wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ഇയ്യോബ്അദ്ധ്യായം 11
  • 1 അതിന്നു നയമാത്യനായ സോഫർ ഉത്തരം പറഞ്ഞതെന്തെന്നാൽ:
  • 2 വാഗ്ബാഹുല്യത്തിന്നു ഉത്തരം പറയേണ്ടയോ? വിടുവായൻ നീതിമാനായിരിക്കുമോ?
  • 3 നിന്റെ വായ്പട കേട്ടിട്ടു പുരുഷന്മാർ മിണ്ടാതിരിക്കുമോ? നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിപ്പാൻ ആരുമില്ലയോ?
  • 4 എന്റെ ഉപദേശം നിർമ്മലം എന്നും തൃക്കണ്ണിന്നു ഞാൻ വെടിപ്പുള്ളവൻ എന്നും നീ പറഞ്ഞുവല്ലോ.
  • 5 അയ്യോ ദൈവം അരുളിച്ചെയ്കയും നിന്റെ നേരെ അധരം തുറക്കയും
  • 6 ജ്ഞാനമർമ്മങ്ങൾ വിവിധ സാഫല്യമുള്ളവ എന്നു നിന്നെ ഗ്രഹിപ്പിക്കയും ചെയ്തു എങ്കിൽ! അപ്പോൾ നിന്റെ അകൃത്യം ഓരോന്നും ദൈവം ക്ഷമിച്ചിരിക്കുന്നു എന്നു നീ അറിയുമായിരുന്നു.
  • 7 ദൈവത്തിന്റെ ആഗാധതത്വം നിനക്കു ഗ്രഹിക്കാമോ? സർവ്വശക്തന്റെ സമ്പൂർത്തി നിനക്കു മനസ്സിലാകുമോ?
  • 8 അതു ആകാശത്തോളം ഉയരമുള്ളതു; നീ എന്തു ചെയ്യും; അതു പാതാളത്തെക്കാൾ അഗാധമായതു; നിനക്കെന്തറിയാം?
  • 9 അതിന്റെ പരിമാണം ഭൂമിയെക്കാൾ നീളവും സമുദ്രത്തെക്കാൾ വീതിയും ഉള്ളതു.
  • 10 അവൻ കടന്നുവന്നു ബന്ധിക്കയും വിസ്താരസഭയെ കൂട്ടുകയും ചെയ്താൽ അവനെ തടുക്കുന്നതു ആർ?
  • 11 അവൻ നിസ്സാരന്മാരെ അറിയുന്നുവല്ലോ; ദൃഷ്ടിവെക്കാതെ തന്നേ അവൻ ദ്രോഹം കാണുന്നു.
  • 12 പൊണ്ണനായവനും ബുദ്ധിപ്രാപിക്കും; കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കും;
  • 13 നീ നിന്റെ ഹൃദയത്തെ സ്ഥിരമാക്കി അവങ്കലേക്കു കൈമലർത്തുമ്പോൾ
  • 14 നിന്റെ കയ്യിൽ ദ്രോഹം ഉണ്ടെങ്കിൽ അതിനെ അകറ്റുക; നീതികേടു നിന്റെ കൂടാരങ്ങളിൽ പാർപ്പിക്കരുതു.
  • 15 അപ്പോൾ നീ കളങ്കംകൂടാതെ മുഖം ഉയർത്തും; നീ ഉറെച്ചുനില്ക്കും; ഭയപ്പെടുകയുമില്ല.
  • 16 അതേ, നീ കഷ്ടത മറക്കും; ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓർക്കും.
  • 17 നിന്റെ ആയുസ്സു മദ്ധ്യാഹ്നത്തെക്കാൾ പ്രകാശിക്കും; ഇരുൾ പ്രഭാതംപോലെയാകും.
  • 18 പ്രത്യാശയുള്ളതുകൊണ്ടു നീ നിർഭയനായിരിക്കും; നീ ചുറ്റും നോക്കി സ്വൈരമായി വസിക്കും;
  • 19 നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല; പലരും നിന്റെ മമത അന്വേഷിക്കും.
  • 20 എന്നാൽ ദുഷ്ടന്മാരുടെ കണ്ണു മങ്ങിപ്പോകും; ശരണം അവർക്കു പോയ്പോകും; പ്രാണനെ വിടുന്നതത്രേ അവർക്കുള്ള പ്രത്യാശ.