wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


യെശയ്യാഅദ്ധ്യായം 34
  • 1 ജാതികളേ, അടുത്തുവന്നു കേൾപ്പിൻ; വംശങ്ങളേ, ശ്രദ്ധതരുവിൻ; ഭൂമിയും അതിന്റെ നിറവും ഭൂതലവും അതിൽ മുളെക്കുന്നതൊക്കെയും കേൾക്കട്ടെ.
  • 2 യഹോവെക്കു സകലജാതികളോടും കോപവും അവരുടെ സർവ്വസൈന്യത്തോടും ക്രോധവും ഉണ്ടു; അവൻ അവരെ ശപഥാർപ്പിതമായി കുലെക്കു ഏല്പിച്ചിരിക്കുന്നു.
  • 3 അവരുടെ ഹതന്മാരെ എറിഞ്ഞുകളയും; അവരുടെ ശവങ്ങളിൽനിന്നു നാറ്റം പുറപ്പെടും; അവരുടെ രക്തം കൊണ്ടു മലകൾ ഒഴുകിപ്പോകും.
  • 4 ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; ആകാശവും ഒരു ചുരുൾപോലെ ചുരുണ്ടുപോകും; അതിനെ സൈന്യമൊക്കെയും മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും അത്തിവൃക്ഷത്തിന്റെ കായ് വാടി പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും.
  • 5 എന്റെ വാൾ സ്വർഗ്ഗത്തിൽ ലഹരിച്ചിരിക്കുന്നു; അതു എദോമിന്മേലും എന്റെ ശപഥാർപ്പിതജാതിയുടെമേലും ന്യായവിധിക്കായി ഇറങ്ങിവരും.
  • 6 യഹോവയുടെ വാൾ രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തം കൊണ്ടും ആട്ടുകൊറ്റന്മാരുടെ മൂത്രപിണ്ഡങ്ങളുടെ കൊഴുപ്പുംകൊണ്ടും തന്നേ; യഹോവെക്കു ബൊസ്രയിൽ ഒരു യാഗവും എദോംദേശത്തു ഒരു മഹാസംഹാരവും ഉണ്ടു.
  • 7 അവയോടുകൂടെ കാട്ടുപോത്തുകളും കാളകളോടുകൂടെ മൂരികളും വീഴും; അവരുടെ ദേശം രക്തം കുടിച്ചു ലഹരി പിടിക്കും; അവരുടെ നിലം കൊഴുപ്പുകൊണ്ടു നിറഞ്ഞിരിക്കും.
  • 8 അതു യഹോവ പ്രതികാരം നടത്തുന്ന ദിവസവും സീയോന്റെ വ്യവഹാരത്തിൽ പ്രതിഫലം കൊടുക്കുന്ന സംവത്സരവും ആകുന്നു.
  • 9 അവിടത്തെ തോടുകൾ കീലായും മണ്ണു ഗന്ധകമായും നിലം കത്തുന്ന കീലായും ഭവിക്കും.
  • 10 രാവും പകലും അതു കെടുകയില്ല; അതിന്റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും; തലമുറതലമുറയായി അതു ശൂന്യമായ്ക്കിടക്കും; ഒരുത്തനും ഒരുനാളും അതിൽകൂടി കടന്നു പോകയുമില്ല.
  • 11 വേഴാമ്പലും മുള്ളൻ പന്നിയും അതിനെ കൈവശമാക്കും; മൂങ്ങയും മലങ്കാക്കയും അതിൽ പാർക്കും; അവൻ അതിന്മേൽ പാഴിന്റെ നൂലും ശൂന്യത്തിന്റെ തൂക്കുകട്ടിയും പിടിക്കും.
  • 12 അതിലെ കുലീനന്മാർ ആരും രാജത്വം ഘോഷിക്കയില്ല; അതിലെ പ്രഭുക്കന്മാർ എല്ലാവരും നാസ്തിയായ്പോകും.
  • 13 അതിന്റെ അരമനകളിൽ മുള്ളും അതിന്റെ കോട്ടകളിൽ തൂവയും ഞെരിഞ്ഞിലും മുളെക്കും; അതു കുറുക്കന്മാർക്കു പാർപ്പിടവും ഒട്ടകപ്പക്ഷികൾക്കു താവളവും ആകും.
  • 14 മരുമൃഗങ്ങളും ചെന്നായ്ക്കളും തമ്മിൽ എതിർപ്പെടും; വനഭൂതം വനഭൂതത്തെ വിളിക്കും; അവിടെ വേതാളം കിടക്കുകയും വിശ്രാമം പ്രാപിക്കയും ചെയ്യും.
  • 15 അവിടെ അസ്ത്രനാഗം കൂടുണ്ടാക്കി മുട്ടയിട്ടു പൊരുന്നി കുഞ്ഞുങ്ങളെ തന്റെ നിഴലിൻ കീഴെ ചേർത്തുകൊള്ളും; അവിടെ പരുന്തു അതതിന്റെ ഇണയോടു കൂടും.
  • 16 യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു.
  • 17 അവൻ അവെക്കായി ചീട്ടിട്ടു, അവന്റെ കൈ അതിനെ അവെക്കു ചരടുകൊണ്ടു വിഭാഗിച്ചുകൊടുത്തു; അവ സദാകാലത്തേക്കും അതിനെ കൈവശമാക്കി തലമുറതലമുറയായി അതിൽ പാർക്കും.