wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


യെശയ്യാഅദ്ധ്യായം 47
  • 1 ബാബേൽപുത്രിയായ കന്യകേ, ഇറങ്ങി പൊടിയിൽ ഇരിക്ക; കല്ദയപുത്രീ, സിംഹാസനം കൂടാതെ നിലത്തിരിക്ക; നിന്നെ ഇനി തന്വംഗി എന്നും സുഖഭോഗിനി എന്നും വിളിക്കയില്ല.
  • 2 തിരികല്ലു എടുത്തു മാവു പൊടിക്ക; നിന്റെ മൂടുപടം നീക്കുക; വസ്ത്രാന്തം എടുത്തു കുത്തി തുട മറെക്കാതെ നദികളെ കടക്ക.
  • 3 നിന്റെ നഗ്നത അനാവൃതമാകും; നിന്റെ നാണിടം കാണും; ഞാൻ ഒരു മനുഷ്യനെയും ആദരിക്കാതെ പ്രതികാരം നടത്തും.
  • 4 ഞങ്ങളുടെ വീണ്ടെടുപ്പുകാരനോ സൈന്യങ്ങളുടെ യഹോവ, യിസ്രായേലിന്റെ പരിശുദ്ധൻ എന്നാകുന്നു അവന്റെ നാമം.
  • 5 കല്ദയപുത്രീ, മിണ്ടാതെയിരിക്ക; ഇരുട്ടത്തു പോക; നിന്നെ ഇനി രാജ്യങ്ങളുടെ തമ്പുരാട്ടി എന്നു വിളിക്കയില്ല.
  • 6 ഞാൻ എന്റെ ജനത്തോടു ക്രുദ്ധിച്ചു, എന്റെ അവകാശത്തെ അശുദ്ധമാക്കി, അവരെ നിന്റെ കയ്യിൽ ഏല്പിച്ചുതന്നു; നീ അവരോടു കനിവു കാണിക്കാതെ വൃദ്ധന്മാരുടെ മേൽപോലും നിന്റെ ഭാരമുള്ള നുകം വെച്ചിരിക്കുന്നു.
  • 7 ഞാൻ എന്നേക്കും തമ്പുരാട്ടി ആയിരിക്കും എന്നു നീ പറഞ്ഞു അതു കൂട്ടാക്കാതെയും അതിന്റെ അവസാനം ഓർക്കാതെയും ഇരുന്നു.
  • 8 ആകയാൽ: ഞാൻ മാത്രം; എനിക്കു തുല്യമായി മറ്റാരുമില്ല; ഞാൻ വിധവയായിരിക്കയില്ല; പുത്രനഷ്ടം അറികയുമില്ല എന്നു ഹൃദയത്തിൽ പറയുന്ന സുഖഭോഗിനിയും നിർഭയവാസിനിയും ആയുള്ളവളേ, ഇതു കേൾക്ക:
  • 9 പുത്രനഷ്ടം, വൈധവ്യം ഇവ രണ്ടും പെട്ടെന്നു ഒരു ദിവസത്തിൽ തന്നേ നിനക്കു ഭവിക്കും; നിന്റെ ക്ഷുദ്രപ്രയോഗങ്ങൾ എത്ര പെരുകിയിരുന്നാലും നിന്റെ ആഭിചാരങ്ങൾ എത്ര അധികമായിരുന്നാലും അവ നിനക്കു നിറപടിയായി ഭവിക്കാതിരിക്കയില്ല.
  • 10 നീ നിന്റെ ദുഷ്ടതയിൽ ആശ്രയിച്ചു, ആരും എന്നെ കാണുന്നില്ല എന്നു പറഞ്ഞുവല്ലോ; നിന്റെ ജ്ഞാനവും നിന്റെ വിദ്യയും നിന്നെ തെറ്റിച്ചുകളഞ്ഞു; ഞാൻ മാത്രം; എനിക്കു തുല്യമായി മറ്റാരും ഇല്ല എന്നു നീ നിന്റെ ഹൃദയത്തിൽ പറഞ്ഞു.
  • 11 അതുകൊണ്ടു മന്ത്രവാദത്താൽ നീക്കുവാൻ കഴിയാത്ത അനർത്ഥം നിന്റെമേൽ വരും; നിന്നാൽ പരിഹരിപ്പാൻ കഴിയാത്ത ആപത്തു നിനക്കു ഭവിക്കും; നീ അറിയാത്ത നാശം പെട്ടെന്നു നിന്റെ മേൽ വരും.
  • 12 നീ ബാല്യം മുതൽ അദ്ധ്വാനിച്ചു ചെയ്യുന്ന നിന്റെ മന്ത്രവാദങ്ങൾകൊണ്ടും ക്ഷുദ്രപ്രയോഗങ്ങളുടെ പെരുപ്പംകൊണ്ടും ഇപ്പോൾ നിന്നുകൊൾക; പക്ഷേ ഫലിക്കും; പക്ഷേ നീ പേടിപ്പിക്കും!
  • 13 നിന്റെ ആലോചനാബാഹുല്യംകൊണ്ടു നീ വലഞ്ഞിരിക്കുന്നു; ജ്യോതിഷക്കാരും നക്ഷത്രം നോക്കുന്നവരും നിനക്കു വരുവാനുള്ള മാസാന്തരം അറിയിക്കുന്നവരും ഇപ്പോൾ എഴുന്നേറ്റു നിന്നെ രക്ഷിക്കട്ടെ.
  • 14 ഇതാ, അവർ താളടിപോലെര ആയി തീക്കു ഇരയാകും; അവർ അഗ്നിജ്വാലയിൽനിന്നു തങ്ങളെ തന്നേ വിടുവിക്കയില്ല; അതു കുളിർ മാറ്റുവാൻ തക്ക കനലും കായുവാൻ തക്ക തീയും അല്ല.
  • 15 ഇങ്ങനെയാകും നീ അദ്ധ്വാനിച്ചിരിക്കുന്നതു; നിന്റെ ബാല്യംമുതൽ നിന്നോടുകൂടെ വ്യപാരം ചെയ്തവർ ഓരോരുത്തൻ താന്താന്റെ ദിക്കിലേക്കു അലഞ്ഞുപോകും ആരും നിന്നെ രക്ഷിക്കയില്ല.