wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


യെശയ്യാഅദ്ധ്യായം 60
  • 1 എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു.
  • 2 അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും.
  • 3 ജാതികൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ‍ നിന്റെ ഉദയശോഭയിലേക്കും വരും.
  • 4 നീ തല പൊക്കി ചുറ്റും നോക്കുക; അവർ‍ എല്ലാവരും ഒന്നിച്ചുകൂടി നിന്റെ അടുക്കൽ വരുന്നു; നിന്റെ പുത്രന്മാർ‍ ദൂരത്തുനിന്നു വരും; നിന്റെ പുത്രിമാരെ പാർ‍ശ്വത്തിങ്കൽ വഹിച്ചുകൊണ്ടുവരും.
  • 5 അപ്പോൾ നീ കണ്ടു ശോഭിക്കും; നിന്റെ ഹൃദയം പിടെച്ചു വികസിക്കും; സമുദ്രത്തിന്റെ ധനം നിന്റെ അടുക്കൽ ചേരും; ജാതികളുടെ സമ്പത്തു നിന്റെ അടുക്കൽ വരും.
  • 6 ഒട്ടകങ്ങളുടെ കൂട്ടവും മിദ്യാനിലെയും ഏഫയിലെയും ചിറ്റൊട്ടകങ്ങളും നിന്നെ മൂടും; ശേബയിൽ നിന്നു അവരൊക്കെയും വരും; പൊന്നും കുന്തുരുക്കവും അവർ‍ കൊണ്ടുവന്നു യഹോവയുടെ സ്തുതിയെ ഘോഷിക്കും.
  • 7 കേദാരിലെ ആടുകൾ ഒക്കെയും നിന്റെ അടുക്കൽ ഒന്നിച്ചുകൂടും; നെബായോത്തിലെ മുട്ടാടുകൾ നിനക്കു ശുശ്രൂഷചെയ്യും; അവ പ്രസാദമുള്ള യാഗമായി എന്റെ പീഠത്തിന്മേൽ വരും; അങ്ങനെ ഞാൻ എന്റെ മഹത്വമുള്ള ആലയത്തെ മഹത്വപ്പെടുത്തും
  • 8 മേഘംപോലെയും തങ്ങളുടെ കിളിവാതിലുകളിലേക്കു പ്രാവുകളെപ്പോലെയും പറന്നുവരുന്ന ഇവർ‍ ആർ‍?
  • 9 ദൂരത്തുനിന്നു നിന്റെ മക്കളെ അവരുടെ പൊന്നും വെള്ളിയുമായി നിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നും അവൻ നിന്നെ മഹത്വപ്പെടുത്തിയിരിക്കകൊണ്ടു യിസ്രായേലിന്റെ പരിശുദ്ധന്നും കൊണ്ടുവരേണ്ടതിന്നു ദ്വീപുവാസികളും തർ‍ശീശ് കപ്പലുകൾ ആദ്യമായും എനിക്കായി കാത്തിരിക്കുന്നു.
  • 10 അന്യജാതിക്കാർ‍ നിന്റെ മതിലുകളെ പണിയും; അവരുടെ രാജാക്കന്മാർ‍ നിനക്കു ശുശ്രൂഷചെയ്യും; എന്റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചു; എങ്കിലും എന്റെ പ്രീതിയിൽ എനിക്കു നിന്നോടു കരുണ തോന്നും.
  • 11 ജാതികളുടെ സമ്പത്തിനേയും യാത്രാസംഘത്തിൽ അവരുടെ രാജാക്കന്മാരെയും നിന്റെ അടുക്കൽ കൊണ്ടുവരേണ്ടതിന്നു നിന്റെ വാതിലുകൾ രാവും പകലും അടെക്കപ്പെടാതെ എല്ലായ്പോഴും തുറന്നിരിക്കും.
  • 12 നിന്നെ സേവിക്കാത്ത ജാതിയും രാജ്യവും നശിച്ചുപോകും; ആ ജാതികൾ അശേഷം ശൂന്യമായ്പോകും.
  • 13 എന്റെ വിശുദ്ധമന്ദിരമുള്ള സ്ഥലത്തിന്നു ഭംഗിവരുത്തുവാനായി ലെബാനോന്റെ മഹത്വവും സരളവൃക്ഷവും പയിനും പുന്നയും ഒരുപോലെ നിന്റെ അടുക്കൽ വരും; അങ്ങനെ ഞാൻ എന്റെ പാദസ്ഥാനത്തെ മഹത്വീകരിക്കും.
  • 14 നിന്നെ ക്ലേശിപ്പിച്ചവരുടെ പുത്രന്മാർ‍ നിന്റെ അടുക്കൽ വണങ്ങിക്കൊണ്ടുവരും; നിന്നെ നിന്ദിച്ചവരൊക്കെയും നിന്റെ കാൽ പിടിച്ചു നമസ്കരിക്കും; അവർ‍ നിന്നെ യഹോവയുടെ നഗരം എന്നും യിസ്രായേലിൻ പരിശുദ്ധന്റെ സീയോൻ എന്നും വിളിക്കും.
  • 15 ആരും കടന്നുപോകാതവണ്ണം നീ നിർ‍ജ്ജനവും ദ്വേഷവിഷയവും ആയിരുന്നതിന്നു പകരം ഞാൻ നിന്നെ നിത്യമാഹാത്മ്യവും തലമുറതലമുറയായുള്ള ആനന്ദവും ആക്കിത്തീർ‍ക്കും.
  • 16 നീ ജാതികളുടെ പാൽ കുടിക്കും; രാജാക്കന്മാരുടെ മുല കുടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷകൻ എന്നും യാക്കോബിന്റെ വല്ലഭൻ നിന്റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും.
  • 17 ഞാൻ താമ്രത്തിന്നു പകരം സ്വർ‍ണ്ണം വരുത്തും; ഇരിമ്പിന്നു പകരം വെള്ളിയും മരത്തിന്നു പകരം താമ്രവും കല്ലിന്നു പകരം ഇരിമ്പും വരുത്തും; ഞാൻ സമാധാനത്തെ നിനക്കു നായകന്മാരും നീതിയെ നിനക്കു അധിപതിമാരും ആക്കും.
  • 18 ഇനി നിന്റെ ദേശത്തു സാഹസവും നിന്റെ അതിരിന്നകത്തു ശൂന്യവും നാശവും കേൾക്കയില്ല; നിന്റെ മതിലുകൾക്കു രക്ഷ എന്നും നിന്റെ വാതിലുകൾക്കു സ്തുതി എന്നും നീ പേർ‍ പറയും.
  • 19 ഇനി പകൽനേരത്തു നിന്റെ വെളിച്ചം സൂര്യനല്ല; നിനക്കു നിലാവെട്ടം തരുന്നതു ചന്ദ്രനുമല്ല; യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സും ആകുന്നു.
  • 20 നിന്റെ സൂര്യൻ ഇനി അസ്തമിക്കയില്ല; നിന്റെ ചന്ദ്രൻ മറഞ്ഞുപോകയുമില്ല; യഹോവ നിന്റെ നിത്യപ്രകാശമായിരിക്കും; നിന്റെ ദുഃഖകാലം തീർ‍ന്നുപോകും.
  • 21 നിന്റെ ജനമൊക്കെയും നീതിമാന്മാരാകും; ഞാൻ മഹത്വപ്പെടേണ്ടതിന്നു എന്റെ നടുതലയുടെ മുളയും എന്റെ കൈകളുടെ പ്രവൃത്തിയും ആയിട്ടു അവർ‍ ദേശത്തെ സദാകാലത്തേക്കു കൈവശമാക്കും.
  • 22 കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്രമായി നിർ‍വത്തിക്കും.