wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


യിരേമ്യാവു അദ്ധ്യായം 39
  • 1 യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഒമ്പതാം ആണ്ടിൽ പത്താം മാസത്തിൽ ബാബേൽരാജാവായ നെബൂഖദ്നേസരും അവന്റെ സകലസൈന്യവും യെരൂശലേമിന്റെ നേരെ വന്നു അതിനെ നിരോധിച്ചു.
  • 2 സിദെക്കീയാവിന്റെ പതിനൊന്നാം ആണ്ടിൽ നാലാം മാസം ഒമ്പതാം തിയ്യതി നഗരത്തിന്റെ മതിൽ ഒരിടം ഇടിച്ചുതുറന്നു.
  • 3 ബാബേൽരാജാവിന്റെ സകലപ്രഭുക്കന്മാരുമായ നേർഗ്ഗൽ--ശരേസരും സംഗർ-നെബോവും സർ-സെഖീമും രബ്-സാരീസും നേർഗ്ഗൽ-ശരേസരും രബ്-മാഗും ബാബേൽരാജാവിന്റെ ശേഷം പ്രഭുക്കന്മാരൊക്കെയും അകത്തു കടന്നു നടുവിലത്തെ വാതിൽക്കൽ ഇരുന്നു.
  • 4 യെഹൂദാരാജാവായ സിദെക്കീയാവും എല്ലാ പടയാളികളും അവരെ കണ്ടപ്പോൾ ഓടിപ്പോയി; അവർ രാത്രിയിൽ രാജാവിന്റെ തോട്ടം വഴിയായി രണ്ടു മതിലുകൾക്കും നടുവിലുള്ള വാതിൽക്കൽകൂടി നഗരത്തിൽനിന്നു പുറപ്പെട്ടു അരാബവഴിക്കുപോയി.
  • 5 കല്ദയരുടെ സൈന്യം അവരെ പിന്തുടർന്നു, യെരീഹോ സമഭൂമിയിൽവെച്ചു സിദെക്കീയാവോടൊപ്പം എത്തി അവനെ പിടിച്ചു, ഹമാത്ത് ദേശത്തിലെ രിബ്ളയിൽ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ അടുക്കൽ കൊണ്ടുചെന്നു; അവൻ അവന്നു വിധി കല്പിച്ചു.
  • 6 ബാബേൽ രാജാവു രിബ്ളയിൽവെച്ചു സിദെക്കീയാവിന്റെ പുത്രന്മാരെ അവൻ കാൺകെ കൊന്നു; യെഹൂദാകുലീനന്മാരെ ഒക്കെയും ബാബേൽ രാജാവു കൊന്നുകളഞ്ഞു.
  • 7 അവൻ സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചു, അവനെ ബാബേലിലേക്കു കൊണ്ടുപോകേണ്ടതിന്നു ചങ്ങലയിട്ടു ബന്ധിച്ചു.
  • 8 കല്ദയർ രാജഗൃഹത്തെയും ജനത്തിന്റെ വീടുകളെയും തീ വെച്ചു ചുട്ടു, യെരൂശലേമിന്റെ മതിലുകളെ ഇടിച്ചുകളഞ്ഞു.
  • 9 നഗരത്തിൽ ശേഷിച്ച ജനത്തെയും തന്റെ പക്ഷം ചേരുവാൻ ഓടിവന്നവരെയും ശേഷിച്ചിരുന്ന ജനശിഷ്ടത്തെയും അകമ്പടിനായകനായ നെബൂസർ-അദാൻ ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയി.
  • 10 ജനത്തിൽ ഒന്നുമില്ലാത്ത എളിയവരെ അകമ്പടി നായകനായ നെബൂസർ-അദാൻ യെഹൂദാദേശത്തു പാർപ്പിച്ചു, അവർക്കു അന്നു മുന്തിരിത്തോട്ടങ്ങളും നിലങ്ങളും കൊടുത്തു.
  • 11 യിരെമ്യാവെക്കുറിച്ചു ബാബേൽരാജാവായ നെബൂഖദ്നേസർ അകമ്പടിനായകനായ നെബൂസർ-അദാനോടു:
  • 12 നീ അവനെ വരുത്തി, അവന്റെമേൽ ദൃഷ്ടിവെച്ചു, അവനോടു ഒരു ദോഷവും ചെയ്യാതെ അവൻ നിന്നോടു ആവശ്യപ്പെടുന്നതൊക്കെയും ചെയ്തുകൊടുക്ക എന്നു കല്പിച്ചിരുന്നു.
  • 13 അങ്ങനെ അകമ്പടിനായകനായ നെബൂസർ-അദാനും നെബൂശസ്ബാനും രബ്-സാരീസും നേർഗ്ഗൽ-ശരേസരും രബ്-മാഗും ബാബേൽരാജാവിന്റെ സകലപ്രഭുക്കന്മാരുംകൂടെ ആളയച്ചു,
  • 14 യിരെമ്യാവെ കാവൽപുരമുറ്റത്തുനിന്നു വരുത്തി അവനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകേണ്ടതിന്നു ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ ഏല്പിച്ചു; അങ്ങനെ അവൻ ജനത്തിന്റെ ഇടയിൽ പാർത്തു.
  • 15 യിരെമ്യാവു കാവൽപുരമുറ്റത്തു അടെക്കപ്പെട്ടിരുന്ന കാലത്തു യഹോവയുടെ അരുളപ്പാടു അവന്നുണ്ടായതെന്തെന്നാൽ:
  • 16 നീ ചെന്നു കൂശ്യനായ ഏബെദ്-മേലെക്കിനോടു പറയേണ്ടതു: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ വചനങ്ങളെ ഈ നഗരത്തിന്മേൽ നന്മെക്കല്ല, തിന്മെക്കത്രേ നിവൃത്തിക്കും; അന്നു നീ കാൺകെ അവ നിവൃത്തിയാകും.
  • 17 അന്നു ഞാൻ നിന്നെ വിടുവിക്കും; നീ ഭയപ്പെടുന്ന മനുഷ്യരുടെ കയ്യിൽ നീ ഏല്പിക്കപ്പെടുകയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.
  • 18 ഞാൻ നിന്നെ വിടുവിക്കും; നീ വാളാൽ വീഴുകയില്ല; നിന്റെ ജീവൻ നിനക്കു കൊള്ള കിട്ടിയതുപോലെ ഇരിക്കും; നീ എന്നിൽ ആശ്രയിച്ചിരിക്കുന്നുവല്ലോ എന്നു യഹോവയുടെ അരുളപ്പാടു.