wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


യിരേമ്യാവു അദ്ധ്യായം 13
  • 1 യഹോവ എന്നോടു: നീ ചെന്നു, ഒരു ചണനൂൽക്കച്ച വാങ്ങി നിന്റെ അരെക്കു കെട്ടുക; അതിനെ വെള്ളത്തിൽ ഇടരുതു എന്നു കല്പിച്ചു.
  • 2 അങ്ങനെ ഞാൻ യഹോവയുടെ കല്പനപ്രകാരം ഒരു കച്ച വാങ്ങി അരെക്കു കെട്ടി.
  • 3 യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം എനിക്കുണ്ടായതെന്തെന്നാൽ:
  • 4 നീ വാങ്ങി അരെക്കു കെട്ടിയ കച്ച എടുത്തു പറുപ്പെട്ടു ഫ്രാത്തിന്നരികത്തു ചെന്നു, അവിടെ ഒരു പാറയുടെ വിള്ളലിൽ ഒളിച്ചു വെക്കുക.
  • 5 യഹോവ എന്നോടു കല്പിച്ചതു പോലെ ഞാൻ ചെന്നു അതു ഫ്രാത്തിന്നരികെ ഒളിച്ചുവെച്ചു.
  • 6 ഏറിയ നാൾ കഴിഞ്ഞശേഷം യഹോവ എന്നോടു: നീ പുറപ്പെട്ടു ഫ്രാത്തിന്നരികെ ചെന്നു, അവിടെ ഒളിച്ചുവെപ്പാൻ നിന്നോടു കല്പിച്ച കച്ച എടുത്തുകൊൾക എന്നരുളിച്ചെയ്തു.
  • 7 അങ്ങനെ ഞാൻ ഫ്രാത്തിന്നരികെ ചെന്നു, ഒളിച്ചുവെച്ചിരുന്ന സ്ഥലത്തു നിന്നു കച്ച മാന്തി എടുത്തു; എന്നാൽ കച്ച കേടുപിടിച്ചു ഒന്നിന്നും കൊള്ളരുതാതെ ആയിരുന്നു.
  • 8 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
  • 9 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇങ്ങനെ ഞാൻ യെഹൂദയുടെ ഗർവ്വവും യെരൂശലേമിന്റെ മഹാഗർവ്വവും കെടുത്തുകളയും.
  • 10 എന്റെ വചനം കേൾപ്പാൻ മനസ്സില്ലാതെ ഹൃദയത്തിന്റെ ശാഠ്യംപോലെ നടക്കയും അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന്നു അവരോടു ചേരുകയും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിന്നും കൊള്ളരുതാത്ത ഈ കച്ചപോലെ ആയിത്തീരും.
  • 11 കച്ച ഒരു മനുഷ്യന്റെ അരയോടു പറ്റിയിരിക്കുന്നതുപോലെ ഞാൻ യിസ്രായേൽഗൃഹത്തെ മുഴുവനും യെഹൂദാഗൃഹത്തെ മുഴുവനും എനിക്കു ജനവും കീർത്തിയും പ്രശംസയും അലങ്കാരവും ആകേണ്ടതിന്നു എന്നോടു പറ്റിയിരിക്കുമാറാക്കി; അവർക്കോ അനുസരിപ്പാൻ മനസ്സായില്ല എന്നു യഹോവയുടെ അരുളപ്പാടു.
  • 12 അതുകൊണ്ടു നീ അവരോടു പറയേണ്ടതു: എല്ലാതുരുത്തിയിലും വീഞ്ഞു നിറയും എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു; എല്ലാതുരുത്തിയിലും വീഞ്ഞു നിറയും എന്നു ഞങ്ങൾ അറിയുന്നില്ലയോ എന്നു അവർ നിന്നോടു ചോദിക്കും.
  • 13 അതിന്നു നീ അവരോടു പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ ദേശത്തിലെ സർവ്വനിവാസികളെയും ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാക്കന്മാരെയും പൂരോഹിതന്മാരെയും പ്രവാചകന്മാരെയും യെരൂശലേമിലെ സർവ്വനിവാസികളെയും ഞാൻ ലഹരികൊണ്ടു നിറെക്കും.
  • 14 ഞാൻ അവരെ അന്യോന്യവും പിതാക്കന്മാരെയും പുത്രന്മാരെയും തമ്മിലും മുട്ടി നശിക്കുമാറാക്കും എന്നു യഹോവയുടെ അരുളപ്പാടു; അവരെ നശിപ്പിക്കയല്ലാതെ ഞാൻ അവരോടു കനിവോ ക്ഷമയോ കരുണയോ കാണിക്കയില്ല.
  • 15 നിങ്ങൾ കേൾപ്പിൻ, ചെവിതരുവിൻ; ഗർവ്വിക്കരുതു; യഹോവയല്ലോ അരുളിച്ചെയ്യുന്നതു.
  • 16 ഇരുട്ടാകുന്നതിന്നും നിങ്ങളുടെ കാൽ അന്ധകാരപർവ്വതങ്ങളിൽ ഇടറിപ്പോകുന്നതിന്നും മുമ്പെ നിങ്ങളുടെ ദൈവമായ യഹോവെക്കു ബഹുമാനം കൊടുപ്പിൻ; അല്ലെങ്കിൽ നിങ്ങൾ പ്രകാശത്തിന്നു കാത്തിരിക്കെ അവൻ അന്ധതമസ്സും കൂരിരുട്ടും വരുത്തും.
  • 17 നിങ്ങൾ കേട്ടനുസരിക്കയില്ലെങ്കിൽ ഞാൻ നിങ്ങളുടെ ഗർവ്വം നിമിത്തം രഹസ്യത്തിൽ കരയും; യഹോവയുടെ ആട്ടിൻ കൂട്ടത്തെ പിടിച്ചു കൊണ്ടുപോയിരിക്കയാൽ ഞാൻ ഏറ്റവും കരഞ്ഞു കണ്ണുനീരൊഴുക്കും.
  • 18 നീ രാജാവിനോടും രാജമാതാവിനോടും: താഴെ ഇറങ്ങി ഇരിപ്പിൻ; നിങ്ങളുടെ ചൂഡാമണിയായ ഭംഗിയുള്ള കിരീടം നിലത്തു വീണിരിക്കുന്നു എന്നു പറക.
  • 19 തെക്കുള്ള പട്ടണങ്ങൾ അടെക്കപ്പെട്ടിരിക്കുന്നു; തുറപ്പാൻ ആരുമില്ല; യെഹൂദയെ മുഴുവനും പിടിച്ചു കൊണ്ടുപോയി, അശേഷം പിടിച്ചു കൊണ്ടുപോയി.
  • 20 നീ തലപൊക്കി വടക്കു നിന്നു വരുന്നവരെ നോക്കുക; നിനക്കു നല്കിയിരുന്ന കൂട്ടം, നിന്റെ മനോഹരമായ ആട്ടിൻ കൂട്ടം എവിടെ?
  • 21 നിനക്കു സഖികളായിരിപ്പാൻ നീ തന്നേ ശീലിപ്പിച്ചവരെ അവൻ നിനക്കു തലവന്മാരായി നിയമിക്കുന്നു എങ്കിൽ നീ എന്തു പറയും? നോവു കിട്ടിയ സ്ത്രീയെപ്പോലെ നിനക്കു വേദന പിടിക്കയില്ലയോ?
  • 22 ഇങ്ങനെ എനിക്കു ഭവിപ്പാൻ സംഗതി എന്തു എന്നു നീ ഹൃദയത്തിൽ ചോദിക്കുന്നുവെങ്കിൽ--നിന്റെ അകൃത്യബഹുത്വം നിമിത്തം നിന്റെ വസ്ത്രത്തിന്റെ വിളുമ്പു നീങ്ങിയും നിന്റെ കുതികാലിന്നു അപമാനം വന്നും ഇരിക്കുന്നു.
  • 23 കൂശ്യന്നു തന്റെ ത്വക്കും പുള്ളിപ്പുലിക്കു തന്റെ പുള്ളിയും മാറ്റുവാൻ കഴിയുമോ? എന്നാൽ ദോഷം ചെയ്‍വാൻ ശീലിച്ചിരിക്കുന്ന നിങ്ങൾക്കും നന്മ ചെയ്‍വാൻ കഴിയും.
  • 24 ആകയാൽ ഞാൻ അവരെ മരുഭൂമിയിലെ കാറ്റത്തു പാറിപ്പോകുന്ന താളടിപോലെ ചിതറിച്ചുകളയും.
  • 25 നീ എന്നെ മറന്നു വ്യാജത്തിൽ ആശ്രയിച്ചിരിക്കകൊണ്ടു ഇതു നിന്റെ ഓഹരിയും ഞാൻ നിനക്കു അളന്നുതന്ന അംശവും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു.
  • 26 അതുകൊണ്ടു ഞാനും നിന്റെ നഗ്നത പ്രത്യക്ഷമാകേണ്ടതിന്നു നിന്റെ വസ്ത്രത്തിന്റെ വിളുമ്പു നിന്റെ മുഖത്തിന്നു മീതെ പൊക്കിവെക്കും.
  • 27 നിന്റെ വ്യഭിചാരം, മദഗർജ്ജനം, വേശ്യാവൃത്തിയുടെ വഷളത്വം എന്നീ മ്ളേച്ഛതകളെ ഞാൻ വയലുകളിലെ കുന്നുകളിന്മേൽ കണ്ടിരിക്കുന്നു; യെരൂശലേമേ, നിനക്കു അയ്യോ കഷ്ടം! നിർമ്മലയായിരിപ്പാൻ നിനക്കു മനസ്സില്ല; ഇങ്ങനെ ഇനി എത്രത്തോളം?