wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


യോനാഅദ്ധ്യായം 1
  • 1 അമിത്ഥായുടെ മകനായ യോനെക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:
  • 2 നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു അതിന്നു വിരോധമായി പ്രസംഗിക്ക; അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു.
  • 3 എന്നാൽ യോനാ യഹോവയുടെ സന്നിധിയിൽനിന്നു തർശീശിലേക്കു ഓടിപ്പോകേണ്ടതിന്നു പുറപ്പെട്ടു യാഫോവിലേക്കു ചെന്നു, തർശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടു കൂലി കൊടുത്തു യഹോവയുടെ സന്നിധിയിൽനിന്നു അവരോടുകൂടെ തർശീശിലേക്കു പോയ്ക്കളവാൻ അതിൽ കയറി.
  • 4 യഹോവയോ സമുദ്രത്തിൽ ഒരു പെരുങ്കാറ്റു അടിപ്പിച്ചു; കപ്പൽ തകർന്നു പോകുവാൻ തക്കവണ്ണം സമുദ്രത്തിൽ വലിയൊരു കോൾ ഉണ്ടായി.
  • 5 കപ്പൽക്കാർ ഭയപ്പെട്ടു ഓരോരുത്തൻ താന്താന്റെ ദേവനോടു നിലവിളിച്ചു; കപ്പലിന്നു ഭാരം കുറെക്കേണ്ടതിന്നു അവർ അതിലെ ചരക്കു സമുദ്രത്തിൽ എറിഞ്ഞുകളഞ്ഞു. യോനയോ കപ്പലിന്റെ അടിത്തട്ടിൽ ഇറങ്ങി കിടന്നു നല്ലവണ്ണം ഉറങ്ങുകയായിരുന്നു.
  • 6 കപ്പൽപ്രമാണി അവന്റെ അടുക്കൽ വന്നു അവനോടു: നീ ഉറങ്ങുന്നതു എന്തു? എഴുന്നേറ്റു നിന്റെ ദൈവത്തെ വിളിച്ചപേക്ഷിക്ക; നാം നശിച്ചുപോകാതിരിക്കേണ്ടതിന്നു ദൈവം പക്ഷേ നമ്മെ കടാക്ഷിക്കും എന്നു പറഞ്ഞു.
  • 7 അനന്തരം അവർ: വരുവിൻ; ആരുടെ നിമിത്തം ഈ അനർത്ഥം നമ്മുടെമേൽ വന്നിരിക്കുന്നു എന്നറിയേണ്ടതിന്നു നാം ചീട്ടിടുക എന്നു തമ്മിൽ തമ്മിൽ പറഞ്ഞു. അങ്ങനെ അവർ ചീട്ടിട്ടു; ചീട്ടു യോനെക്കു വീണു.
  • 8 അവർ അവനോടു: ആരുടെനിമിത്തം ഈ അനർത്ഥം നമ്മുടെമേൽ വന്നു എന്നു നീ പറഞ്ഞുതരേണം; നിന്റെ തൊഴിൽ എന്തു? നീ എവിടെനിന്നു വരുന്നു? നിന്റെ നാടു ഏതു? നീ ഏതു ജാതിക്കാരൻ? എന്നു ചോദിച്ചു.
  • 9 അതിന്നു അവൻ അവരോടു: ഞാൻ ഒരു എബ്രായൻ, കടലും കരയും ഉണ്ടാക്കിയ സ്വർഗ്ഗീയദൈവമായ യഹോവയെ ഞാൻ ഭജിച്ചുവരുന്നു എന്നു പറഞ്ഞു.
  • 10 ആ പുരുഷന്മാർ അത്യന്തം ഭയപ്പെട്ടു അവനോടു: നീ എന്തിന്നു അങ്ങനെ ചെയ്തു എന്നു പറഞ്ഞു. അവൻ അവരോടു അറിയിച്ചിരുന്നതുകൊണ്ടു അവൻ യഹോവയുടെ സന്നിധിയിൽനിന്നു ഓടിപ്പോകുന്നു എന്നു അവർ അറിഞ്ഞു.
  • 11 എന്നാൽ സമുദ്രം മേല്ക്കുമേൽ അധികം കോപിച്ചതുകൊണ്ടു അവർ അവനോടു: സമുദ്രം അടങ്ങുവാന്തക്കവണ്ണം ഞങ്ങൾ നിന്നോടു എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു.
  • 12 അവൻ അവരോടു: എന്നെ എടുത്തു സമുദ്രത്തിൽ ഇട്ടുകളവിൻ; അപ്പോൾ സമുദ്രം അടങ്ങും; എന്റെ നിമിത്തം ഈ വലിയ കോൾ നിങ്ങൾക്കു തട്ടിയിരിക്കുന്നു എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.
  • 13 എന്നാൽ അവർ കരെക്കു അടുക്കേണ്ടതിന്നു മുറുകെ തണ്ടുവലിച്ചു; എങ്കിലും സമുദ്രം കോപിച്ചു കോൾ പെരുകി വന്നതുകൊണ്ടു അവർക്കു സാധിച്ചില്ല.
  • 14 അവർ യഹോവയോടു നിലവിളിച്ചു: അയ്യോ യഹോവേ, ഈ മനുഷ്യന്റെ ജീവൻ നിമിത്തം ഞങ്ങൾ നശിച്ചുപോകരുതേ; നിർദ്ദോഷരക്തം ചൊരിയിച്ച കുറ്റം ഞങ്ങളുടെമേൽ വരുത്തരുതേ; യഹോവേ, നിനക്കു ഇഷ്ടമായതു പോലെ നീ ചെയ്തിരിക്കുന്നുവല്ലോ എന്നു പറഞ്ഞു
  • 15 പിന്നെ അവർ യോനയെ എടുത്തു സമുദ്രത്തിൽ ഇട്ടുകളകയും സമുദ്രത്തിന്റെ കോപം അടങ്ങുകയും ചെയ്തു.
  • 16 അപ്പോൾ അവർ യഹോവയെ അത്യന്തം ഭയപ്പെട്ടു യഹോവെക്കു യാഗം കഴിച്ചു നേർച്ചകളും നേർന്നു.
  • 17 യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു. അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ വയറ്റിൽ കിടന്നു.