wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


മലാഖി അദ്ധ്യായം 1
  • 1 പ്രവാചകം; മലാഖി മുഖാന്തരം യിസ്രായേലിനോടുള്ള യഹോവയുടെ അരുളപ്പാടു.
  • 2 ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; എന്നാൽ നിങ്ങൾ: നീ ഞങ്ങളെ ഏതിനാൽ സ്നേഹിക്കുന്നു എന്നു ചോദിക്കുന്നു. ഏശാവു യാക്കോബിന്റെ സഹോദരനല്ലയോ; എങ്കിലും ഞാൻ യാക്കോബിനെ സ്നേഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
  • 3 എന്നാൽ ഏശാവിനെ ഞാൻ ദ്വേഷിച്ചു അവന്റെ പർവ്വതങ്ങളെ ശൂന്യമാക്കി അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്കു കൊടുത്തിരിക്കുന്നു.
  • 4 ഞങ്ങൾ ഇടിഞ്ഞിരിക്കുന്നു എങ്കിലും ഞങ്ങൾ ശൂന്യസ്ഥലങ്ങളെ വീണ്ടും പണിയും എന്നു എദോം പറയുന്നു എങ്കിൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ പണിയട്ടെ ഞാൻ ഇടിച്ചുകളയും; അവർക്കു ദുഷ്ടപ്രദേശം എന്നും യഹോവ സദാകാലം ക്രുദ്ധിക്കുന്ന ജാതി എന്നും പേർ പറയും.
  • 5 നിങ്ങൾ സ്വന്ത കണ്ണുകൊണ്ടു അതു കാണുകയും യഹോവ യിസ്രായേലിന്റെ അതിരിന്നു അപ്പുറത്തോളം വലിയവൻ എന്നു പറകയും ചെയ്യും.
  • 6 മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ, അവന്റെ നാമത്തെ തുച്ഛീകരിക്കുന്ന പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു; അതിന്നു നിങ്ങൾ: ഏതിനാൽ ഞങ്ങൾ നിന്റെ നാമത്തെ തുച്ഛീകരിക്കുന്നു എന്നു ചോദിക്കുന്നു.
  • 7 നിങ്ങൾ എന്റെ യാഗപീഠത്തിന്മേൽ മലിന ഭോജനം അർപ്പിക്കുന്നു. എന്നാൽ നിങ്ങൾ: ഏതിനാൽ ഞങ്ങൾ നിന്നെ മലിനമാക്കുന്നു എന്നു ചോദിക്കുന്നു. യഹോവയുടെ മേശ നിന്ദ്യം എന്നു നിങ്ങൾ പറയുന്നതിനാൽ തന്നേ.
  • 8 നിങ്ങൾ കണ്ണു പൊട്ടിയതിനെ യാഗം കഴിപ്പാൻ കൊണ്ടുവന്നാൽ അതു ദോഷമല്ല; നിങ്ങൾ മുടന്തും ദീനവുമുള്ളതിനെ അർപ്പിച്ചാൽ അതും ദോഷമല്ല; അതിനെ നിന്റെ ദേശാധിപതിക്കു കാഴ്ച വെക്കുക; അവൻ പ്രസാദിക്കുമോ? നിന്നോടു കൃപ തോന്നുമോ? എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
  • 9 ആകയാൽ ദൈവം നമ്മോടു കൃപകാണിപ്പാൻ തക്കവണ്ണം അവനെ പ്രസാദിപ്പിച്ചുകൊൾവിൻ. നിങ്ങൾ ഇതൊക്കെയും ചെയ്തിരിക്കുന്നു; അവന്നു നിങ്ങളോടു കൃപ തോന്നുമോ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
  • 10 നിങ്ങൾ എന്റെ യാഗപീഠത്തിന്മേൽ വെറുതെ തീ കത്തിക്കാതിരിക്കേണ്ടതിന്നു നിങ്ങളിൽ ആരെങ്കിലും വാതിൽ അടെച്ചുകളഞ്ഞാൽ കൊള്ളായിരുന്നു; എനിക്കു നിങ്ങളിൽ പ്രസാദമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ കയ്യിൽ നിന്നു ഞാൻ വഴിപാടു കൈക്കൊൾകയുമില്ല.
  • 11 സൂര്യന്റെ ഉദയംമുതൽ അസ്തമനംവരെ എന്റെ നാമം ജാതികളുടെ ഇടയിൽ വലുതാകുന്നു; എല്ലാടത്തും എന്റെ നാമത്തിന്നു ധൂപവും നിർമ്മലമായ വഴിപാടും അർപ്പിച്ചുവരുന്നു; എന്റെ നാമം ജാതികളുടെ ഇടയിൽ വലുതാകുന്നുവല്ലോ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
  • 12 നിങ്ങളോ: യഹോവയുടെ മേശ മലിനമായിരിക്കുന്നു; അവന്റെ ഭോജനമായ അതിന്റെ അനുഭവം നിന്ദ്യം ആകുന്നു എന്നു പറയുന്നതിനാൽ നിങ്ങൾ എന്റെ നാമത്തെ അശുദ്ധമാക്കുന്നു.
  • 13 എന്തൊരു പ്രയാസം എന്നു പറഞ്ഞു നിങ്ങൾ അതിനോടു ചീറുന്നു; എന്നാൽ കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങൾ കൊണ്ടുവന്നു അങ്ങനെ കാഴ്ചവെക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതിനെ ഞാൻ നിങ്ങളുടെ കയ്യിൽനിന്നു അംഗീകരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു.
  • 14 എന്നാൽ തന്റെ ആട്ടിൻ കൂട്ടത്തിൽ ഒരു ആൺ ഉണ്ടായിരിക്കെ, കർത്താവിന്നു നേർന്നിട്ടു ഊനമുള്ളോരു തള്ളയെ യാഗംകഴിക്കുന്ന വഞ്ചകൻ ശപിക്കപ്പെട്ടവൻ. ഞാൻ മഹാരാജാവല്ലോ; എന്റെ നാമം ജാതികളുടെ ഇടയിൽ ഭയങ്കരമായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.