wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


വിലാപങ്ങൾഅദ്ധ്യായം 4
  • 1 അയ്യോ, പൊന്നു മങ്ങിപ്പോയി, നിർമ്മല തങ്കം മാറിപ്പോയി, വിശുദ്ധരത്നങ്ങൾ സകലവീഥികളുടെയും തലെക്കൽ ചൊരിഞ്ഞു കിടക്കുന്നു.
  • 2 തങ്കത്തോടു തുല്യരായിരുന്ന സീയോന്റെ വിശിഷ്ടപുത്രന്മാരെ കുശവന്റെ പണിയായ മൺപാത്രങ്ങളെപ്പോലെ എണ്ണിയിരിക്കുന്നതെങ്ങനെ?
  • 3 കുറുനരികൾപോലും മുലകാണിച്ചു കുട്ടികളെ കുടിപ്പിക്കുന്നു; എന്റെ ജനത്തിന്റെ പുത്രിയോ മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ക്രൂരയായ്തീർന്നിരിക്കുന്നു
  • 4 മുലകുടിക്കുന്ന കുഞ്ഞിന്റെ നാവു ദാഹംകൊണ്ടു അണ്ണാക്കോടു പറ്റിയിരിക്കുന്നു; പൈതങ്ങൾ അപ്പം ചോദിക്കുന്നു; ആരും നുറുക്കിക്കൊടുക്കുന്നതുമില്ല.
  • 5 സ്വാദുഭോജ്യങ്ങളെ അനുഭവിച്ചുവന്നവർ വീഥികളിൽ പട്ടിണികിടക്കുന്നു; ധൂമ്രവസ്ത്രം ധരിച്ചു വളർന്നവർ കുപ്പകളെ ആലിംഗനം ചെയ്യുന്നു.
  • 6 കൈ തൊടാതെ പെട്ടെന്നു മറിഞ്ഞുപോയ സൊദോമിന്റെ പാപത്തെക്കാൾ എന്റെ ജനത്തിന്റെ പുത്രിയുടെ അകൃത്യം വലുതാകുന്നു.
  • 7 അവളുടെ പ്രഭുക്കന്മാർ ഹിമത്തിലും നിർമ്മലന്മാരും പാലിലും വെളുത്തവരുമായിരുന്നു; അവരുടെ ദേഹം പവിഴത്തിലും ചുവപ്പുള്ളതും അവരുടെ ശോഭ നീലക്കല്ലുപോലെയും ആയിരുന്നു.
  • 8 അവരുടെ മുഖം കരിക്കട്ടയെക്കാൾ കറുത്തിരിക്കുന്നു; വീഥികളിൽ അവരെ കണ്ടിട്ടു ആരും അറിയുന്നില്ല; അവരുടെ ത്വൿ അസ്ഥികളോടു പറ്റി ഉണങ്ങി മരംപോലെ ആയിത്തീർന്നിരിക്കുന്നു.
  • 9 വാൾകൊണ്ടു മരിക്കുന്നവർ വിശപ്പുകൊണ്ടു മരിക്കുന്നവരിലും ഭാഗ്യവാന്മാർ; അവർ നിലത്തിലെ അനുഭവമില്ലയാകയാൽ ബാധിതരായി ക്ഷീണിച്ചുപോകുന്നു.
  • 10 കരുണയുള്ള സ്ത്രീകൾ തങ്ങളുടെ പൈതങ്ങളെ സ്വന്തകൈകൊണ്ടു പാകം ചെയ്തു; അവർ എന്റെ ജനത്തിൻ പുത്രിയുടെ നാശത്തിങ്കൽ അവർക്കു ആഹാരമായിരുന്നു.
  • 11 യഹോവ തന്റെ ക്രോധം നിവർത്തിച്ചു, തന്റെ ഉഗ്രകോപം ചൊരിഞ്ഞിരിക്കുന്നു; അവൻ സീയോനിൽ തീ കത്തിച്ചു: അതു അതിന്റെ അടിസ്ഥാനങ്ങളെ ദഹിപ്പിച്ചുകളഞ്ഞു.
  • 12 വൈരിയും ശത്രുവും യെരൂശലേമിന്റെ വാതിലുകൾക്കകത്തു കടക്കും എന്നു ഭൂരാജാക്കന്മാരും ഭൂവാസികൾ ആരും വിശ്വസിച്ചിരുന്നില്ല.
  • 13 അതിന്റെ നടുവിൽ നീതിമാന്മാരുടെ രക്തം ചൊരിഞ്ഞിട്ടുള്ള പ്രവാചകന്മാരുടെ പാപങ്ങളും പുരോഹിതന്മാരുടെ അകൃത്യങ്ങളും ഹേതുവായി.
  • 14 അവർ കുരടന്മാരായി വീഥികളിൽ ഉഴന്നു രക്തം പുരണ്ടു നടക്കുന്നു; അവരുടെ വസ്ത്രം ആർക്കും തൊട്ടുകൂടാ.
  • 15 മാറുവിൻ! അശുദ്ധൻ! മാറുവിൻ! മാറുവിൻ! തൊടരുതു! എന്നു അവരോടു വിളിച്ചുപറയും; അവർ ഓടി ഉഴലുമ്പോൾ: അവർ ഇനി ഇവിടെ വന്നു പാർക്കയില്ല എന്നു ജാതികളുടെ ഇടയിൽ പറയും.
  • 16 യഹോവയുടെ നോട്ടം അവരെ ചിതറിച്ചു; അവൻ അവരെ കടാക്ഷിക്കയില്ല; അവർ പുരോഹിതന്മാരെ ആദരിച്ചില്ല, വൃദ്ധന്മാരോടു കൃപ കാണിച്ചതുമില്ല.
  • 17 വ്യർത്ഥസഹായത്തിന്നായി നോക്കി ഞങ്ങളുടെ കണ്ണു ഇപ്പോഴും മങ്ങുന്നു; രക്ഷിപ്പാൻ കഴിയാത്ത ജാതിക്കായി ഞങ്ങൾ ഞങ്ങളുടെ കാവൽമാളികയിൽ കാത്തിരിക്കുന്നു.
  • 18 ഞങ്ങളുടെ വീഥികളിൽ ഞങ്ങൾക്കു നടന്നു കൂടാതവണ്ണം അവർ ഞങ്ങളുടെ കാലടികൾക്കു പതിയിരിക്കുന്നു; ഞങ്ങളുടെ അവസാനം അടുത്തു, ഞങ്ങളുടെ കാലം തികഞ്ഞു, ഞങ്ങളുടെ അവസാനം വന്നിരിക്കുന്നു.
  • 19 ഞങ്ങളെ പിന്തുടർന്നവർ ആകാശത്തിലെ കഴുക്കളിലും വേഗമുള്ളവർ; അവർ മലകളിൽ ഞങ്ങളെ പിന്തുടർന്നു, മരുഭൂമിയിൽ ഞങ്ങൾക്കായി പതിയിരുന്നു.
  • 20 ഞങ്ങളുടെ ജീവശ്വാസമായി, യഹോവയുടെ അഭിഷിക്തനായവൻ അവരുടെ കുഴികളിൽ അകപ്പെട്ടിരിക്കുന്നു; അവന്റെ നിഴലിൽ നാം ജാതികളുടെ മദ്ധ്യേ ജിവിക്കും എന്നു ഞങ്ങൾ വിചാരിച്ചിരുന്നു.
  • 21 ഊസ് ദേശത്തു പാർക്കുന്ന എദോംപുത്രിയേ, സന്തോഷിച്ചു ആനന്ദിക്ക; പാനപാത്രം നിന്റെ അടുക്കലേക്കും വരും; നീ ലഹരിപിടിച്ചു നിന്നെത്തന്നേ നഗ്നയാക്കും.
  • 22 സീയോൻ പുത്രിയേ, നിന്റെ അകൃത്യം തീർന്നിരിക്കുന്നു; ഇനി അവൻ നിന്നെ പ്രവാസത്തിലേക്കു അയക്കയില്ല; എദോംപുത്രിയേ അവൻ നിന്റെ അകൃത്യം സന്ദർശിക്കയും നിന്റെ പാപങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും.