wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


യെശയ്യാഅദ്ധ്യായം 25
  • 1 യഹോവേ നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തെ സ്തുതിക്കും; നീ അത്ഭുതമായി പണ്ടേയുള്ള ആലോചനകളെ വിശ്വസ്തതയോടും സത്യത്തോടും കൂടെ അനുഷ്ഠിച്ചിരിക്കുന്നുവല്ലോ.
  • 2 നീ നഗരത്തെ കൽക്കുന്നും ഉറപ്പുള്ള പട്ടണത്തെ ശൂന്യവും അന്യന്മാരുടെ അരമനകളെ നഗരമല്ലാതവണ്ണവും ആക്കിത്തീർത്തു; അതു ഒരു നാളും പണികയില്ല.
  • 3 അതുകൊണ്ടു ബലമുള്ള ജാതി നിന്നെ മഹത്വപ്പെടുത്തും; ഭയങ്കരജാതികളുടെ പട്ടണം നിന്നെ ഭയപ്പെടും.
  • 4 ഭയങ്കരന്മാരുടെ ചീറ്റൽ മതിലിന്റെ നേരെ കൊടുങ്കാറ്റുപോലെ അടിക്കുമ്പോൾ, നീ എളിയവന്നു ഒരു ദുർഗ്ഗവും ദരിദ്രന്നു അവന്റെ കഷ്ടത്തിൽ ഒരു കോട്ടയും കൊടുങ്കാറ്റിൽ ഒരു ശരണവും ഉഷ്ണത്തിൽ ഒരു തണലും ആയിരിക്കുന്നു.
  • 5 വരണ്ട നിലത്തിലെ ഉഷ്ണത്തെപ്പോലെ നീ അന്യന്മാരുടെ ആരവത്തെ അടക്കിക്കളയുന്നു; മേഘത്തിന്റെ തണൽകൊണ്ടു ഉഷ്ണം എന്നപോലെ നിഷ്കണ്ടകന്മാരുടെ പാട്ടു ഒതുങ്ങിപ്പോകും.
  • 6 സൈന്യങ്ങളുടെ യഹോവ ഈ പർവ്വതത്തിൽ സകലജാതികൾക്കും മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും; മേദസ്സുനിറഞ്ഞ മൃഷ്ടഭോജനങ്ങൾ കൊണ്ടും മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞുകൊണ്ടും ഉള്ള വിരുന്നു തന്നേ.
  • 7 സകലവംശങ്ങൾക്കും ഉള്ള മൂടുപടവും സകലജാതികളുടെയും മേൽ കിടക്കുന്ന മറവും അവൻ ഈ പർവ്വതത്തിൽവെച്ചു നശിപ്പിച്ചുകളയും.
  • 8 അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.
  • 9 അന്നാളിൽ: ഇതാ, നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നതു; അവൻ നമ്മെ രക്ഷിക്കും; അവൻ തന്നേ യഹോവ; അവനെയത്രേ നാം കാത്തിരുന്നതു; അവന്റെ രക്ഷയിൽ നമുക്കു ആനന്ദിച്ചു സന്തോഷിക്കാം എന്നു അവർ പറയും.
  • 10 യഹോവയുടെ കൈ ഈ പർവ്വതത്തിൽ ആവസിക്കുമല്ലോ; എന്നാൽ വൈക്കോൽ ചാണകകൂഴിയിലെ വെള്ളത്തിൽ ഇട്ടു ചവിട്ടുന്നതുപോലെ മോവാബ് സ്വസ്ഥാനത്തു തന്നേ മെതിക്കപ്പെടും.
  • 11 നീന്തുന്നവൻ നീന്തുവാൻ കൈ നീട്ടുന്നതുപോലെ അവൻ അതിന്റെ നടുവിൽ കൈ നീട്ടും; എങ്കിലും അവന്റെ ഗർവ്വവും കൈമിടുക്കും അവൻ താഴ്ത്തിക്കളയും.
  • 12 നിന്റെ ഉറപ്പും ഉയരവും ഉള്ള മതിലുകളെ അവൻ താഴെ നിലത്തു തള്ളിയിട്ടു പൊടിയാക്കിക്കളയും.