wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


യെശയ്യാഅദ്ധ്യായം 41
  • 1 ദ്വീപുകളേ, എന്റെ മുമ്പിൽ മിണ്ടാതെ ഇരിപ്പിൻ; ജാതികൾ ശക്തിയെ പുതുക്കട്ടെ; അവർ അടുത്തുവന്നു സംസാരിക്കട്ടെ; നാം തമ്മിൽ ന്യായവാദം ചെയ്യുന്നതിന്നു അടുത്തു വരിക.
  • 2 ചെല്ലുന്നെടത്തൊക്കെയും നീതി എതിരേല്ക്കുന്നവനെ കിഴക്കുനിന്നു ഉണർത്തിയതാർ? അവൻ ജാതികളെ അവന്റെ മുമ്പിൽ ഏല്പിച്ചുകൊടുക്കയും അവനെ രാജാക്കന്മാരുടെ മേൽ വാഴുമാറാക്കുകയും ചെയ്യുന്നു; അവരുടെ വാളിനെ അവൻ പൊടിപോലെയും അവരുടെ വില്ലിനെ പാറിപ്പോകുന്ന താളടിപോലെയും ആക്കിക്കളയുന്നു.
  • 3 അവൻ അവരെ പിന്തുടർന്നു നിർഭയനായി കടന്നു ചെല്ലുന്നു; പാതയിൽ കാൽ വെച്ചല്ല അവൻ പോകുന്നതു.
  • 4 ആർ അതു പ്രർത്തിക്കയും അനുഷ്ഠിക്കയും ചെയ്തു? ആദിമുതൽ തലമുറകളെ വിളിച്ചവൻ; യഹോവയായ ഞാൻ ആദ്യനും അന്ത്യന്മാരോടുകൂടെ അനന്യനും ആകുന്നു.
  • 5 ദ്വീപുകൾ കണ്ടു ഭയപ്പെട്ടു; ഭൂമിയുടെ അറുതികൾ വിറെച്ചു; അവർ ഒന്നിച്ചു കൂടി അടുത്തുവന്നു;
  • 6 അവർ അന്യോന്യം സഹായിച്ചു; ഒരുത്തൻ മറ്റേവനോടു: ധൈര്യമായിരിക്ക എന്നു പറഞ്ഞു.
  • 7 അങ്ങനെ ആശാരി തട്ടാനെയും കൊല്ലൻ കൂടം തല്ലുന്നവനെയും ധൈര്യപ്പെടുത്തി കൂട്ടിവിളക്കുന്നതിന്നു ചേലായി എന്നു പറഞ്ഞു, ഇളകാതെയിരിക്കേണ്ടതിന്നു അവൻ അതിനെ ആണികൊണ്ടു ഉറപ്പിക്കുന്നു.
  • 8 നീയോ, എന്റെ ദാസനായ യിസ്രായേലേ, ഞാൻ തിരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിയേ, നീ എന്റെ ദാസൻ,
  • 9 ഞാൻ നിന്നെ നിരസിച്ചുകളയാതെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടു ഭൂമിയുടെ അറ്റങ്ങളിൽ നിന്നു എടുക്കയും അതിന്റെ മൂലകളിൽനിന്നു വിളിച്ചു ചേർക്കയും ചെയ്തിരിക്കുന്നവനായുള്ളോവേ, നീ ഭയപ്പെടേണ്ടാ;
  • 10 ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും,
  • 11 നിന്നോടു കോപിച്ചിരിക്കുന്ന എല്ലാവരും ലജ്ജിച്ചു അമ്പരന്നുപോകും; നിന്നോടു വിവാദിക്കുന്നവർ നശിച്ചു ഇല്ലാതെയാകും.
  • 12 നിന്നോടു പോരാടുന്നവരെ നീ അന്വേഷിക്കും; കാണുകയില്ലതാനും; നിന്നോടു യുദ്ധം ചെയ്യുന്നവർ നാസ്തിത്വവും ഇല്ലായ്മയുംപോലെ ആകും.
  • 13 നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടിച്ചു നിന്നോടു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും എന്നു പറയുന്നു.
  • 14 പുഴുവായ യാക്കോബേ, യിസ്രായേൽപരിഷയേ, ഭയപ്പെടേണ്ടാ; ഞാൻ നിന്നെ സഹായിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു; നിന്റെ വീണ്ടെടുപ്പുകാരൻ യിസ്രായേലിന്റെ പരിശുദ്ധൻ തന്നേ.
  • 15 ഇതാ, ഞാൻ നിന്നെ പുതിയതും മൂർച്ചയുള്ളതും പല്ലേറിയതും ആയ മെതിവണ്ടിയാക്കി തീർക്കുന്നു; നീ പർവ്വതങ്ങളെ മെതിച്ചു പൊടിക്കുകയും കുന്നുകളെ പതിർപോലെ ആക്കുകയും ചെയ്യും.
  • 16 നീ അവയെ പാറ്റും; കാറ്റു അവയെ പറപ്പിച്ചുകൊണ്ടുപോകും; ചുഴലിക്കാറ്റു അവയെ ചിതറിച്ചുകളയും; നീയോ യഹോവയിൽ ഘോഷിച്ചുല്ലസിച്ചു യിസ്രായേലിന്റെ പരിശുദ്ധനിൽ പുകഴും.
  • 17 എളിയവരും ദരിദ്രന്മാരുമായവർ വെള്ളം തിരഞ്ഞുനടക്കുന്നു; ഒട്ടും കിട്ടായ്കയാൽ അവരുടെ നാവു ദാഹംകൊണ്ടു വരണ്ടുപോകുന്നു. യഹോവയായ ഞാൻ അവർക്കു ഉത്തരം അരുളും; യിസ്രായേലിന്റെ ദൈവമായ ഞാൻ അവരെ കൈവിടുകയില്ല.
  • 18 ഞാൻ പാഴ്മലകളിൽ നദികളെയും താഴ്വരകളുടെ നടുവിൽ ഉറവുകളെയും തുറക്കും; മരുഭൂമിയെ ഞാൻ നീർപൊയ്കയും വരണ്ട നിലത്തെ നീരുറവുകളും ആക്കും.
  • 19 ഞാൻ മരുഭൂമിയിൽ ദേവദാരു, ഖദിരമരം, കൊഴുന്തു, ഒലിവുവൃക്ഷം എന്നിവ നടും; ഞാൻ നിർജ്ജനപ്രദേശത്തു സരളവൃക്ഷവും പയിൻ മരവും പുന്നയും വെച്ചുപിടിപ്പിക്കും.
  • 20 യഹോവയുടെ കൈ അതു ചെയ്തു എന്നും യിസ്രായേലിന്റെ പരിശുദ്ധൻ അതു സൃഷ്ടിച്ചു എന്നും അവരെല്ലാവരും കണ്ടു അറിഞ്ഞു വിചാരിച്ചു ഗ്രഹിക്കേണ്ടതിന്നു തന്നേ.
  • 21 നിങ്ങളുടെ വ്യവഹാരം കൊണ്ടുവരുവിൻ എന്നു യഹോവ കല്പിക്കുന്നു; നിങ്ങളുടെ ന്യായങ്ങളെ കാണിപ്പിൻ എന്നു യാക്കോബിന്റെ രാജാവു കല്പിക്കുന്നു.
  • 22 സംഭവിപ്പാനുള്ളതു അവർ കാണിച്ചു നമ്മോടു പ്രസ്താവിക്കട്ടെ; നാം വിചാരിച്ചു അതിന്റെ അവസാനം അറിയേണ്ടതിന്നു ആദ്യകാര്യങ്ങൾ ഇന്നിന്നവയെന്നു അവർ പ്രസ്താവിക്കട്ടെ; അല്ലെങ്കിൽ സംഭവിപ്പാനുള്ളതു നമ്മെ കേൾപ്പിക്കട്ടെ.
  • 23 നിങ്ങൾ ദേവന്മാർ എന്നു ഞങ്ങൾ അറിയേണ്ടതിന്നു മേലാൽ വരുവാനുള്ളതു പ്രസ്താവിപ്പിൻ; ഞങ്ങൾ കണ്ടു വിസ്മയിക്കേണ്ടതിന്നു നന്മയെങ്കിലും തിന്മയെങ്കിലും പ്രവർത്തിപ്പിൻ.
  • 24 നിങ്ങൾ ഇല്ലായ്മയും നിങ്ങളുടെ പ്രവൃത്തി നാസ്തിയും ആകുന്നു; നിങ്ങളെ വരിക്കുന്നവൻ കുത്സിതനത്രേ.
  • 25 ഞാൻ ഒരുത്തനെ വടക്കുനിന്നു എഴുന്നേല്പിച്ചു; അവൻ വന്നിരിക്കുന്നു; സൂര്യോദയദിക്കിൽ നിന്നു അവനെ എഴുന്നേല്പിച്ചു; അവൻ എന്റെ നാമത്തെ ആരാധിക്കും; അവർ വന്നു ചെളിയെപ്പോലെയും കുശവൻ കളിമണ്ണു ചവിട്ടുന്നതുപോലെയും ദേശാധിപതികളെ ചവിട്ടും.
  • 26 ഞങ്ങൾ അറിയേണ്ടതിന്നു ആദിമുതലും അവൻ നീതിമാൻ എന്നു ഞങ്ങൾ പറയേണ്ടതിന്നു പണ്ടേയും ആർ പ്രസ്താവിച്ചിട്ടുള്ളു? പ്രസ്താവിപ്പാനോ കാണിച്ചുതരുവാനോ നിങ്ങളുടെ വാക്കു കേൾപ്പാനോ ആരും ഇല്ല.
  • 27 ഞാൻ ആദ്യനായി സീയോനോടു: ഇതാ, ഇതാ, അവർ വരുന്നു എന്നു പറയുന്നു; യെരൂശലേമിന്നു ഞാൻ ഒരു സുവാർത്താദൂതനെ കൊടുക്കുന്നു.
  • 28 ഞാൻ നോക്കിയാറെ: ഒരുത്തനുമില്ല; ഞാൻ ചോദിച്ചാറെ; ഉത്തരം പറവാൻ അവരിൽ ഒരു ആലോചനക്കാരനും ഇല്ല.
  • 29 അവരെല്ലാവരും വ്യാജമാകുന്നു; അവരുടെ പ്രവൃത്തികൾ നാസ്തിയത്രേ; അവരുടെ വിഗ്രഹങ്ങൾ കാറ്റും ശൂന്യവും തന്നേ.