wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ഇയ്യോബ്അദ്ധ്യായം 38
  • 1 അനന്തരം യഹോവ ചുഴലിക്കാറ്റിൽ നിന്നു ഇയ്യോബിനോടു ഉത്തരം അരുളിച്ചെയ്തതെന്തെന്നാൽ:
  • 2 അറിവില്ലാത്ത വാക്കുകളാൽ ആലോചനയെ ഇരുളാക്കുന്നോരിവനാർ?
  • 3 നീ പുരുഷനെപ്പോലെ അര മുറുക്കികൊൾക; ഞാൻ നിന്നോടു ചോദിക്കും; എന്നോടു ഉത്തരം പറക.
  • 4 ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക.
  • 5 അതിന്റെ അളവു നിയമിച്ചവൻ ആർ? നീ അറിയുന്നുവോ? അല്ല, അതിന്നു അളവുനൂൽ പിടിച്ചവനാർ?
  • 6 പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ
  • 7 അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആർ?
  • 8 ഗർഭത്തിൽനിന്നു എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ അതിനെ കതകുകളാൽ അടെച്ചവൻ ആർ?
  • 9 അന്നു ഞാൻ മേഘത്തെ അതിന്നു ഉടുപ്പും കൂരിരുളിനെ അതിന്നു ചുറ്റാടയും ആക്കി;
  • 10 ഞാൻ അതിന്നു അതിർ നിയമിച്ചു കതകും ഓടാമ്പലും വെച്ചു.
  • 11 ഇത്രത്തോളം നിനക്കുവരാം; ഇതു കടക്കരുതു; ഇവിടെ നിന്റെ തിരമാലകളുടെ ഗർവ്വം നിലെക്കും എന്നു കല്പിച്ചു.
  • 12 ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിന്നും ദുഷ്ടന്മാരെ അതിൽനിന്നു കുടഞ്ഞുകളയേണ്ടതിന്നും
  • 13 നിന്റെ ജീവകാലത്തൊരിക്കലെങ്കിലും നീ പ്രഭാതത്തിന്നു കല്പന കൊടുക്കയും അരുണോദയത്തിന്നു സ്ഥലം ആദേശിക്കയും ചെയ്തിട്ടുണ്ടോ?
  • 14 അതു മുദ്രെക്കു കീഴിലെ അരകൂപോലെ മാറുന്നു; വസ്ത്രംപോലെ ആസകലം വിളങ്ങിനില്ക്കുന്നു.
  • 15 ദുഷ്ടന്മാർക്കു വെളിച്ചം മുടങ്ങിപ്പോകുന്നു; ഓങ്ങിയ ഭുജവും ഒടിഞ്ഞുപോകുന്നു.
  • 16 നീ സമുദ്രത്തിന്റെ ഉറവുകളോളം ചെന്നിട്ടുണ്ടോ? ആഴിയുടെ ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടോ?
  • 17 മരണത്തിന്റെ വാതിലുകൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അന്ധതമസ്സിന്റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ?
  • 18 ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇതൊക്കെയും അറിയുന്നുവെങ്കിൽ പ്രസ്താവിക്ക.
  • 19 വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴി ഏതു? ഇരുളിന്റെ പാർപ്പിടവും എവിടെ?
  • 20 നിനക്കു അവയെ അവയുടെ അതിരോളം കൊണ്ടുപോകാമോ? അവയുടെ വീട്ടിലേക്കുള്ള പാത അറിയാമോ?
  • 21 നീ അന്നേ ജനിച്ചിരുന്നുവല്ലോ; നിനക്കു ആയുസ്സു ഒട്ടും കുറവല്ലല്ലോ; നീ അതു അറിയാതിരിക്കുമോ?
  • 22 നീ ഹിമത്തിന്റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ? കന്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ?
  • 23 ഞാൻ അവയെ കഷ്ടകാലത്തേക്കും പോരും പടയുമുള്ള നാളിലേക്കും സംഗ്രഹിച്ചുവെച്ചിരിക്കുന്നു.
  • 24 വെളിച്ചം പിരിഞ്ഞുപോകുന്നതും കിഴക്കൻ കാറ്റു ഭൂമിമേൽ വ്യാപിക്കുന്നതും ആയ വഴി ഏതു?
  • 25 നിർജ്ജനദേശത്തും ആൾ പാർപ്പില്ലാത്ത മരുഭൂമിയിലും മഴ പെയ്യിക്കേണ്ടതിന്നും
  • 26 തരിശും ശൂന്യവുമായ നിലത്തിന്റെ ദാഹം തീർക്കേണ്ടതിന്നും ഇളമ്പുല്ലു മുളെപ്പിക്കേണ്ടതിന്നും
  • 27 ജലപ്രവാഹത്തിന്നു ചാലും ഇടിമിന്നലിന്നു പാതയും വെട്ടിക്കൊടുത്തതാർ?
  • 28 മഴെക്കു അപ്പനുണ്ടോ? അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാർ?
  • 29 ആരുടെ ഗർഭത്തിൽനിന്നു ഹിമം പുറപ്പെടുന്നു? ആകാശത്തിലെ നീഹാരത്തെ ആർ പ്രസവിക്കുന്നു?
  • 30 വെള്ളം കല്ലുപോലെ ഉറെച്ചുപോകുന്നു. ആഴിയുടെ മുഖം കട്ടിയായിത്തീരുന്നു.
  • 31 കാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? മകയിരത്തിന്റെ ബന്ധനങ്ങൾ അഴിക്കാമോ?
  • 32 നിനക്കു രാശിചക്രത്തെ അതിന്റെ കാലത്തു പുറപ്പെടുവിക്കാമോ? സപ്തർഷികളെയും മക്കളെയും നിനക്കു നടത്താമോ?
  • 33 ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ? അതിന്നു ഭൂമിമേലുള്ള സ്വാധീനത നിർണ്ണയിക്കാമോ?
  • 34 ജലപ്രവാഹം നിന്നെ മൂടേണ്ടതിന്നു നിനക്കു മേഘങ്ങളോളം ശബ്ദം ഉയർത്താമോ?
  • 35 അടിയങ്ങൾ വിടകൊള്ളുന്നു എന്നു നിന്നോടു പറഞ്ഞു പുറപ്പെടുവാന്തക്കവണ്ണം നിനക്കു മിന്നലുകളെ പറഞ്ഞയക്കാമോ?
  • 36 അന്തരംഗത്തിൽ ജ്ഞാനത്തെ വെച്ചവനാർ? മനസ്സിന്നു വിവേകം കൊടുത്തവൻ ആർ?
  • 37 ഉരുക്കിവാർത്തതുപോലെ പൊടിതമ്മിൽ കൂടുമ്പോഴും മൺകട്ട ഒന്നോടൊന്നു പറ്റിപ്പോകുമ്പോഴും
  • 38 ജ്ഞാനത്താൽ മേഘങ്ങളെ എണ്ണുന്നതാർ? ആകാശത്തിലെ തുരുത്തികളെ ചരിക്കുന്നതാർ?
  • 39 സിംഹങ്ങൾ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും അവ മുറ്റുകാട്ടിൽ പതിയിരിക്കുമ്പോഴും
  • 40 നീ സിംഹിക്കു ഇര വേട്ടയാടിക്കൊടുക്കുമോ? ബാലസിംഹങ്ങളുടെ വിശപ്പടക്കുമോ?
  • 41 കാക്കകൂഞ്ഞുങ്ങൾ ഇരകിട്ടാതെ ഉഴന്നു ദൈവത്തോടു നിലവിളിക്കുമ്പോൾ അതിന്നു തീൻ എത്തിച്ചു കൊടുക്കുന്നതാർ?