wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


യെശയ്യാഅദ്ധ്യായം 15
  • 1 മോവാബിനെക്കുറിച്ചുള്ള പ്രവാചകം: ഒരു രാത്രിയിൽ മോവാബിലെ ആർപട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു; ഒരു രാത്രിയിൽ മോവാബിലെ കീർപട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു.
  • 2 ബയീത്തും ദീബോനും കരയേണ്ടതിന്നു പൂജാഗിരികളിൽ കയറിപ്പോയിരിക്കുന്നു; നെബോവിലും മേദെബയിലും മോവാബ് നിലവിളിക്കുന്നു; അവരുടെ തലയൊക്കെയും മൊട്ടയടിച്ചും താടിയൊക്കെയും കത്രിച്ചും ഇരിക്കന്നു.
  • 3 അവരുടെ വീഥികളിൽ അവർ രട്ടുടുത്തു നടക്കുന്നു; അവരുടെ പുരമുകളിലും വിശാലസ്ഥലങ്ങളിലും എല്ലാവരും മുറയിട്ടു കരയുന്നു.
  • 4 ഹെശ്ബോനും എലെയാലെയും നിലവിളിക്കുന്നു; അവരുടെ ഒച്ച യഹസ്വരെ കേൾക്കുന്നു; അതുകൊണ്ടു മോവാബിന്റെ ആയുധപാണികൾ അലറുന്നു; അവന്റെ പ്രാണൻ അവന്റെ ഉള്ളിൽ നടങ്ങുന്നു.
  • 5 എന്റെ ഹൃദയം മോവാബിനെക്കുറിച്ചു നിലവിളിക്കുന്നു; അതിലെ കുലീനന്മാർ സോവാരിലേക്കും എഗ്ളത്ത് ശെളീശീയയിലേക്കും ഓടിപ്പോകുന്നു ലൂഹീത്തിലേക്കുള്ള കയറ്റത്തിൽ കൂടി അവർ കരഞ്ഞുംകൊണ്ടു കയറിച്ചെല്ലുന്നു; ഹോരോനയീമിലേക്കുള്ള വഴിയിൽ അവർ നാശത്തിന്റെ നിലവിളി കൂട്ടുന്നു.
  • 6 നിമ്രീമിലെ ജലാശയങ്ങൾ വരണ്ടിരിക്കുന്നു; അതുകൊണ്ടു പുല്ലുണങ്ങി, ഇളമ്പുല്ലു വാടി, പച്ചയായതൊക്കെയും ഇല്ലാതെയായിരിക്കുന്നു.
  • 7 ആകയാൽ അവർ സ്വരൂപിച്ച സമ്പത്തും സംഗ്രഹിച്ചുവെച്ചതും അലരിത്തോട്ടിന്നക്കരെക്കു എടുത്തു കൊണ്ടുപോകുന്നു.
  • 8 നിലവിളി മോവാബിന്റെ അതൃത്തികളെ ചുറ്റിയിരിക്കുന്നു; അലർച്ച എഗ്ളയീംവരെയും കൂക്കൽ ബേർ-ഏലീംവരെയും എത്തിയിരിക്കുന്നു.
  • 9 ദീമോനിലെ ജലാശയങ്ങൾ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാൻ ദീമോന്റെമേൽ ഇതിലധികം വരുത്തും; മോവാബിൽനിന്നു ചാടിപ്പോയവരുടെമേലും ദേശത്തിൽ ശേഷിച്ചവരുടെമേലും ഞാൻ ഒരു സിംഹത്തെ വരുത്തും.