wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


യെശയ്യാഅദ്ധ്യായം 58
  • 1 ഉറക്കെ വിളിക്ക; അടങ്ങിയിരിക്കരുതു; കാഹളംപോലെ നിന്റെ ശബ്ദം ഉയർ‍ത്തി, എന്റെ ജനത്തിന്നു അവരുടെ ലംഘനത്തെയും യാക്കോബ്ഗൃഹത്തിന്നു അവരുടെ പാപങ്ങളെയും അറിയിക്ക.
  • 2 എങ്കിലും അവർ‍ എന്നെ ദിനമ്പ്രതി അന്വേഷിച്ചു എന്റെ വഴികളെ അറിവാൻ ഇച്ഛിക്കുന്നു; നീതി പ്രവർ‍ത്തിക്കയും തങ്ങളുടെ ദൈവത്തിന്റെ ന്യായം ഉപേക്ഷിക്കാതെയിരിക്കയും ചെയ്തോരു ജാതിയെപ്പോലെ അവർ‍ നീതിയുള്ള വെപ്പുകളെ എന്നോടു ചോദിച്ചു ദൈവത്തോടു അടുപ്പാൻ വാഞ്ഛിക്കുന്നു.
  • 3 ഞങ്ങൾ നോമ്പു നോല്ക്കുന്നതു നീ നോക്കാതെയിരിക്കുന്നതെന്തു? ഞങ്ങൾ ആത്മതപനം ചെയ്യുന്നതു നീ അറിയാതിരിക്കുന്നതെന്തു? ഇതാ, നിങ്ങൾ നോമ്പു നോക്കുന്ന ദിവസത്തിൽ തന്നേ നിങ്ങളുടെ കാര്യാദികളെ നോക്കുകയും നിങ്ങളുടെ എല്ലാവേലക്കാരെയുംകൊണ്ടു അദ്ധ്വാനിപ്പിക്കയും ചെയ്യുന്നു.
  • 4 നിങ്ങൾ വിവാദത്തിന്നും കലഹത്തിന്നും ക്രൂരമുഷ്ടികൊണ്ടു അടിക്കേണ്ടതിന്നും നോമ്പു നോല്ക്കുന്നു; നിങ്ങളുടെ പ്രാർ‍ത്ഥന ഉയരത്തിൽ കേൾപ്പാൻ തക്കവണ്ണമല്ല നിങ്ങൾ ഇന്നു നോമ്പു നോല്ക്കുന്നതു.
  • 5 എനിക്കു ഇഷ്ടമുള്ള നോമ്പും മനുഷ്യൻ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിയിക്കുക, രട്ടും വെണ്ണീരും വിരിച്ചു കിടക്കുക, ഇതാകുന്നുവോ ഉപവാസം? ഇതിന്നോ നീ നോമ്പെന്നും യഹോവെക്കു പ്രസാദമുള്ള ദിവസമെന്നും പേർ‍ പറയുന്നതു?
  • 6 അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക; എല്ലാനുകത്തെയും തകർ‍ക്കുക; ഇതല്ലയോ എനിക്കു ഇഷ്ടമുള്ള ഉപവാസം?
  • 7 വിശപ്പുള്ളവന്നു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ നിന്റെ വീട്ടിൽ ചേർത്തുകൊള്ളുന്നതും നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവർ‍ക്കു നിന്നെത്തന്നേ മറെക്കാതെയിരിക്കുന്നതും അല്ലയോ?
  • 8 അപ്പോൾ നിന്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; നിന്റെ മുറിവുകൾക്കു വേഗത്തിൽ പൊറുതിവരും; നിന്റെ നീതി നിനക്കു മുമ്പായി നടക്കും; യഹോവയുടെ മഹത്വം നിന്റെ പിമ്പട ആയിരിക്കും.
  • 9 അപ്പോൾ നീ വിളിക്കും; യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ഞാൻ വരുന്നു എന്നു അവൻ അരുളിച്ചെയ്യും; നുകവും വിരൽ ചൂണ്ടുന്നതും വഷളത്വം സംസാരിക്കുന്നതും നീ നിന്റെ നടുവിൽ നിന്നു നീക്കിക്കളകയും
  • 10 വിശപ്പുള്ളവനോടു നീ താല്പര്യം കാണിക്കയും കഷ്ടത്തിൽ ഇരിക്കുന്നവന്നു തൃപ്തിവരുത്തുകയും ചെയ്യുമെങ്കിൽ നിന്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിന്റെ അന്ധകാരം മദ്ധ്യാഹ്നം പോലെയാകും.
  • 11 യഹോവ നിന്നെ എല്ലയ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിന്റെ വിശപ്പു അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും.
  • 12 നിന്റെ സന്തതി പുരാതനശൂന്യങ്ങളെ പണിയും; തലമുറതലമുറയായി കിടക്കുന്ന അടിസ്ഥാനങ്ങളെ നീ കെട്ടിപ്പൊക്കും; കേടുതീർ‍ക്കുന്നവനെന്നും കുടിയിരിപ്പാൻ ‍തക്കവണ്ണം പാതകളെ യഥാസ്ഥാനത്താക്കുന്നവനെന്നും നിനക്കു പേർ‍ പറയും.
  • 13 നീ എന്റെ വിശുദ്ധദിവസത്തിൽ നിന്റെ കാര്യാദികൾ നോക്കാതെ ശബ്ബത്തിൽ നിന്റെ കാൽ അടക്കിവെച്ചു, ശബ്ബത്തിനെ ഒരു സന്തോഷം എന്നും യഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറകയും നിന്റെ വേലെക്കു പോകയോ നിന്റെ കാര്യാദികളെ നോക്കുകയോ വ്യർ‍ത്ഥസംസാരത്തിൽ നേരം പോക്കുകയോ ചെയ്യാതവണ്ണം അതിനെ ബഹുമാനിക്കയും ചെയ്യുമെങ്കിൽ, നീ യഹോവയിൽ പ്രമോദിക്കും;
  • 14 ഞാൻ നിന്നെ ദേശത്തിലെ ഉന്നതങ്ങളിൽ വാഹനമേറ്റി ഓടുമാറാക്കുകയും നിന്റെ പിതാവായ യാക്കോബിന്റെ അവകാശംകൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്യും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.