wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ലേവ്യപുസ്തകംഅദ്ധ്യായം 19
  • 1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
  • 2 നീ യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറയേണ്ടതു എന്തെന്നാൽ: നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ.
  • 3 നിങ്ങൾ ഓരോരുത്തൻ താന്താന്റെ അമ്മയെയും അപ്പനെയും ഭയപ്പെടേണം; എന്റെ ശബ്ബത്തുകൾ പ്രമാണിക്കേണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
  • 4 വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുതു; ദേവന്മാരെ നിങ്ങൾക്കു വാർത്തുണ്ടാക്കരുതു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
  • 5 യഹോവെക്കു സമാധാനയാഗം അർപ്പിക്കുന്നു എങ്കിൽ നിങ്ങൾക്കു പ്രസാദം ലഭിപ്പാൻ തക്കവണ്ണം അർപ്പിക്കേണം.
  • 6 അർപ്പിക്കുന്ന ദിവസവും പിറ്റെന്നാളും അതു തിന്നാം; മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയേണം.
  • 7 മൂന്നാം ദിവസം തിന്നു എന്നു വരികിൽ അതു അറെപ്പാകുന്നു; പ്രസാദമാകയില്ല.
  • 8 അതു തിന്നുന്നവൻ കുറ്റം വഹിക്കും; യഹോവെക്കു വിശുദ്ധമായതു അവൻ അശുദ്ധമാക്കിയല്ലോ; അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.
  • 9 നിങ്ങളുടെ നിലത്തിലെ വിള നിങ്ങൾ കൊയ്യുമ്പോൾ വയലിന്റെ അരികു തീർത്തുകൊയ്യരുതു; നിന്റെ കൊയ്ത്തിൽ കാലാ പെറുക്കയും അരുതു.
  • 10 നിന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പറിക്കരുതു; നിന്റെ മുന്തിരിത്തോട്ടത്തിൽ വീണുകിടക്കുന്ന പഴം പെറുക്കയും അരുതു. അവയെ ദരിദ്രന്നും പരദേശിക്കും വിട്ടേക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
  • 11 മോഷ്ടിക്കരുതു, ചതിക്കരുതു, ഒരുത്തനോടു ഒരുത്തൻ ഭോഷ്കു പറയരുതു.
  • 12 എന്റെ നാമത്തെക്കൊണ്ടു കള്ളസ്സത്യം ചെയ്തു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുതു; ഞാൻ യഹോവ ആകുന്നു.
  • 13 കൂട്ടുകാരനെ പീഡിപ്പിക്കരുതു; അവന്റെ വസ്തു കവർച്ച ചെയ്ക്കയും അരുതു; കൂലിക്കാരന്റെ കൂലി പിറ്റേന്നു രാവിലെവരെ നിന്റെ പക്കൽ ഇരിക്കരുതു.
  • 14 ചെകിടനെ ശപിക്കരുതു; കുരുടന്റെ മുമ്പിൽ ഇടർച്ച വെക്കരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം; ഞാൻ യഹോവ ആകുന്നു.
  • 15 ന്യായവിസ്താരത്തിൽ അന്യായം ചെയ്യരുതു; എളിയവന്റെ മുഖം നോക്കാതെയും വലിയവന്റെ മുഖം ആദരിക്കാതെയും നിന്റെ കൂട്ടുകാരന്നു നീതിയോടെ ന്യായം വിധിക്കേണം.
  • 16 നിന്റെ ജനത്തിന്റെ ഇടയിൽ ഏഷണി പറഞ്ഞു നടക്കരുതു; കൂട്ടുകാരന്റെ മരണത്തിന്നായി നിഷ്കർഷിക്കരുതു; ഞാൻ യഹോവ ആകുന്നു.
  • 17 സഹോദരനെ നിന്റെ ഹൃദയത്തിൽ ദ്വേഷിക്കരുതു; കൂട്ടുകാരന്റെ പാപം നിന്റെ മേൽ വരാതിരിപ്പാൻ അവനെ താല്പര്യമായി ശാസിക്കേണം. പ്രതികാരം ചെയ്യരുതു.
  • 18 നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; ഞാൻ യഹോവ ആകുന്നു.
  • 19 നിങ്ങൾ എന്റെ ചട്ടങ്ങൾ പ്രമാണിക്കേണം. രണ്ടുതരം മൃഗങ്ങളെ തമ്മിൽ ഇണ ചേർക്കരുതു; നിന്റെ വയലിൽ കൂട്ടുവിത്തു വിതെക്കരുതു; രണ്ടു വക സാധനം കലർന്ന വസ്ത്രം ധരിക്കരുതു.
  • 20 ഒരു പുരുഷന്നു നിയമിച്ചവളും വീണ്ടെടുക്കപ്പെടുകയോ സ്വാതന്ത്ര്യം കിട്ടുകയോ ചെയ്യാത്തവളുമായ ഒരു ദാസിയോടുകൂടെ ഒരുത്തൻ ശയിച്ചാൽ അവരെ ശിക്ഷിക്കേണം. എന്നാൽ അവൾ സ്വാതന്ത്ര്യമില്ലാത്തവളായാൽ അവരെ കൊല്ലരുതു;
  • 21 അവൻ യഹൊവെക്കു അകൃത്യയാഗത്തിന്നായി സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ ഒരു ആട്ടുകൊറ്റനെകൊണ്ടുവരേണം.
  • 22 അവൻ ചെയ്ത പാപത്തിന്നായി പുരോഹിതൻ അകൃത്യയാഗത്തിന്റെ ആട്ടുകൊറ്റനെക്കൊണ്ടു അവന്നു വേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൻ ചെയ്തപാപം അവനോടു ക്ഷമിക്കും.
  • 23 നിങ്ങൾ ദേശത്തു എത്തി ഭക്ഷണത്തിന്നു ഉതകുന്ന സകലവിധവൃക്ഷങ്ങളും നട്ടശേഷം നിങ്ങൾക്കു അവയുടെ ഫലം പരിച്ഛേദന കഴിയാത്തതുപോലെ ആയിരിക്കേണം; അതു മൂന്നു സംവത്സരത്തേക്കു പരിച്ഛേദനയില്ലാത്തതു പോലെ ഇരിക്കേണം; അതു തിന്നരുതു.
  • 24 നാലാം സംവത്സരത്തിൽ അതിന്റെ ഫലമെല്ലാം യഹോവയുടെ സ്തോത്രത്തിന്നായിട്ടു ശുദ്ധമായിരിക്കേണം.
  • 25 അഞ്ചാം സംവത്സരത്തിലോ നിങ്ങൾക്കു അതിന്റെ ഫലം തിന്നാം; അങ്ങനെ അതിന്റെ അനുഭവം നിങ്ങൾക്കു വർദ്ധിച്ചുവരും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
  • 26 രക്തത്തോടുകൂടിയുള്ളതു തിന്നരുതു; ആഭിചാരം ചെയ്യരുതു; മുഹൂർത്തം നോക്കരുതു;
  • 27 നിങ്ങളുടെ തലമുടി ചുറ്റും വിളുമ്പു വടിക്കരുതു; താടിയുടെ അറ്റം വിരൂപമാക്കരുതു.
  • 28 മരിച്ചവന്നുവേണ്ടി ശരീരത്തിൽ മുറിവുണ്ടാക്കരുതു; മെയ്മേൽ പച്ചകുത്തരുതു; ഞാൻ യഹോവ ആകുന്നു.
  • 29 ദേശം വേശ്യാവൃത്തി ചെയ്തു ദുഷ്കർമ്മംകൊണ്ടു നിറയാതിരിക്കേണ്ടതിന്നു നിന്റെ മകളെ വേശ്യാവൃത്തിക്കു ഏല്പിക്കരുതു.
  • 30 നിങ്ങൾ എന്റെ ശബ്ബത്തുകൾ പ്രമാണിക്കയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കയും വേണം; ഞാൻ യഹോവ ആകുന്നു.
  • 31 വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും അടുക്കൽ പോകരുതു. അവരാൽ അശുദ്ധരായ്തീരുവാൻ തക്കവണ്ണം അവരെ അന്വേഷിക്കയും അരുതു. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
  • 32 നരച്ചവന്റെ മുമ്പാകെ എഴുന്നേൽക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം; ഞാൻ യഹോവ ആകുന്നു.
  • 33 പരദേശി നിന്നോടുകൂടെ നിങ്ങളുടെ ദേശത്തു പാർത്താൽ അവനെ ഉപദ്രവിക്കരുതു.
  • 34 നിങ്ങളോടുകൂടെ പാർക്കുന്ന പരദേശി നിങ്ങൾക്കു സ്വദേശിയെപ്പോലെ ഇരിക്കേണം; അവനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
  • 35 ന്യായ വിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങൾ അന്യായം ചെയ്യരുതു.
  • 36 ഒത്ത തുലാസ്സും ഒത്ത കട്ടിയും ഒത്ത പറയും ഒത്ത ഇടങ്ങഴിയും നിങ്ങൾക്കു ഉണ്ടായിരിക്കേണം; ഞാൻ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
  • 37 നിങ്ങൾ എന്റെ എല്ലാ ചട്ടങ്ങളും സകലവിധികളും പ്രമാണിച്ചു അനുസരിക്കേണം; ഞാൻ യഹോവ ആകുന്നു.