wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


യിരേമ്യാവു അദ്ധ്യായം 15
  • 1 യഹോവ എന്നോടു അരുളിച്ചെയ്തതു: മോശെയും ശമൂവേലും എന്റെ മുമ്പാകെ നിന്നാലും എന്റെ മനസ്സു ഈ ജനത്തിങ്കലേക്കു ചായ്കയില്ല; ഇവരെ എന്റെ മുമ്പിൽനിന്നു ആട്ടിക്കളക; അവർ പോയ്ക്കൊള്ളട്ടെ.
  • 2 ഞങ്ങൾ എവിടേക്കു പോകേണ്ടു എന്നു അവർ നിന്നോടു ചോദിച്ചാൽ നീ അവരോടു: മരണത്തിന്നുള്ളവർ മരണത്തിന്നും വാളിന്നുള്ളവർ വാളിന്നും ക്ഷാമത്തിന്നുള്ളവർ ക്ഷാമത്തിന്നും പ്രവാസത്തിന്നുള്ളവർ പ്രവാസത്തിന്നും പൊയ്ക്കൊള്ളട്ടെ എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.
  • 3 കൊന്നുകളവാൻ വാളും പറിച്ചുകീറുവാൻ നായ്ക്കളും തിന്നു മുടിപ്പാൻ ആകാശത്തിലെ പക്ഷികളും കാട്ടിലെ മൃഗങ്ങളും ഇങ്ങനെ നാലു വകയെ ഞാൻ അവരുടെ നേരെ നിയമിക്കും എന്നു യഹോവയുടെ അരുളപ്പാടു.
  • 4 യെഹൂദാരാജാവായ ഹിസ്കീയാവിന്റെ മകൻ മനശ്ശെനിമിത്തം, അവൻ യെരൂശലേമിൽ ചെയ്തിട്ടുള്ളതു നിമിത്തം തന്നേ, ഞാൻ അവരെ ഭൂമിയിലുള്ള സകല രാജ്യങ്ങളിലും ഒരു ഭീതിവിഷയമാക്കിത്തീർക്കും.
  • 5 യെരൂശലേമേ, ആർക്കു നിന്നോടു കനിവുതോന്നുന്നു? ആർ നിന്നോടു സഹതാപം കാണിക്കും? നിന്റെ ക്ഷേമം ചോദിപ്പാൻ ആർ കയറിവരും?
  • 6 നീ എന്നെ ഉപേക്ഷിച്ചു പിൻവാങ്ങിയിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; അതുകൊണ്ടു ഞാൻ നിന്റെ നേരെ കൈ നീട്ടി നിന്നെ നശിപ്പിക്കും; ഞാൻ കരുണകാണിച്ചു മടുത്തിരിക്കുന്നു.
  • 7 ദേശത്തിന്റെ പടിവാതിലുകളിൽ ഞാൻ അവരെ വീശുമുറംകൊണ്ടു വീശിക്കളഞ്ഞു; ഞാൻ എന്റെ ജനത്തെ മക്കളില്ലാത്തവരാക്കി നശിപ്പിച്ചു: എങ്കിലും അവർ തങ്ങളുടെ വഴികളെ വിട്ടുതിരിഞ്ഞില്ല.
  • 8 അവരുടെ വിധവമാർ കടല്പുറത്തെ മണലിനെക്കാൾ പെരുകിക്കാണുന്നു; യൌവനക്കാരന്റെ അമ്മയുടെ നേരെ ഞാൻ നട്ടുച്ചെക്കു ഒരു വിനാശകനെ വരുത്തി പെട്ടന്നു അവളുടെ മേൽ നടുക്കവും ഭീതിയും വീഴുമാറാക്കിയിരിക്കുന്നു;
  • 9 ഏഴു മക്കളെ പ്രസവിച്ചവൾ ക്ഷീണിച്ചു പ്രാണനെ വിട്ടിരിക്കുന്നു; അവളുടെ സൂര്യൻ പകൽ തീരുംമുമ്പെ അസ്തമിച്ചുപോയി; അവൾ ലജ്ജിച്ചും നാണിച്ചും പോയിരിക്കുന്നു; അവരിൽ ശേഷിപ്പുള്ളവരെ ഞാൻ അവരുടെ ശത്രുക്കൾക്കു മുമ്പിൽ വാളിന്നു ഏല്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.
  • 10 എന്റെ അമ്മേ, സർവ്വദേശത്തിന്നും കലഹക്കാരനും വിവാദക്കാരനും ആയിരിക്കുന്ന എന്നെ നീ പ്രസവിച്ചുവല്ലോ, അയ്യോ കഷ്ടം! ഞാൻ പലിശെക്കു കൊടുത്തിട്ടില്ല; എനിക്കു ആരും പലിശ തന്നിട്ടുമില്ല; എന്നിട്ടും അവരെല്ലാവരും എന്നെ ശപിക്കുന്നു.
  • 11 യഹോവ അരുളിച്ചെയ്തതു: ഞാൻ നിന്നെ നന്മെക്കായി രക്ഷിക്കും നിശ്ചയം; അനർത്ഥകാലത്തും കഷ്ടകാലത്തും ഞാൻ ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും നിശ്ചയം.
  • 12 താമ്രവും ഇരിമ്പും വടക്കൻ ഇരിമ്പും ഒടിഞ്ഞുപോകുമോ?
  • 13 നിന്റെ ദേശത്തൊക്കെയും നിന്റെ സകലപാപങ്ങളും നിമിത്തം നിന്റെ സമ്പത്തും നിക്ഷേപങ്ങളും ഞാൻ വിലവാങ്ങാതെ കവർച്ചെക്കു ഏല്പിച്ചുകൊടുക്കും.
  • 14 നീ അറിയാത്ത ദേശത്തു ഞാൻ നിന്നെ ശത്രുക്കളെ സേവിക്കുമാറാക്കും; എന്റെ കോപത്തിൽ ഒരു തീ ജ്വലിച്ചിരിക്കുന്നു; അതു നിങ്ങളുടെമേൽ കത്തും.
  • 15 യഹോവേ, നീ അറിയുന്നു; എന്നെ ഓർത്തു സന്ദർശിക്കേണമേ; എന്നെ ഉപദ്രവിക്കുന്നവരോടു പ്രതികാരം ചെയ്യേണമേ; നിന്റെ ദീർഘക്ഷമയിൽ എന്നെ എടുത്തുകളയരുതേ; നിന്റെ നിമിത്തം ഞാൻ നിന്ദ സഹിക്കുന്നു എന്നു ഓർക്കേണമേ;
  • 16 ഞാൻ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്റെ വചനങ്ങൾ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന്നു ആനന്ദവും ആയി; സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്റെ നാമം എനിക്കു വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ.
  • 17 കളിക്കാരുടെ കൂട്ടത്തിൽ ഞാൻ ഇരുന്നു ഉല്ലസിച്ചിട്ടില്ല; നീ എന്നെ നീരസംകൊണ്ടു നിറെച്ചിരിക്കയാൽ നിന്റെ കൈനിമിത്തം ഞാൻ തനിച്ചിരുന്നു.
  • 18 എന്റെ വേദന നിരന്തരവും എന്റെ മുറിവു പൊറുക്കാതവണ്ണം വിഷമവും ആയിരിക്കുന്നതെന്തു? നീ എനിക്കു ചതിക്കുന്ന തോടും വറ്റിപ്പോകുന്ന വെള്ളവും പോലെ ആയിരിക്കുമോ?
  • 19 അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ മടങ്ങിവന്നാൽ ഞാൻ നിന്നെ എന്റെ മുമ്പാകെ നില്പാൻ തക്കവണ്ണം വീണ്ടും കൈക്കൊള്ളും; നീ അധമമായതു ഒഴിച്ചു ഉത്തമമായതു പ്രസ്താവിച്ചാൽ നീ എന്റെ വായ്പോലെ ആകും; അവർ നിന്റെ പക്ഷം തിരിയും നീ അവരുടെ പക്ഷം തിരികയില്ല.
  • 20 ഞാൻ നിന്നെ ഈ ജനത്തിന്നു ഉറപ്പുള്ള താമ്രഭിത്തിയാക്കിവെക്കും; അവർ നിന്നോടു യുദ്ധം ചെയ്യും, ജയിക്കയില്ല; നിന്നെ രക്ഷിപ്പാനും വിടുവിപ്പാനും ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.
  • 21 ഞാൻ നിന്നെ ദുഷ്ടന്മാരുടെ കയ്യിൽനിന്നു വിടുവിക്കയും നീഷ്കണ്ടകന്മാരുടെ കയ്യിൽനിന്നു വീണ്ടുകൊള്ളുകയും ചെയ്യും.