wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


യെശയ്യാഅദ്ധ്യായം 21
  • 1 സമുദ്രതീരത്തെ മരുഭൂമിയെക്കുറിച്ചുള്ള പ്രവാചകം: തെക്കു ചുഴലിക്കാറ്റു അടിക്കുന്നതുപോലെ, അതു മരുഭൂമിയിൽനിന്നു ഭയങ്കരദേശത്തുനിന്നു തന്നേ വരുന്നു!
  • 2 കഠിനമായോരു ദർശനം എനിക്കു വെളിപ്പെട്ടിരിക്കുന്നു; ദ്രോഹി ദ്രോഹം ചെയ്യുന്നു; കവർച്ചക്കാരൻ കവർച്ച ചെയ്യുന്നു. ഏലാമേ, കയറിച്ചെല്ലുക, മേദ്യയേ, നിരോധിച്ചുകൊൾക; അതിന്റെ ഞരക്കമൊക്കെയും ഞാൻ നിർത്തിക്കളയും.
  • 3 അതുകൊണ്ടു എന്റെ അരയിൽ വേദന നിറഞ്ഞിരിക്കുന്നു; നോവു കിട്ടിയ സ്ത്രീയുടെ നോവുപോലെയുള്ള വേദന എന്നെ പിടിച്ചിരിക്കുന്നു; എനിക്കു ചെവി കേട്ടുകൂടാതവണ്ണം ഞാൻ അതിവേദനപ്പെട്ടിരിക്കുന്നു; കണ്ണു കാണാതവണ്ണം ഞാൻ പരിഭ്രമിച്ചിരിക്കുന്നു.
  • 4 എന്റെ ഹൃദയം പതറുന്നു; ഭീതി എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; ഞാൻ കാംക്ഷിച്ച സന്ധ്യാസമയം അവൻ എനിക്കു വിറയലാക്കിത്തീർത്തു.
  • 5 മേശ ഒരുക്കുവിൻ; പരവതാനി വിരിപ്പിൻ; ഭക്ഷിച്ചു പാനം ചെയ്‍വിൻ; പ്രഭുക്കന്മാരേ, എഴുന്നേല്പിൻ; പരിചെക്കു എണ്ണ പൂശുവിൻ.
  • 6 കർത്താവു എന്നോടു: നീ ചെന്നു ഒരു കാവൽക്കാരനെ നിർത്തിക്കൊൾക; അവൻ കാണുന്നതു അറിയിക്കട്ടെ.
  • 7 ഈരണ്ടീരണ്ടായി വരുന്ന കുതിരപ്പടയെയും കഴുതപ്പടയെയും ഒട്ടകപ്പടയെയും കാണുമ്പോൾ അവൻ ബഹുശ്രദ്ധയോടെ ശ്രദ്ധിക്കട്ടെ എന്നു കല്പിച്ചു.
  • 8 അവൻ ഒരു സിംഹംപോലെ അലറി: കർത്താവേ, ഞാൻ പകൽ ഇടവിടാതെ കാവൽനില്ക്കുന്നു; രാത്രി മുഴുവനും ഞാൻ കാവൽ കാത്തുകൊണ്ടിരുന്നു.
  • 9 ഇതാ, ഒരു കൂട്ടം കുതിരച്ചേവകർ; ഈരണ്ടീരണ്ടായി കുതിരപ്പട വരുന്നു എന്നു പറഞ്ഞു. വീണു, ബാബേൽ വീണു! അതിലെ ദേവന്മാരുടെ വിഗ്രഹങ്ങളൊക്കെയും നിലത്തു വീണു തകർന്നു കിടക്കുന്നു എന്നും അവൻ പറഞ്ഞു.
  • 10 എന്റെ മെതിയോ, എന്റെ കളത്തിലെ ധാന്യമേ, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തു ഞാൻ കേട്ടിട്ടുള്ളതു നിങ്ങളോടു അറിയിച്ചിരിക്കുന്നു.
  • 11 ദൂമയെക്കുറിച്ചുള്ള പ്രവാചകം: കാവൽക്കാരാ, രാത്രി എന്തായി? കാവൽക്കാരാ, രാത്രി എന്തായി? എന്നു ഒരുത്തൻ സേയീരിൽനിന്നു എന്നോടു വിളിച്ചുചോദിക്കുന്നു.
  • 12 അതിന്നു കാവൽക്കാരൻ: പ്രഭാതവും രാത്രിയും വന്നിരിക്കുന്നു; നിങ്ങൾക്കു ചോദിക്കേണമെങ്കിൽ ചോദിച്ചു കൊൾവിൻ; പോയി വരുവിൻ എന്നു പറഞ്ഞു.
  • 13 അറബിദേശത്തെക്കുറിച്ചുള്ള പ്രവാചകം: ദേദാന്യരുടെ സാർത്ഥഗണങ്ങളായുള്ളോരേ, നിങ്ങൾ അറബിയിലെ കാട്ടിൽ രാപാർപ്പിൻ.
  • 14 തേമാദേശനിവാസികളേ, നിങ്ങൾ ദാഹിച്ചിരിക്കുന്നവന്നു വെള്ളം കൊണ്ടുചെല്ലുവിൻ; ഓടിപ്പോകുന്നവരെ അപ്പവുമായി ചെന്നു എതിരേല്പിൻ.
  • 15 അവർ വാളിനെ ഒഴിഞ്ഞു ഓടിപ്പോകുന്നവരാകുന്നു; ഊരിയ വാളിനെയും കുലെച്ച വില്ലിനെയും യുദ്ധത്തിന്റെ കൊടുമയെയും ഒഴിഞ്ഞു ഓടുന്നവർ തന്നേ.
  • 16 കർത്താവു ഇപ്രകാരം എന്നോടു അരുളിച്ചെയ്തു: കൂലിക്കാരന്റെ ആണ്ടുപോലെയുള്ള ഒരു ആണ്ടിന്നകം കേദാരിന്റെ മഹത്വം ഒക്കെയും ക്ഷയിച്ചുപോകും;
  • 17 കേദാർയ്യരിൽ വീരന്മാരായ വില്ലാളികളുടെ കൂട്ടത്തിൽ ശേഷിക്കുന്നവർ ചുരുക്കമായിരിക്കും; യിസ്രായേലിന്റെ ദൈവമായ യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.