wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


മലാഖി അദ്ധ്യായം 3
  • 1 എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
  • 2 എന്നാൽ അവൻ വരുന്ന ദിവസത്തെ ആർക്കു സഹിക്കാം? അവൻ പ്രത്യക്ഷനാകുമ്പോൾ ആർ നിലനില്ക്കും? അവൻ ഊതിക്കഴിക്കുന്നവന്റെ തീ പോലെയും അലക്കുന്നവരുടെ ചാരവെള്ളംപോലെയും ആയിരിക്കും.
  • 3 അവൻ ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ടു ലേവിപുത്രന്മാരെ ശുദ്ധീകരിച്ചു പൊന്നുപോലെയും വെള്ളിപോലെയും നിർമ്മലീകരിക്കും; അങ്ങനെ അവർ നീതിയിൽ യഹോവെക്കു വഴിപാടു അർപ്പിക്കും.
  • 4 അന്നു യെഹൂദയുടെയും യെരൂശലേമിന്റെയും വഴിപാടു പുരാതനകാലത്തെന്നപോലെയും പണ്ടത്തെ ആണ്ടുകളിലെന്നപോലെയും യഹോവെക്കു പ്രസാദകരമായിരിക്കും.
  • 5 ഞാൻ ന്യായവിധിക്കായി നിങ്ങളോടു അടുത്തുവരും; ഞാൻ ക്ഷുദ്രക്കാർക്കും വ്യഭിചാരികൾക്കും കള്ളസ്സത്യം ചെയ്യുന്നവർക്കും കൂലിയുടെ കാര്യത്തിൽ കൂലിക്കാരനെയും വിധവയെയും അനാഥനെയും പീഡിപ്പിക്കുന്നവർക്കും എന്നെ ഭയപ്പെടാതെ പരദേശിയുടെ ന്യായം മറിച്ചുകളയുന്നവർക്കും വിരോധമായി ഒരു ശീഘ്രസാക്ഷിയായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
  • 6 യഹോവയായ ഞാൻ മാറാത്തവൻ; അതുകൊണ്ടു യാക്കോബിന്റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞുപേകാതിരിക്കുന്നു.
  • 7 നിങ്ങളുടെ പിതാക്കന്മാരുടെ കാലംമുതൽ നിങ്ങൾ എന്റെ ചട്ടങ്ങളെ പ്രമാണിക്കാതെ തെറ്റിനടന്നിരിക്കുന്നു; എന്റെ അടുക്കലേക്കു മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ അടുക്കലേക്കും മടങ്ങിവരും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ നിങ്ങൾ: ഏതിൽ ഞങ്ങൾ മടങ്ങിവരേണ്ടു എന്നു ചോദിക്കുന്നു.
  • 8 മനുഷ്യന്നു ദൈവത്തെ തോല്പിക്കാമോ? എങ്കിലും നിങ്ങൾ എന്നെ തോല്പിക്കുന്നു. എന്നാൽ നിങ്ങൾ: ഏതിൽ ഞങ്ങൾ നിന്നെ തോല്പിക്കുന്നു എന്നു ചോദിക്കുന്നു. ദശാംശത്തിലും വഴിപാടിലും തന്നേ.
  • 9 നിങ്ങൾ, ഈ ജാതി മുഴുവനും തന്നേ, എന്നെ തോല്പിക്കുന്നതുകൊണ്ടു നിങ്ങൾ ശാപഗ്രസ്തരാകുന്നു.
  • 10 എന്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന്നു നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ. ഞാൻ നിങ്ങൾക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
  • 11 ഞാൻ വെട്ടുക്കിളിയെ ശാസിക്കും; അതു നിങ്ങളുടെ നിലത്തിലെ അനുഭവം നശിപ്പിച്ചു കളകയില്ല; പറമ്പിലെ മുന്തിരിവള്ളിയുടെ ഫലം മൂക്കാതെ കൊഴിഞ്ഞുപോകയുമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
  • 12 നിങ്ങൾ മനോഹരമായോരു ദേശം ആയിരിക്കയാൽ സകലജാതികളും നിങ്ങളെ ഭാഗ്യവാന്മാർ എന്നു പറയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
  • 13 നിങ്ങളുടെ വാക്കുകൾ എന്റെനേരെ അതികഠിനമായിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ നിങ്ങൾ: ഞങ്ങൾ നിന്റെ നേരെ എന്തു സംസാരിക്കുന്നു എന്നു ചോദിക്കുന്നു.
  • 14 യഹോവെക്കു ശുശ്രൂഷ ചെയ്യുന്നതു വ്യർത്ഥം; ഞങ്ങൾ അവന്റെ കാര്യം നോക്കുന്നതിനാലും സൈന്യങ്ങളുടെ യഹോവയുടെ മുമ്പാകെ കറുപ്പുടുത്തു നടന്നതിനാലും എന്തു പ്രയോജനമുള്ളു?
  • 15 ആകയാൽ ഞങ്ങൾ അഹങ്കാരികളെ ഭാഗ്യവാന്മാർ എന്നു പറയുന്നു; ദുഷ്‌പ്രവൃത്തിക്കാർ അഭ്യുദയം പ്രാപിക്കുന്നു; ദൈവത്തെ പരീക്ഷിക്കുന്നവർ ശിക്ഷ ഒഴിഞ്ഞുപോകുന്നു എന്നു നിങ്ങൾ പറയുന്നു.
  • 16 യഹോവാഭക്തന്മാർ അന്നു തമ്മിൽ തമ്മിൽ സംസാരിച്ചു; യഹോവ ശ്രദ്ധവെച്ചു കേട്ടു; യഹോവാഭക്തന്മാർക്കും അവന്റെ നാമത്തെ സ്മരിക്കുന്നവർക്കും വേണ്ടി അവന്റെ സന്നിധിയിൽ ഒരു സ്മരണപുസ്തകം എഴുതിവെച്ചിരിക്കുന്നു.
  • 17 ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ അവൻ എനിക്കു ഒരു നിക്ഷേപം ആയിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഒരു മനുഷ്യൻ തനിക്കു ശുശ്രൂഷ ചെയ്യുന്ന മകനെ ആദരിക്കുന്നതുപോലെ ഞാൻ അവരെ ആദരിക്കും.
  • 18 അപ്പോൾ നിങ്ങൾ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം വീണ്ടും കാണും.