wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


യെശയ്യാഅദ്ധ്യായം 19
  • 1 മിസ്രയീമിനെക്കുറിച്ചുള്ള പ്രവാചകം: യഹോവ വേഗതയുള്ളോരു മേഘത്തെ വാഹനമാക്കി മിസ്രയീമിലേക്കു വരുന്നു; അപ്പോൾ മിസ്രയീമിലെ മിത്ഥ്യാമൂർത്തികൾ അവന്റെ സന്നിധിയിങ്കൽ നടുങ്ങുകയും മിസ്രയീമിന്റെ ഹൃദയം അതിന്റെ ഉള്ളിൽ ഉരുകുകയും ചെയ്യും.
  • 2 ഞാൻ മിസ്രയീമ്യരെ മിസ്രയീമ്യരോടു കലഹിപ്പിക്കും; അവർ ഓരോരുത്തൻ താന്താന്റെ സഹോദരനോടും ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടും പട്ടണം പട്ടണത്തോടും രാജ്യം രാജ്യത്തോടും യുദ്ധം ചെയ്യും.
  • 3 മിസ്രയീമിന്റെ ചൈതന്യം അതിന്റെ ഉള്ളിൽ ഒഴിഞ്ഞുപോകും; ഞാൻ അതിന്റെ ആലോചനയെ നശിപ്പിക്കും; അപ്പോൾ അവർ മിത്ഥ്യാമൂർത്തികളോടും മന്ത്രവാദികളോടും വെളിച്ചപ്പാടന്മാരോടും ലക്ഷണം പറയുന്നവരോടും അരുളപ്പാടു ചോദിക്കും.
  • 4 ഞാൻ മിസ്രയീമ്യരെ ഒരു ക്രൂരയജമാനന്റെ കയ്യിൽ ഏല്പിക്കും; ഉഗ്രനായ ഒരു രാജാവു അവരെ ഭരിക്കും എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു.
  • 5 സമുദ്രത്തിൽ വെള്ളം ഇല്ലാതെയാകും; നദി വറ്റി ഉണങ്ങിപ്പോകും.
  • 6 നദികൾക്കു നാറ്റം പിടിക്കും; മിസ്രയീമിലെ തോടുകൾ വറ്റി ഉണങ്ങും; ഞാങ്ങണയും വേഴവും വാടിപ്പോകും.
  • 7 നദിക്കരികെയും നദീതീരത്തും ഉള്ള പുൽപുറങ്ങളും നദീതീരത്തു വിതെച്ചതൊക്കെയും ഉണങ്ങി പറന്നു ഇല്ലാതെപോകും.
  • 8 മീൻപിടിക്കുന്നവർ വിലപിക്കും; നദിയിൽ ചൂണ്ടൽ ഇടുന്നവരൊക്കെയും ദുഃഖിക്കും; വെള്ളത്തിൽ വല വീശുന്നവർ വിഷാദിക്കും.
  • 9 ചീകി വെടിപ്പാക്കിയ ചണംകൊണ്ടു വേല ചെയ്യുന്നവരും വെള്ളത്തുണി നെയ്യുന്നവരും ലജ്ജിച്ചു പോകും.
  • 10 രാജ്യത്തിന്റെ തൂണുകളായിരിക്കുന്നവർ തകർന്നുപോകും; കൂലിവേലക്കാർ മനോവ്യസനത്തോടെയിരിക്കും.
  • 11 സോവനിലെ പ്രഭുക്കന്മാർ കേവലം ഭോഷന്മാരത്രേ; ഫറവോന്റെ ജ്ഞാനമേറിയ മന്ത്രിമാരുടെ ആലോചന ഭോഷത്വമായി തീർന്നിരിക്കുന്നു; ഞാൻ ജ്ഞാനികളുടെ മകൻ, പുരാതനരാജാക്കന്മാരുടെ മകൻ എന്നിപ്രകാരം നിങ്ങൾ ഫറവോനോടു പറയുന്നതു എങ്ങിനെ?
  • 12 നിന്റെ ജ്ഞാനികൾ എവിടെ? അവർ ഇപ്പോൾ നിനക്കു പറഞ്ഞുതരട്ടെ; സൈന്യങ്ങളുടെ യഹോവ മിസ്രയീമിനെക്കുറിച്ചു നിർണ്ണയിച്ചതു അവർ എന്തെന്നു ഗ്രഹിക്കട്ടെ.
  • 13 സോവനിലെ പ്രഭുക്കന്മാർ ഭോഷന്മാരായ്തീർന്നിരിക്കുന്നു; നോഫിലെ പ്രഭുക്കന്മാർ വഞ്ചിക്കപ്പെട്ടിരിക്കുന്നു; മിസ്രയീമിലെ ഗോത്രങ്ങളുടെ മൂലക്കല്ലായിരിക്കുന്നവർ അതിനെ തെറ്റിച്ചുകളഞ്ഞു.
  • 14 യഹോവ അതിന്റെ നടുവിൽ മനോവിഭ്രമം പകർന്നു; ലഹരിപിടിച്ചവൻ തന്റെ ഛർദ്ദിയിൽ ചാഞ്ചാടിനടക്കുന്നതു പോലെ അവർ മിസ്രയീമിനെ അതിന്റെ സകലപ്രവൃത്തിയിലും തെറ്റിനടക്കുമാറാക്കിയിരിക്കുന്നു.
  • 15 തലയോ വാലോ പനമ്പട്ടയോ പോട്ടപ്പുല്ലോ നിർവ്വഹിക്കേണ്ടുന്ന ഒരു പ്രവൃത്തിയും മിസ്രയീമിന്നുണ്ടായിരിക്കയില്ല.
  • 16 അന്നാളിൽ മിസ്രയീമ്യർ സ്ത്രീകൾക്കു തുല്യരായിരിക്കും; സൈന്യങ്ങളുടെ യഹോവ അവരുടെ നേരെ കൈ ഓങ്ങുന്നതുനിമിത്തം അവർ പേടിച്ചു വിറെക്കും.
  • 17 യെഹൂദാദേശം മിസ്രയീമിന്നു ഭയങ്കരമായിരിക്കും; അതിന്റെ പേർ പറഞ്ഞുകേൾക്കുന്നവരൊക്കെയും സൈന്യങ്ങളുടെ യഹോവ അതിന്നു വിരോധമായി നിർണ്ണയിച്ച നിർണ്ണയംനിമിത്തം ഭയപ്പെടും.
  • 18 അന്നാളിൽ മിസ്രയീംദേശത്തുള്ള അഞ്ചു പട്ടണങ്ങൾ കനാൻ ഭാഷ സംസാരിച്ചു സൈന്യങ്ങളുടെ യഹോവയോടു സത്യംചെയ്യും; ഒന്നിന്നു സൂര്യനഗരം (ഈർ ഹഹേരെസ്) എന്നു പേർ വിളിക്കപ്പെടും.
  • 19 അന്നാളിൽ മിസ്രയീംദേശത്തിന്റെ നടുവിൽ യഹോവെക്കു ഒരു യാഗപീഠവും അതിന്റെ അതൃത്തിയിൽ യഹോവെക്കു ഒരു തൂണും ഉണ്ടായിരിക്കും.
  • 20 അതു മിസ്രയീംദേശത്തു സൈന്യങ്ങളുടെ യഹോവെക്കു ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും; പീഡകന്മാർ നിമിത്തം അവർ യഹോവയോടു നിലവിളിക്കും; അവൻ അവർക്കു ഒരു രക്ഷകനെ അയക്കും; അവൻ പെരുതു അവരെ വിടുവിക്കും.
  • 21 അങ്ങനെ യഹോവ മിസ്രയീമിന്നു തന്നെ വെളിപ്പെടുത്തുകയും മിസ്രയീമ്യർ അന്നു യഹോവയെ അറിഞ്ഞു യാഗവും വഴിപാടും കഴിക്കയും യഹോവെക്കു ഒരു നേർച്ച നേർന്നു അതിനെ നിവർത്തിക്കയും ചെയ്യും.
  • 22 യഹോവ മിസ്രയീമിനെ അടിക്കും; അടിച്ചിട്ടു അവൻ വീണ്ടും അവരെ സൌഖ്യമാക്കും; അവർ യഹോവയിങ്കലേക്കു തിരികയും അവൻ അവരുടെ പ്രാർത്ഥന കേട്ടു അവരെ സൌഖ്യമാക്കുകയും ചെയ്യും.
  • 23 അന്നാളിൽ മിസ്രയീമിൽനിന്നു അശ്ശൂരിലേക്കു ഒരു പെരുവഴി ഉണ്ടാകും; അശ്ശൂർയ്യർ മിസ്രയീമിലേക്കും മിസ്രയീമ്യർ അശ്ശൂരിലേക്കും ചെല്ലും; മിസ്രയീമ്യർ അശ്ശൂർയ്യരോടുകൂടെ ആരാധന കഴിക്കും.
  • 24 അന്നാളിൽ യിസ്രായേൽ ഭൂമിയുടെ മദധ്യേ ഒരു അനുഗ്രഹമായി മിസ്രയീമിനോടും അശ്ശൂരിനോടുംകൂടെ മൂന്നാമതായിരിക്കും.
  • 25 സൈന്യങ്ങളുടെ യഹോവ അവരെ അനുഗ്രഹിച്ചു; എന്റെ ജനമായ മിസ്രയീമും എന്റെ കൈകളുടെ പ്രവൃത്തിയായ അശ്ശൂരും എന്റെ അവകാശമായ യിസ്രായേലും അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു അരുളിച്ചെയ്യും.