- 1 ഒരുവന്റെ വഴിപാടു സാമാധാനയാഗം ആകുന്നുവെങ്കിൽ കന്നുകാലികളിൽ ഒന്നിനെ അർപ്പിക്കുന്നതായാൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അവൻ യഹോവയുടെ സന്നിധിയിൽ അർപ്പിക്കേണം.
- 2 തന്റെ വഴിപാടിന്റെ തലയിൽ അവൻ കൈവെച്ചു സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽവെച്ചു അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
- 3 അവൻ സമാധാനയാഗത്തിൽനിന്നു കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലിരിക്കുന്ന സകലമേദസ്സും മൂത്രപിണ്ഡം രണ്ടും
- 4 അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവെക്കു ദഹനയാഗമായി അർപ്പിക്കേണം.
- 5 അഹരോന്റെ പുത്രന്മാർ യാഗപീഠത്തിൽ തീയുടെ മേലുള്ള വിറകിന്മേൽ ഹോമയാഗത്തിന്മീതെ അതു ദഹിപ്പിക്കേണം; അതു യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗം.
- 6 യഹോവെക്കു സമാധാനയാഗമായുള്ള വഴിപാടു ആടു ആകുന്നു എങ്കിൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അർപ്പിക്കേണം.
- 7 ഒരു കുഞ്ഞാടിനെ വഴിപാടായിട്ടു അർപ്പിക്കുന്നു എങ്കിൽ അതിനെ യഹോവയുടെ സന്നിധിയിൽ അർപ്പിക്കേണം.
- 8 തന്റെ വഴിപാടിന്റെ തലയിൽ അവൻ കൈവെച്ചു സമാഗമനക്കുടാരത്തിന്റെ മുമ്പാകെ അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
- 9 അവൻ സമാധാനയാഗത്തിൽനിന്നു അതിന്റെ മേദസ്സും തടിച്ചവാൽ മുഴുവനും - ഇതു തണ്ടെല്ലിങ്കൽ നിന്നു പറിച്ചുകളയേണം - കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും
- 10 മൂത്രപിണ്ഡം രണ്ടും അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവെക്കു ദഹനയാഗമായി അർപ്പിക്കേണം.
- 11 പുരോഹിതൻ അതു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു യഹോവെക്കു ദഹനയാഗഭോജനം.
- 12 അവന്റെ വഴിപാടു കോലാടു ആകുന്നു എങ്കിൽ അവൻ അതിനെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണം.
- 13 അതിന്റെ തലയിൽ അവൻ കൈവെച്ചു സമാഗമനക്കുടാരത്തിന്റെ മുമ്പാകെ അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
- 14 അതിൽനിന്നു കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകല മേദസ്സും മൂത്രപിണ്ഡം രണ്ടും
- 15 അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സം മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും നീക്കി അവൻ യഹോവെക്കു ദഹനയാഗമായി തന്റെ വഴിപാടു അർപ്പിക്കേണം.
- 16 പുരോഹിതൻ അതു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു സൌരഭ്യവാസനയായ ദഹന യാഗഭോജനം; മേദസ്സൊക്കെയും യഹോവെക്കുള്ളതു ആകുന്നു.
- 17 മേദസ്സും രക്തവും തിന്നരുതു എന്നുള്ളതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും നിങ്ങൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
Leviticus 03
- Details
- Parent Category: Old Testament
- Category: Leviticus
ലേവ്യപുസ്തകം അദ്ധ്യായം 3