിരിത്തോട്ടം തിന്നുകളഞ്ഞു; എളിയവരോടു കവർന്നെടുത്തതു നിങ്ങളുടെ വീടുകളിൽ ഉണ്ടു;
  • 15 എന്റെ ജനത്തെ തകർത്തുകളവാനും എളിയവരെ ദുഃഖിപ്പിപ്പാനും നിങ്ങൾക്കു എന്തു കാര്യം എന്നും സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാടു.
  • 16 യഹോവ പിന്നെയും അരുളിച്ചെയ്തതെന്തെന്നാൽ: സീയോൻ പുത്രിമാർ നിഗളിച്ചു കഴുത്തു നീട്ടിയും എറികണ്ണിട്ടുംകൊണ്ടു സഞ്ചരിക്കയും തത്തിത്തത്തി നടക്കയും കാൽകൊണ്ടു ചിലമ്പൊലി കേൾപ്പിക്കുകയും ചെയ്യുന്നു.
  • 17 ഇതുനിമിത്തം യഹോവ സീയോൻ പുത്രിമാരുടെ നെറുകെക്കു ചൊറി പിടിപ്പിക്കും; യഹോവ അവരുടെ ഗുഹ്യപ്രദേശങ്ങളെ നഗ്നമാക്കും.
  • 18 അന്നു കർത്താവു അവരുടെ കാൽച്ചിലമ്പുകളുടെ അലങ്കാരം,
  • 19 അവരുടെ നെറ്റിപ്പട്ടം, ചന്ദ്രക്കല, കാതില, കടകം, കവണി,
  • 20 തലപ്പാവു, കാൽത്തള, പട്ടുകച്ച, പരിമളപ്പെട്ടി,
  • 21 തകിട്ടുകൂടു, മോതിരം, മൂകൂത്തി,
  • 22 ഉത്സവ വസ്ത്രം, മേലാട, ശാല്വാ, ചെറുസഞ്ചി, ദർപ്പണം, ക്ഷോമപടം,
  • 23 കല്ലാവു, മൂടുപടം എന്നിവ നീക്കിക്കളയും.
  • 24 അപ്പോൾ സുഗന്ധത്തിന്നു പകരം ദുർഗ്ഗന്ധവും അരക്കച്ചെക്കു പകരം കയറും പുരികുഴലിന്നു പകരം കഷണ്ടിയും ഉടയാടെക്കു പകരം രട്ടും സൌന്ദര്യത്തിന്നു പകരം കരിവാളിപ്പും ഉണ്ടാകും.
  • 25 നിന്റെ പുരുഷന്മാർ വാളിനാലും നിന്റെ വീരന്മാർ യുദ്ധത്തിലും വീഴും.
  • 26 അതിന്റെ വാതിലുകൾ വിലപിച്ചു ദുഃഖിക്കും; അതു ശൂന്യമായി നിലത്തു കിടക്കും.