wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


യെശയ്യാഅദ്ധ്യായം 6
  • 1 ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു.
  • 2 സാറാഫുകൾ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു.
  • 3 ഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു.
  • 4 അവർ ആർക്കുന്ന ശബ്ദത്താൽ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങൾ കുലുങ്ങി ആലയം പുകകൊണ്ടു നിറഞ്ഞു.
  • 5 അപ്പോൾ ഞാൻ: എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നും പറഞ്ഞു.
  • 6 അപ്പോൾ സാറാഫുകളിൽ ഒരുത്തൻ യാഗപീഠത്തിൽ നിന്നു കൊടിൽകൊണ്ടു ഒരു തീക്കനൽ എടുത്തു കയ്യിൽ പിടിച്ചുകൊണ്ടു എന്റെ അടുക്കൽ പറന്നുവന്നു,
  • 7 അതു എന്റെ വായക്കു തൊടുവിച്ചു: ഇതാ, ഇതു നിന്റെ അധരങ്ങളെ തൊട്ടതിനാൽ നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിന്നു പരിഹാരം വന്നിരിക്കുന്നു എന്നു പറഞ്ഞു.
  • 8 അനന്തരം ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ടു: അടയിൻ ഇതാ അടിയനെ അയക്കേണമേ എന്നു ഞാൻ പറഞ്ഞു.
  • 9 അപ്പോൾ അവൻ അരുളിച്ചെയ്തതു: നീ ചെന്നു, ഈ ജനത്തോടു പറയേണ്ടതു: നിങ്ങൾ കേട്ടുകൊണ്ടിട്ടും തിരിച്ചറികയില്ല; നിങ്ങൾ കണ്ടുകൊണ്ടിട്ടും ഗ്രഹിക്കയുമില്ല.
  • 10 ഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേൾക്കയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനസ്സു തിരിഞ്ഞു സൌഖ്യം പ്രാപിക്കയോ ചെയ്യാതെ ഇരിക്കേണ്ടതിന്നു നീ അവരുടെ ഹൃദയം തടിപ്പിക്കയും അവരുടെ ചെവി മന്ദമാക്കുകയും അവരുടെ കണ്ണു അടെച്ചുകളകയും ചെയ്ക.
  • 11 കർത്താവേ, എത്രത്തോളം? എന്നു ഞാൻ ചോദിച്ചതിന്നു അവൻ: പട്ടണങ്ങൾ നിവാസികളില്ലാതെയും വീടുകൾ ആളില്ലാതെയും ശൂന്യമായി ദേശം തീരെ പാഴായിപ്പോകയും
  • 12 യഹോവ മനുഷ്യരെ ദൂരത്തു അകറ്റീട്ടു ദേശത്തിന്റെ നടുവിൽ വലിയോരു നിർജ്ജനപ്രദേശം ഉണ്ടാകയും ചെയ്യുവോളം തന്നേ എന്നു ഉത്തരം പറഞ്ഞു.
  • 13 അതിൽ ഒരു ദശാംശം എങ്കിലും ശേഷിച്ചാൽ അതു വീണ്ടും നാശത്തിന്നു ഇരയായ്തീരും; എങ്കിലും കരിമരവും കരുവേലവും വെട്ടിയിട്ടാൽ അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.