wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


യിരേമ്യാവു അദ്ധ്യായം 1
  • 1 ബെന്യാമീൻ ദേശത്തു അനാഥോത്തിലെ പുരോഹിതന്മാരിൽ ഹിൽക്കീയാവിന്റെ മകനായ യിരെമ്യാവിന്റെ വചനങ്ങൾ.
  • 2 അവന്നു യെഹൂദാരാജാവായി ആമോന്റെ മകനായ യോശീയാവിന്റെ കാലത്തു, അവന്റെ വാഴ്ചയുടെ പതിമൂന്നാം ആണ്ടിൽ, യഹോവയുടെ അരുളപ്പാടുണ്ടായി.
  • 3 യെഹൂദാരാജാവായി യോശീയാവിന്റെ മകനായ യെഹോയാക്കീമിന്റെ കാലത്തും യെഹൂദാരാജാവായി യോശീയാവിന്റെ മകനായ സിദെക്കീയാവിന്റെ പതിനൊന്നാം ആണ്ടിന്റെ അവസാനംവരെയും അഞ്ചാം മാസത്തിൽ യെരൂശലേമ്യരെ പ്രവാസത്തിലേക്കു കൊണ്ടുപോയതുവരെയും തന്നേ അങ്ങനെ ഉണ്ടായി.
  • 4 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
  • 5 നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു.
  • 6 എന്നാൽ ഞാൻ: അയ്യോ, യഹോവയായ കർത്താവേ, എനിക്കു സംസാരിപ്പാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലോ എന്നു പറഞ്ഞു.
  • 7 അതിന്നു യഹോവ എന്നോടു അരുളിച്ചെയ്തതു: ഞാൻ ബാലൻ എന്നു നീ പറയരുതു; ഞാൻ നിന്നെ അയക്കുന്ന ഏവരുടെയും അടുക്കൽ നീ പോകയും ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും സംസാരിക്കയും വേണം.
  • 8 നീ അവരെ ഭയപ്പെടരുതു; നിന്നെ വിടുവിക്കേണ്ടതിന്നു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു.
  • 9 പിന്നെ യഹോവ കൈ നീട്ടി എന്റെ വായെ തൊട്ടു: ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ തന്നിരിക്കുന്നു;
  • 10 നോക്കുക; നിർമ്മൂലമാക്കുവാനും പൊളിപ്പാനും നശിപ്പിപ്പാനും ഇടിച്ചുകളവാനും പണിവാനും നടുവാനുംവേണ്ടി ഞാൻ നിന്നെ ഇന്നു ജാതികളുടെമേലും രാജ്യങ്ങളുടെമേലും ആക്കിവെച്ചിരിക്കുന്നു എന്നു യഹോവ എന്നോടു കല്പിച്ചു.
  • 11 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായി: യിരെമ്യാവേ, നീ എന്തു കാണുന്നു എന്നു ചോദിച്ചു. ബദാം (ജാഗ്രത്) വൃക്ഷത്തിന്റെ ഒരു കൊമ്പു കാണുന്നു എന്നു ഞാൻ പറഞ്ഞു.
  • 12 യഹോവ എന്നോടു: നീ കണ്ടതു ശരി തന്നേ; എന്റെ വചനം നിവർത്തിക്കേണ്ടതിന്നു ഞാൻ ജാഗരിച്ചുകൊള്ളും എന്നു അരുളിച്ചെയ്തു.
  • 13 യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം എനിക്കുണ്ടായി: നീ എന്തു കാണുന്നു എന്നു ചോദിച്ചു. തിളെക്കുന്ന ഒരു കലം കാണുന്നു. അതു വടക്കുനിന്നു പ്രത്യക്ഷമായി വരുന്നു എന്നു ഞാൻ പറഞ്ഞു.
  • 14 യഹോവ എന്നോടു: വടക്കുനിന്നു ദേശത്തിലെ സർവ്വനിവാസികൾക്കും അനർത്ഥം വരും.
  • 15 ഞാൻ വടക്കെ രാജ്യങ്ങളിലെ വംശങ്ങളെ ഒക്കെയും വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു; അവർ വന്നു, ഓരോരുത്തൻ താന്താന്റെ സിംഹാസനം യെരൂശലേമിന്റെ പടിവാതിലുകളുടെ പ്രവേശനത്തിങ്കലും ചുറ്റും അതിന്റെ എല്ലാ മതിലുകൾക്കും നേരെയും യെഹൂദയിലെ എല്ലാപട്ടണങ്ങൾക്കും നേരെയും വെക്കും.
  • 16 അവർ എന്നെ ഉപേക്ഷിക്കയും അന്യദേവന്മാർക്കു ധൂപം കാട്ടി തങ്ങളുടെ കൈപ്പണികളെ നമസ്കരിക്കയും ചെയ്ത സകലദോഷത്തെയും കുറിച്ചു ഞാൻ അവരോടു ന്യായവാദം കഴിക്കും.
  • 17 ആകയാൽ നീ അരകെട്ടി എഴുന്നേറ്റു ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും അവരോടു പ്രസ്താവിക്ക; ഞാൻ നിന്നെ അവരുടെ മുമ്പിൽ ഭ്രമിപ്പിക്കാതെ ഇരിക്കേണ്ടതിന്നു നീ അവരെ കണ്ടു ഭ്രമിച്ചുപോകരുതു.
  • 18 ഞാൻ ഇന്നു നിന്നെ സർവ്വദേശത്തിന്നും യെഹൂദാരാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും പുരോഹിതന്മാർക്കും ദേശത്തിലെ ജനത്തിന്നും നേരെ ഉറപ്പുള്ളോരു പട്ടണവും ഇരിമ്പുതൂണും താമ്രമതിലുകളും ആക്കിയിരിക്കുന്നു.
  • 19 അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.