wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


യോശുവഅദ്ധ്യായം 17
  • 1 യോസേഫിന്റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിന്നും ഓഹരി കിട്ടി; മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്റെ അപ്പനും ആയ മാഖീർ യുദ്ധവീരനായിരുന്നതുകൊണ്ടു അവന്നു ഗിലെയാദും ബാശാനും ലഭിച്ചു.
  • 2 മനശ്ശെയുടെ ശേഷം പുത്രന്മാരായ അബീയേസെരിന്റെ മക്കൾ, ഹേലെക്കിന്റെ മക്കൾ, അസ്രീയേലിന്റെ മക്കൾ, ശേഖെമിന്റെ മക്കൾ, ഹേഫെരിന്റെ മക്കൾ, ശെമീദാവിന്റെ മക്കൾ എന്നിവർക്കും കുടുംബംകുടുംബമായി ഓഹരി കിട്ടി; ഇവർ കുടുംബംകുടുംബമായി യോസേഫിന്റെ മകനായ മനശ്ശെയുടെ മക്കൾ ആയിരുന്നു.
  • 3 എന്നാൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകൻ ശെലോഫഹാദിന്നു പുത്രിമാരല്ലാതെ പുത്രന്മാർ ഇല്ലായിരുന്നു; അവന്റെ പുത്രിമാർക്കും: മഹ്ള, നോവ, ഹൊഗ്ള, മിൽക്ക, തിർസ എന്നു പേരായിരുന്നു.
  • 4 അവർ പുരോഹിതനായ എലെയാസരിന്റെയും നൂന്റെ മകനായ യോശുവയുടെയും പ്രഭുക്കന്മാരുടെയും മുമ്പിൽ അടുത്തുചെന്നു: ഞങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തിൽ ഒരു അവകാശം ഞങ്ങൾക്കു തരുവാൻ യഹോവ മോശെയോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു. അങ്ങനെ അവൻ യഹോവയുടെ കല്പനപ്രകാരം അവരുടെ അപ്പന്റെ സഹോദരന്മാരുടെ കൂട്ടത്തിൽ അവർക്കു ഒരു അവകാശം കൊടുത്തു.
  • 5 ഇങ്ങനെ മനശ്ശെയുടെ പുത്രിമാർക്കു അവന്റെ പുത്രന്മാരുടെ കൂട്ടത്തിൽ അവകാശം ലഭിച്ചതുകൊണ്ടു മനശ്ശെക്കു യോർദ്ദാന്നക്കരെ ഗിലെയാദ് ദേശവും ബാശാനും കൂടാതെ പത്തു ഓഹരി കിട്ടി.
  • 6 മനശ്ശെയുടെ ശേഷം പുത്രന്മാർക്കു ഗിലെയാദ് ദേശം കിട്ടി.
  • 7 മനശ്ശെയുടെ അതിരോ ആശേർമുതൽ ശേഖെമിന്നു കിഴക്കുള്ള മിഖ്മെഥാത്ത്‌വരെ ചെന്നു വലത്തോട്ടു തിരിഞ്ഞു ഏൻ-തപ്പൂഹയിലെ നിവാസികളുടെ അടുക്കലോളം നീണ്ടുകിടക്കുന്നു.
  • 8 തപ്പൂഹദേശം മനശ്ശെക്കുള്ളതായിരുന്നു; എങ്കിലും മനശ്ശെയുടെ അതിരിലുള്ള തപ്പൂഹപട്ടണം എഫ്രയീമ്യർക്കു ഉള്ളതായിരുന്നു.
  • 9 പിന്നെ ആ അതിർ കാനാതോട്ടിങ്കലേക്കു തോട്ടിന്റെ തെക്കുകൂടി ഇറങ്ങുന്നു. ഈ പട്ടണങ്ങൾ മനശ്ശെയുടെ പട്ടണങ്ങൾക്കിടയിൽ എഫ്രയീമിന്നുള്ളവ; മനശ്ശെയുടെ അതിർ തോട്ടിന്റെ വടക്കുവശത്തുകൂടി ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
  • 10 തെക്കുഭാഗം എഫ്രയീമിന്നും വടക്കുഭാഗം മനശ്ശെക്കും ഉള്ളതു. സമുദ്രം അവന്റെ അതിർ ആകുന്നു;
  • 11 അതു വടക്കു ആശേരിനോടും കിഴക്കു യിസ്സാഖാരിനോടും തൊട്ടിരിക്കുന്നു. യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്ത്-ശെയാനും അതിന്റെ അധീനനഗരങ്ങളും യിബ്ളെയാമും അതിന്റെ അധീനനഗരങ്ങളും ദോർനിവാസികളും അതിന്റെ അധീനനഗരങ്ങളും ഏൻ-ദോർനിവാസികളും അതിന്റെ അധീനനഗരങ്ങളും താനാൿ നിവാസികളും അതിന്റെ അധീനനഗരങ്ങളും മെഗിദ്ദോനിവാസികളും അതിന്റെ അധീനനഗരങ്ങളും ഉണ്ടായിരുന്നു; മൂന്നു മേടുകൾ തന്നേ.
  • 12 എന്നാൽ മനശ്ശെയുടെ മക്കൾക്കു ആ പട്ടണങ്ങളിലെ നിവാസികളെ നീക്കിക്കളവാൻ കഴിഞ്ഞില്ല; കനാന്യർക്കു ആ ദേശത്തിൽ തന്നേ പാർപ്പാനുള്ള താല്പര്യം സാധിച്ചു.
  • 13 എന്നാൽ യിസ്രായേൽമക്കൾ ബലവാന്മാരായി തീർന്നപ്പോൾ അവരെ നീക്കിക്കളയാതെ അവരെക്കൊണ്ടു ഊഴിയവേല ചെയ്യിച്ചു.
  • 14 അനന്തരം യോസേഫിന്റെ മക്കൾ യോശുവയോടു: യഹോവ ഇതുവരെ ഞങ്ങളെ അനുഗ്രഹിച്ചു ഞങ്ങൾ ഒരു വലിയ ജനമായി തീർന്നിരിക്കെ ഒരു നറുക്കും ഓഹരിയും മാത്രം നീ ഞങ്ങൾക്കു തന്നതു എന്തു എന്നു ചോദിച്ചു.
  • 15 യോശുവ അവരോടു: നിങ്ങൾ വലിയൊരു ജനം എങ്കിൽ എഫ്രയീംപർവ്വതം നിങ്ങൾക്കു വിസ്താരം പോരാത്തതാകകൊണ്ടു കാട്ടുപ്രദേശത്തു ചെന്നു പെരിസ്യരുടെയും മല്ലന്മാരുടെയും ദേശത്തു കാടുവെട്ടി സ്ഥലം എടുത്തു കൊൾവിൻ എന്നു ഉത്തരം പറഞ്ഞു.
  • 16 അതിന്നു യോസേഫിന്റെ മക്കൾ: മലനാടു ഞങ്ങൾക്കു പോരാ; ബേത്ത്-ശെയാനിലും അതിന്റെ അധീനനഗരങ്ങളിലും യിസ്രായേൽ താഴ്വരയിലും ഇങ്ങനെ താഴ്‍വീതി പ്രദേശത്തു പാർക്കുന്ന കനാന്യർക്കൊക്കെയും ഇരിമ്പു രഥങ്ങൾ ഉണ്ടു എന്നു പറഞ്ഞു.
  • 17 യോശുവ യോസേഫിന്റെ കുലമായ എഫ്രയീമിനോടും മനശ്ശെയോടും പറഞ്ഞതു: നിങ്ങൾ വലിയോരു ജനം തന്നേ; മഹാശക്തിയും ഉണ്ടു; നിങ്ങൾക്കു ഒരു ഓഹരിമാത്രമല്ല വരേണ്ടതു.
  • 18 മലനാടു നിനക്കുള്ളതു ആയിരിക്കേണം; അതു കാടാകുന്നു എങ്കിലും നിങ്ങൾ അതു വെട്ടിത്തെളിക്കേണം അതിന്റെ അറുതിപ്രദേശങ്ങളും നിങ്ങൾക്കുള്ളവ തന്നേ; കനാന്യർ ഇരിമ്പുരഥങ്ങൾ ഉള്ളവരും ബലവാന്മാരും ആകുന്നു എങ്കിലും നിങ്ങൾ അവരെ നീക്കിക്കളയും.