wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


മീഖാഅദ്ധ്യായം 7
  • 1 എനിക്കു അയ്യോ കഷ്ടം; പഴം പറിച്ച ശേഷമെന്നപോലെയും മുന്തിരിപ്പഴം പറിച്ചശേഷം കാലാ പെറുക്കുന്നതുപോലെയും ഞാൻ ആയല്ലോ! തിന്മാൻ ഒരു മുന്തിരിക്കുലയും ഇല്ല; ഞാൻ കൊതിക്കുന്ന അത്തിയുടെ തലപ്പഴവുമില്ല.
  • 2 ഭക്തിമാൻ ഭൂമിയിൽനിന്നു നശിച്ചുപോയി, മനുഷ്യരുടെ ഇടയിൽ നേരുള്ളവൻ ആരുമില്ല; അവരൊക്കെയും രക്തത്തിന്നായി പതിയിരിക്കുന്നു; ഓരോരുത്തൻ താന്താന്റെ സഹോദരനെ വല വെച്ചു പിടിപ്പാൻ നോക്കുന്നു.
  • 3 ജാഗ്രതയോടെ ദോഷം പ്രവർത്തിക്കേണ്ടതിന്നു അവരുടെ കൈ അതിലേക്കു നീണ്ടിരിക്കുന്നു; പ്രഭു പ്രതിഫലം ചോദിക്കുന്നു; ന്യായാധിപതി പ്രതിഫലം വാങ്ങി ന്യായം വിധിക്കുന്നു; മഹാൻ തന്റെ മനസ്സിലെ ദുരാഗ്രഹം പ്രസ്താവിക്കുന്നു; ഇങ്ങനെ അവർ പിരിമുറുക്കുന്നു.
  • 4 അവരിൽ ഉത്തമൻ മുൾപടർപ്പുപോലെ; നേരുള്ളവൻ മുൾവേലിയെക്കാൾ വല്ലാത്തവൻ തന്നേ; നിന്റെ ദർശകന്മാർ പറഞ്ഞ ദിവസം, നിന്റെ സന്ദർശനദിവസം തന്നേ, വരുന്നു; ഇപ്പോൾ അവരുടെ പരിഭ്രമം വന്നുഭവിക്കും.
  • 5 കൂട്ടുകാരനെ വിശ്വസിക്കരുതു; സ്നേഹിതനിൽ ആശ്രയിക്കരുതു; നിന്റെ മാർവ്വിടത്തു ശയിക്കുന്നവളോടു പറയാതവണ്ണം നിന്റെ വായുടെ കതകു കാത്തുകൊൾക.
  • 6 മകൻ അപ്പനെ നിന്ദിക്കുന്നു; മകൾ അമ്മയോടും മരുമകൾ അമ്മാവിയമ്മയോടും എതിർത്തുനില്ക്കുന്നു; മനുഷ്യന്റെ ശത്രുക്കൾ അവന്റെ വിട്ടുകാർ തന്നേ.
  • 7 ഞാനോ യഹോവയിങ്കലേക്കു നോക്കും; എന്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എന്റെ ദൈവം എന്റെ പ്രാർത്ഥന കേൾക്കും.
  • 8 എന്റെ ശത്രുവായവളേ, എന്നെച്ചൊല്ലി സന്തോഷിക്കരുതു; വീണു എങ്കിലും ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു.
  • 9 യഹോവ എന്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ഞാൻ അവന്റെ ക്രോധം വഹിക്കും; ഞാൻ അവനോടു പാപം ചെയ്തുവല്ലോ; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവന്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും.
  • 10 എന്റെ ശത്രു അതു കാണും; നിന്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; എന്റെ കണ്ണു അവളെ കണ്ടു രസിക്കും; അന്നു അവളെ വീഥികളിലെ ചെളിപോലെ ചവിട്ടിക്കളയും.
  • 11 നിന്റെ മതിലുകൾ പണിവാനുള്ള നാൾവരുന്നു: അന്നാളിൽ നിന്റെ അതിർ അകന്നുപോകും.
  • 12 അന്നാളിൽ അശ്ശൂരിൽനിന്നും മിസ്രയീംപട്ടണങ്ങളിൽനിന്നും മിസ്രയീം മുതൽ നദിവരെയും സമുദ്രംമുതൽ സമുദ്രംവരെയും പർവ്വതംമുതൽ പർവ്വതംവരെയും അവർ നിന്റെ അടുക്കൽ വരും.
  • 13 എന്നാൽ ഭൂമി നിവാസികൾനിമിത്തവും അവരുടെ പ്രവൃത്തികളുടെ ഫലം ഹേതുവായും ശൂന്യമായ്തീരും.
  • 14 കർമ്മേലിന്റെ മദ്ധ്യേ കാട്ടിൽ തനിച്ചിരിക്കുന്നതും നിന്റെ അവകാശവുമായി നിന്റെ ജനമായ ആട്ടിൻ കൂട്ടത്തെ നിന്റെ കോൽകൊണ്ടു മേയിക്കേണമേ; പുരാതനകാലത്തു എന്നപോലെ അവർ ബാശാനിലും ഗിലെയാദിലും മേഞ്ഞുകൊണ്ടിരിക്കട്ടെ.
  • 15 നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട കാലത്തെന്നപോലെ ഞാൻ അവനെ അത്ഭുതങ്ങൾ കാണിക്കും.
  • 16 ജാതികൾ കണ്ടിട്ടു തങ്ങളുടെ സകലവീര്യത്തിലും ലജ്ജിക്കും; അവർ വായ്മേൽ കൈ വെക്കയും ചെകിടരായ്തീരുകയും ചെയ്യും.
  • 17 അവർ പാമ്പുപോലെ പൊടിനക്കും; നിലത്തെ ഇഴജാതിപോലെ തങ്ങളുടെ ഗുഹകളിൽനിന്നു വിറെച്ചുംകൊണ്ടു വരും; അവർ പേടിച്ചുംകൊണ്ടു നമ്മുടെ ദൈവമായ യഹോവയുടെ അടുക്കൽ വരികയും നിന്നെ ഭയപ്പെടുകയും ചെയ്യും.
  • 18 അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? അവൻ എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവന്നു പ്രസാദമുള്ളതു.
  • 19 അവൻ നമ്മോടു വീണ്ടും കരുണ കാണിക്കും നമ്മുടെ അകൃത്യങ്ങളെ ചവിട്ടിക്കളയും; അവരുടെ പാപങ്ങളെ ഒക്കെയും നീ സമുദ്രത്തിന്റെ ആഴത്തിൽ ഇട്ടുകളയും.
  • 20 പുരാതനകാലംമുതൽ നീ ഞങ്ങളുടെ പിതാക്കന്മാരോടു സത്യം ചെയ്തിരിക്കുന്ന നിന്റെ വിശ്വസ്തത നീ യാക്കോബിനോടും നിന്റെ ദയ അബ്രാഹാമിനോടും കാണിക്കും.