wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


യെശയ്യാഅദ്ധ്യായം 54
  • 1 പ്രസവിക്കാത്ത മച്ചിയേ, ഘോഷിക്ക; നോവു കിട്ടീട്ടില്ലാത്തവളേ, പൊട്ടി ആർത്തു ഘോഷിക്ക; ഏകാകിനിയുടെ മക്കൾ ഭർ‍ത്താവുള്ളവളുടെ മക്കളെക്കാൾ അധികം എന്നു യഹോവ അരുളിച്ചെയ്യുന്നു.
  • 2 നിന്റെ കൂടാരത്തിന്റെ സ്ഥലത്തെ വിശാലമാക്കുക; നീന്റെ നിവാസങ്ങളുടെ തിരശ്ശീലകളെ അവർ‍ നിവിർ‍ക്കട്ടെ; തടുത്തുകളയരുതു; നിന്റെ കയറുകളെ നീട്ടുക; നിന്റെ കുറ്റികളെ ഉറപ്പിക്ക.
  • 3 നീ ഇടത്തോട്ടും വലത്തോട്ടും പരക്കും; നിന്റെ സന്തതി ജാതികളുടെ ദേശം കൈവശമാക്കുകയും ശൂന്യനഗരങ്ങളിൽ നിവാസികളെ പാർ‍പ്പിക്കയും ചെയ്യും.
  • 4 ഭയപ്പെടേണ്ട, നീ ലജ്ജിച്ചുപോകയില്ല; ഭ്രമിക്കേണ്ടാ, നീ നാണിച്ചുപോകയില്ല; നിന്റെ യൌവനത്തിലെ ലജ്ജ നീ മറക്കും; നിന്റെ വൈധവ്യത്തിലെ നിന്ദ ഇനി ഓർ‍ക്കയുമില്ല.
  • 5 നിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭർ‍ത്താവു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; യിസ്രായേലിന്റെ പരിശുദ്ധനാകുന്നു നിന്റെ വീണ്ടെടുപ്പുകാരൻ‍; സർ‍വ്വഭൂമിയുടെയും ദൈവം എന്നു അവൻ വിളിക്കപ്പെടുന്നു.
  • 6 ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രിയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൌവനത്തിൽ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നേ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു.
  • 7 അല്പനേരത്തെക്കു മാത്രം ഞാൻ നിന്നെ ഉപേക്ഷിച്ചു; എങ്കിലും മഹാകരുണയോടെ ഞാൻ നിന്നെ ചേർത്തുകൊള്ളും.
  • 8 ക്രോധാധിക്യത്തിൽ ഞാൻ ക്ഷണനേരത്തേക്കു എന്റെ മുഖം നിനക്കു മറെച്ചു; എങ്കിലും നിത്യദയയോടെ ഞാൻ നിന്നോടു കരുണകാണിക്കും എന്നു നിന്റെ വീണ്ടെടുപ്പുകാരനായ യഹോവ അരുളിച്ചെയ്യുന്നു.
  • 9 ഇതു എനിക്കു നോഹയുടെ വെള്ളങ്ങൾപോലെയാകുന്നു; നോഹയുടെ വെള്ളങ്ങൾ ഇനി ഭൂമിയെ മുക്കിക്കളകയില്ല എന്നു ഞാൻ സത്യം ചെയ്തതുപോലെ ഞാൻ നിന്നോടു കോപിക്കയോ നിന്നെ ഭർ‍ത്സിക്കയോ ഇല്ല എന്നു ഞാൻ സത്യം ചെയ്തിരിക്കുന്നു.
  • 10 പർ‍വ്വതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല എന്നു നിന്നോടു കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു.
  • 11 അരിഷ്ടയും കൊടുങ്കാറ്റിനാൽ അടിക്കപ്പെട്ടു ആശ്വാസമറ്റവളും ആയുള്ളോവേ, ഞാൻ നിന്റെ കല്ലു അഞ്ജനത്തിൽ പതിക്കയും നീലക്കല്ലുകൊണ്ടു നിന്റെ അടിസ്ഥാനം ഇടുകയും ചെയ്യും.
  • 12 ഞാൻ നിന്റെ താഴികക്കുടങ്ങളെ പത്മരാഗംകൊണ്ടും നിന്റെ ഗോപുരങ്ങളെ പുഷ്പരാഗംകൊണ്ടും നിന്റെ അറ്റങ്ങളെയൊക്കെയും മനോഹരമായ കല്ലുകൊണ്ടും ഉണ്ടാക്കും.
  • 13 നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.
  • 14 നീതിയാൽ നീ സ്ഥിരമായി നില്ക്കും; നീ പീഡനത്തോടെ അകന്നിരിക്കും; നിനക്കു ഭയപ്പെടുവാനില്ലല്ലോ; ഭീഷണിയോടു നീ അകന്നിരിക്കും; അതു നിന്നോടു അടുത്തുവരികയില്ല.
  • 15 ഒരുത്തൻ നിന്നോടു കലശൽ കൂടുന്നു എങ്കിൽ അതു എന്റെ ഹിതപ്രകാരമല്ല; ആരെങ്കിലും നിന്നോടു കലശൽ കൂടിയാൽ അവൻ നിന്റെ നിമിത്തം വീഴും.
  • 16 തീക്കനൽ ഊതി പണിചെയ്തു ഓരോ ആയുധം തീർ‍ക്കുന്ന കൊല്ലനെ ഞാൻ സൃഷ്ടിച്ചിരിക്കുന്നു; നശിപ്പിപ്പാൻ സംഹാരകനെയും ഞാൻ സൃഷ്ടിച്ചിരിക്കുന്നു.
  • 17 നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായായവിസ്താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്ക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും എന്റെ പക്കൽ നിന്നുള്ള അവരുടെ നീതിയും ഇതു തന്നേ ആകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.