wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ലേവ്യപുസ്തകംഅദ്ധ്യായം 26
  • 1 വിഗ്രഹങ്ങളെ ഉണ്ടാക്കരുതു; ബിംബമോ സ്തംഭമോ നാട്ടരുതു; രൂപം കൊത്തിയ യാതൊരു കല്ലും നമസ്കരിപ്പാൻ നിങ്ങളുടെ ദേശത്തു നാട്ടുകയും അരുതു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
  • 2 നിങ്ങൾ എന്റെ ശബ്ബത്തുകൾ ആചരിക്കയും എന്റെ വിശുദ്ധമന്ദിരം ബഹുമാനിക്കയും വേണം; ഞാൻ യഹോവ ആകുന്നു.
  • 3 എന്റെ ചട്ടം ആചരിച്ചു എന്റെ കല്പന പ്രമാണിച്ചു അനുസരിച്ചാൽ
  • 4 ഞാൻ തക്കസമയത്തു നിങ്ങൾക്കു മഴതരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലം തരും.
  • 5 നിങ്ങളുടെ മെതി മുന്തിരിപ്പഴം പറിക്കുന്നതുവരെ നില്ക്കും; മുന്തിരിപ്പഴം പറിക്കുന്നതു വിതകാലംവരെയും നില്ക്കും; നിങ്ങൾ തൃപ്തരായി അഹോവൃത്തികഴിച്ചു ദേശത്തു നിർഭയം വസിക്കും.
  • 6 ഞാൻ ദേശത്തു സമാധാനം തരും; നിങ്ങൾ കിടക്കും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല; ഞാൻ ദേശത്തുനിന്നു ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും; വാൾ നിങ്ങളുടെ ദേശത്തുകൂടി കടക്കയുമില്ല.
  • 7 നിങ്ങളുടെ ശത്രുക്കളെ നിങ്ങൾ ഓടിക്കും; അവർ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും.
  • 8 നിങ്ങളിൽ അഞ്ചുപേർ നൂറുപേരെ ഓടിക്കും; നിങ്ങളിൽ നൂറുപേർ പതിനായിരംപേരെ ഓടിക്കും; നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും.
  • 9 ഞാൻ നിങ്ങളെ കടാക്ഷിച്ചു സന്താനസമ്പന്നരാക്കി പെരുക്കുകയും നിങ്ങളോടുള്ള എന്റെ നിയമം സ്ഥിരമാക്കുകയും ചെയ്യും.
  • 10 നിങ്ങൾ പഴയ ധാന്യം ഭക്ഷിക്കയും പുതിയതിന്റെ നിമിത്തം പഴയതു പുറത്തു ഇറക്കുകയും ചെയ്യും.
  • 11 ഞാൻ എന്റെ നിവാസം നിങ്ങളുടെ ഇടയിൽ ആക്കും; എന്റെ ഉള്ളം നിങ്ങളെ വെറുക്കയില്ല.
  • 12 ഞാൻ നിങ്ങളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരിക്കും; ഞാൻ നിങ്ങൾക്കു ദൈവവും നിങ്ങൾ എനിക്കു ജനവും ആയിരിക്കും.
  • 13 നിങ്ങൾ മിസ്രയീമ്യർക്കു അടിമകളാകാതിരിപ്പാൻ അവരുടെ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു; ഞാൻ നിങ്ങളുടെ നുകക്കൈകളെ ഒടിച്ചു നിങ്ങളെ നിവിർന്നു നടക്കുമാറാക്കിയിരിക്കുന്നു.
  • 14 എന്നാൽ നിങ്ങൾ എന്റെ വാക്കു കേൾക്കാതെയും ഈ കൽപനകളൊക്കെയും പ്രമാണിക്കാതെയും എന്റെ ചട്ടങ്ങൾ ധിക്കരിച്ചു
  • 15 നിങ്ങളുടെ ഉള്ളം എന്റെ വിധികളെ വെറുത്തു നിങ്ങൾ എന്റെ കല്പനകളൊക്കെയും പ്രമാണിക്കാതെ എന്റെ നിയമം ലംഘിച്ചാൽ ഞാനും ഇങ്ങനെ നിങ്ങളേൂടു ചെയ്യും:
  • 16 കണ്ണിനെ മങ്ങിക്കുന്നതും ജീവനെ ക്ഷയിപ്പിക്കുന്നതുമായ ഭീതി, ക്ഷയരോഗം, ജ്വരം എന്നിവ ഞാൻ നിങ്ങളുടെ മേൽ വരുത്തും; നിങ്ങളുടെ വിത്തു നിങ്ങൾ വെറുതെ വിതെക്കും; ശത്രുക്കൾ അതു ഭക്ഷിക്കും.
  • 17 ഞാൻ നിങ്ങളുടെ നേരെ ദൃഷ്ടിവെക്കും; നിങ്ങൾ ശത്രുക്കളോടു തോറ്റുപോകും; നിങ്ങളെ ദ്വേഷിക്കുന്നവർ നിങ്ങളെ ഭരിക്കും; ഓടിക്കുന്നവർ ഇല്ലാതെ നിങ്ങൾ ഓടും.
  • 18 ഇതെല്ലം ആയിട്ടും നിങ്ങൾ എന്റെ വാക്കു കേൾക്കാതിരുന്നാൽ നിങ്ങളുടെ പാപങ്ങൾനിമിത്തം ഞാൻ നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.
  • 19 ഞാൻ നിങ്ങളുടെ ബലത്തിന്റെ പ്രതാപം കൊടുക്കും; നിങ്ങളുടെ ആകാശത്തെ ഇരിമ്പു പോലെയും ഭൂമിയെ ചെമ്പുപോലെയും ആക്കും.
  • 20 നിങ്ങളുടെ ശക്തി വെറുതെ ക്ഷയിച്ചുപോകും; നിങ്ങളുടെ ദേശം വിളവു തരാതെയും ദേശത്തിലെ വൃക്ഷം ഫലം കായ്ക്കാതെയും ഇരിക്കും.
  • 21 നിങ്ങൾ എനിക്കു വിരോധമായി നടന്നു എന്റെ വാക്കു കേൾക്കാതിരുന്നാൽ ഞാൻ നിങ്ങളുടെ പാപങ്ങൾക്കു തക്കവണ്ണം ഏഴു മടങ്ങു ബാധ നിങ്ങളുടെമേൽ വരുത്തും.
  • 22 ഞാൻ നിങ്ങളുടെ ഇടയിൽ കാട്ടു മൃഗങ്ങളെ അയക്കും; അവ നിങ്ങളെ മക്കളില്ലാത്തവരാക്കുകയും നിങ്ങളുടെ കന്നുകാലികളെ നശിപ്പിക്കയും നിങ്ങളെ എണ്ണത്തിൽ കുറെക്കുകയും ചെയ്യും; നിങ്ങളുടെ വഴികൾ പാഴായി കിടക്കും.
  • 23 ഇവയാലും നിങ്ങൾക്കു ബോധംവരാതെ നിങ്ങൾ എനിക്കു വിരോധമായി നടന്നാൽ
  • 24 ഞാനും നിങ്ങൾക്കു വിരോധമായി നടന്നു നിങ്ങളുടെ പാപങ്ങൾ നിമിത്തം ഏഴുമടങ്ങു നിങ്ങളെ ദണ്ഡിപ്പിക്കും.
  • 25 എന്റെ നിയമത്തിന്റെ പ്രതികാരം നടത്തുന്ന വാൾ ഞാൻ നിങ്ങളുടെ മേൽ വരുത്തും; നിങ്ങൾ നിങ്ങളുടെ പട്ടണങ്ങളിൽ ഒന്നിച്ചു കൂടുമ്പോൾ ഞാൻ നിങ്ങളുടെ ഇടയിൽ മഹാമാരി അയക്കയും നിങ്ങളെ ശത്രുവിന്റെ കൈയിൽ ഏൽപ്പിക്കുകയും ചെയ്യും.
  • 26 ഞാൻ നിങ്ങളുടെ അപ്പമൊന്ന കോൽ ഒടിച്ചിരിക്കുമ്പോൾ പത്തു സ്ത്രീകൾ ഒരടുപ്പിൽ നിങ്ങളുടെ അപ്പം ചുട്ടു നിങ്ങൾക്കു തിരികെ തൂക്കിത്തരും; നിങ്ങൾ ഭക്ഷിച്ചിട്ടു തൃപ്തരാകയില്ല.
  • 27 ഇതെല്ലാമായിട്ടും നിങ്ങൾ എന്റെ വാക്കു കേൾക്കാതെ എനിക്കു വിരോധമായി നടന്നാൽ
  • 28 ഞാനും ക്രോധത്തോടെ നിങ്ങൾക്കു വിരോധമായി നടക്കും; നിങ്ങളുടെ പാപങ്ങൾനിമിത്തം നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.
  • 29 നിങ്ങളുടെ പുത്രന്മാരുടെ മാംസം നിങ്ങൾ തിന്നും; നിങ്ങളുടെ പുത്രിമാരുടെ മാംസവും തിന്നും.
  • 30 ഞാൻ നിങ്ങളുടെ പൂജാഗിരികളെ നശിപ്പിച്ചു നിങ്ങളുടെ സൂര്യവിഗ്രഹങ്ങളെ വെട്ടിക്കളകയും നിങ്ങളുടെ ശവം നിങ്ങളുടെ വിഗ്രഹങ്ങളുടെ ഉടലിന്മേൽ ഇട്ടുകളകയും എനിക്കു നിങ്ങളോടു വെറുപ്പുതോന്നുകയും ചെയ്യും.
  • 31 ഞാൻ നിങ്ങളുടെ പട്ടണങ്ങളെ പാഴ്നിലവും നിങ്ങളുടെ വിശുദ്ധമന്ദിരങ്ങളെ ശൂന്യവും ആക്കും; നിങ്ങളുടെ സൌരഭ്യവാസന ഞാൻ മണക്കുകയില്ല.
  • 32 ഞാൻ ദേശത്തെ ശൂന്യമാക്കും; അതിൽ വസിക്കുന്ന നിങ്ങളുടെ ശത്രുക്കൾ അതിങ്കൽ ആശ്ചര്യപ്പെടും.
  • 33 ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽ ചിതറിച്ചു നിങ്ങളുടെ പിന്നാലെ വാൾ ഊരും നിങ്ങളുടെ ദേശം ശൂന്യമായും നിങ്ങളുടെ പട്ടണങ്ങൾ പാഴ്നിലമായും കിടക്കും.
  • 34 അങ്ങനെ ദേശം ശൂന്യമായി കിടക്കയും നിങ്ങൾ ശത്രുക്കളുടെ ദേശത്തു ഇരിക്കയും ചെയ്യുന്ന നാളൊക്കെയും അതു തന്റെ ശബ്ബത്തുകൾ അനുഭവിക്കും; അപ്പോൾ ദേശം സ്വസ്ഥമായിക്കിടന്നു തന്റെ ശബ്ബത്തുകൾ അനുഭവിക്കും.
  • 35 നിങ്ങൾ അവിടെ പാർത്തിരുന്നപ്പോൾ നിങ്ങളുടെ ശബ്ബത്തുകളിൽ അതിന്നു അനുഭവമാകാതിരുന്ന സ്വസ്ഥത അതു ശൂന്യമായി കിടക്കുന്ന നാളൊക്കെയും അനുഭവിക്കും.
  • 36 ശേഷിച്ചിരിക്കുന്നവരുടെ ഹൃദയത്തിൽ ഞാൻ ശത്രുക്കളുടെ ദേശത്തുവെച്ചു ഭീരുത്വം വരുത്തും; ഇല പറക്കുന്ന ശബ്ദം കേട്ടിട്ടു അവർ ഓടും; വാളിന്റെ മുമ്പിൽനിന്നു ഓടുന്നതുപോലെ അവർ ഓടും; ആരും ഓടിക്കാതെ അവർ ഓടിവീഴും.
  • 37 ആരും ഓടിക്കാതെ അവർ വാളിന്റെ മുമ്പിൽനിന്നു എന്നപോലെ ഓടി ഒരുത്തന്റെ മേൽ ഒരുത്തൻ വീഴും; ശത്രുക്കളുടെ മുമ്പിൽ നില്പാൻ നിങ്ങൾക്കു കഴികയുമില്ല.
  • 38 നിങ്ങൾ ജാതികളുടെ ഇടയിൽ നശിക്കും; ശത്രുക്കളുടെ ദേശം നിങ്ങളെ തിന്നുകളയും.
  • 39 നിങ്ങളിൽ ശേഷിച്ചിരിക്കുന്നവർ ശത്രുക്കളുടെ ദേശത്തുവെച്ചു തങ്ങളുടെ അകൃത്യങ്ങളാൽ ക്ഷയിച്ചുപോകും; തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളാലും അവർ അവരോടുകൂടെ ക്ഷയിച്ചുപോകും.
  • 40 അവർ തങ്ങളുടെ അകൃത്യവും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അവർ എന്നോടു ദ്രോഹിച്ച ദ്രോഹവും അവർ എനിക്കു വിരോധമായി നടന്നതുകൊണ്ടു
  • 41 ഞാനും അവർക്കു വിരോധമായി നടന്നു അവരെ ശത്രുക്കളുടെ ദേശത്തു വരുത്തിയതും ഏറ്റുപറകയും അവരുടെ പരിച്ഛേദനയില്ലാത്ത ഹൃദയം അപ്പോൾ താഴുകയും അവർ തങ്ങളുടെ അകൃത്യത്തിന്നുള്ള ശിക്ഷ അനുഭവിക്കയും ചെയ്താൽ
  • 42 ഞാൻ യാക്കോബിനോടുള്ള എന്റെ നിയമം ഓർക്കും; യിസ്ഹാക്കിനോടുള്ള എന്റെ നിയമവും അബ്രാഹാമിനോടുള്ള എന്റെ നിയമവും ഞാൻ ഓർക്കും; ദേശത്തെയും ഞാൻ ഓർക്കും.
  • 43 അവർ ദേശം വിട്ടുപോയിട്ടു അവരില്ലാതെ അതു ശൂന്യമായി കിടന്നു തന്റെ ശബ്ബത്തുകൾ അനുഭവിക്കും. അവർ എന്റെ വിധികളെ ധിക്കരിക്കയും അവർക്കു എന്റെ ചട്ടങ്ങളോടു വെറുപ്പുതോന്നുകയും ചെയ്തതുകൊണ്ടു അവർ തങ്ങളുടെ അകൃത്യത്തിന്നുള്ള ശിക്ഷ അനുഭവിക്കും.
  • 44 എങ്കിലും അവർ ശത്രുക്കളുടെ ദേശത്തു ഇരിക്കുമ്പോൾ അവരെ നിർമ്മൂലമാക്കുവാനും അവരോടുള്ള എന്റെ നിയമം ലംഘിപ്പാനും തക്കവണ്ണം ഞാൻ അവരെ ഉപേക്ഷിക്കയില്ല, അവരെ വെറുക്കയുമില്ല; ഞാൻ അവരുടെ ദൈവമായ യഹോവ ആകുന്നു.
  • 45 ഞാൻ അവരുടെ ദൈവമായിരിക്കേണ്ടതിന്നു ജാതികൾ കാൺകെ മിസ്രയീംദേശത്തുനിന്നു ഞാൻ കൊണ്ടുവന്ന അവരുടെ പൂർവ്വന്മാരോടു ചെയ്ത നിയമം ഞാൻ അവർക്കു വേണ്ടി ഓർക്കും; ഞാൻ യഹോവ ആകുന്നു.
  • 46 യഹോവ സീനായി പർവ്വതത്തിൽവെച്ചു തനിക്കും യിസ്രായേൽമക്കൾക്കും തമ്മിൽ മോശെമുഖാന്തരം വെച്ചിട്ടുള്ള ചട്ടങ്ങളും വിധികളും പ്രമാണങ്ങളും ഇവതന്നേ.