wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


നെഹെമ്യാവുഅദ്ധ്യായം 13
  • 1 അന്നു ജനം കേൾക്കെ മോശെയുടെ പുസ്തകം വായിച്ചതിൽ അമ്മോന്യരും മോവാബ്യരും ദൈവത്തിന്റെ സഭയിൽ ഒരു നാളും പ്രവേശിക്കരുതു;
  • 2 അവർ അപ്പവും വെള്ളവുംകൊണ്ടു യിസ്രായേൽമക്കളെ എതിരേറ്റുവരാതെ അവരെ ശപിക്കേണ്ടതിന്നു അവർക്കു വിരോധമായി ബിലെയാമിനെ കൂലിക്കു വിളിച്ചു; എങ്കിലും നമ്മുടെ ദൈവം ആ ശാപത്തെ അനുഗ്രഹമാക്കി എന്നു എഴുതിയിരിക്കുന്നതു കണ്ടു.
  • 3 ആ ന്യായപ്രമാണം കേട്ടപ്പോൾ അവർ സമ്മിശ്രജാതികളെ ഒക്കെയും യിസ്രായേലിൽനിന്നു വേറുപിരിച്ചു.
  • 4 അതിന്നു മുമ്പെ തന്നേ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ അറകൾക്കു മേൽവിചാരകനായി നിയമിക്കപ്പെട്ടിരുന്ന എല്യാശീബ് പുരോഹിതൻ തോബീയാവിന്റെ ബന്ധുവായിരുന്നതിനാൽ അവന്നു ഒരു വലിയ അറ ഒരുക്കിക്കൊടുത്തിരുന്നു.
  • 5 മുമ്പെ അവിടെ ഭോജനയാഗം, കുന്തുരുക്കം, ഉപകരണങ്ങൾ എന്നിവയും ലേവ്യർക്കും സംഗീതക്കാർക്കും വാതിൽകാവൽക്കാർക്കും വേണ്ടി നിയമിച്ച ധാന്യം, വീഞ്ഞു, എണ്ണ, എന്നിവയുടെ ദശാംശവും പുരോഹിതന്മാർക്കുള്ള ഉദർച്ചാർപ്പണങ്ങളും വെച്ചിരുന്നു.
  • 6 ഈ കാലത്തൊക്കെയും ഞാൻ യെരൂശലേമിൽ ഉണ്ടായിരുന്നില്ല: ബാബേൽ രാജാവായ അർത്ഥഹ് ശഷ്ടാവിന്റെ മുപ്പത്തിരണ്ടാം ആണ്ടിൽ ഞാൻ രാജാവിന്റെ അടുക്കൽ പോയിരുന്നു; കുറെനാൾ കഴിഞ്ഞിട്ടു
  • 7 ഞാൻ രാജാവിനോടു അനുവാദം വാങ്ങി യെരൂശലേമിലേക്കു വന്നാറെ എല്യാശീബ് തോബീയാവിന്നു ദൈവാലയത്തിന്റെ പ്രാകാരങ്ങളിൽ ഒരു അറ ഒരുക്കിക്കൊടുത്തതിനാൽ ചെയ്തദോഷം ഞാൻ അറിഞ്ഞു.
  • 8 അതു എനിക്കു അത്യന്തം വ്യസനമായതുകൊണ്ടു ഞാൻ തോബീയാവിന്റെ വീട്ടുസാമാനമൊക്കെയും അറയിൽനിന്നു പുറത്തു എറിഞ്ഞുകളഞ്ഞു.
  • 9 പിന്നെ ഞാൻ കല്പിച്ചിട്ടു അവർ ആ അറകളെ ശുദ്ധീകരിച്ചു; ദൈവാലയത്തിലെ ഉപകരണങ്ങളും ഭോജനയാഗവും കുന്തുരുക്കവും ഞാൻ വീണ്ടും അവിടെ വരുത്തി.
  • 10 ലേവ്യർക്കു ഉപജീവനം കൊടുക്കായ്കയാൽ വേല ചെയ്യുന്ന ലേവ്യരും സംഗീതക്കാരും ഓരോരുത്തൻ താന്താന്റെ നിലത്തിലേക്കു പൊയ്ക്കളഞ്ഞു എന്നു ഞാൻ അറിഞ്ഞു
  • 11 പ്രമാണികളെ ശാസിച്ചു: ദൈവാലയത്തെ ഉപേക്ഷിച്ചുകളഞ്ഞതു എന്തു എന്നു ചോദിച്ചു അവരെ കൂട്ടി വരുത്തി അവരുടെ സ്ഥാനത്തു നിർത്തി.
  • 12 പിന്നെ എല്ലായെഹൂദന്മാരും ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ദശാംശം ഭണ്ഡാരഗൃഹങ്ങളിലേക്കു കൊണ്ടുവന്നു.
  • 13 ഞാൻ ശേലെമ്യാപുരോഹിതനെയും സാദോൿ ശാസ്ത്രിയെയും ലേവ്യരിൽ പെദായാവെയും ഇവർക്കു സഹായിയായിട്ടു മത്ഥന്യാവിന്റെ മകനായ സക്കൂരിന്റെ മകൻ ഹാനാനെയും ഭണ്ഡാരഗൃഹങ്ങളുടെ മേൽവിചാരകന്മാരായി നിയമിച്ചു; അവരെ വിശ്വസ്തരെന്നു എണ്ണിയിരുന്നു; തങ്ങളുടെ സഹോദരന്മാർക്കു പങ്കിട്ടുകൊടുക്കുന്നതായിരുന്നു അവരുടെ ഉദ്യോഗം.
  • 14 എന്റെ ദൈവമേ, ഇതു എനിക്കായി ഓർക്കേണമേ; ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിന്നും അതിലെ ശുശ്രൂഷെക്കും വേണ്ടി ചെയ്ത എന്റെ സൽപ്രവൃത്തികളെ മായിച്ചുകളയരുതേ.
  • 15 ആ കാലത്തു യെഹൂദയിൽ ചിലർ ശബ്ബത്തിൽ മുന്തിരിച്ചകൂ ചവിട്ടുന്നതും കറ്റ കൊണ്ടുവരുന്നതും കഴുതപ്പുറത്തു ചുമടുകയറ്റുന്നതും ശബ്ബത്തിൽ വീഞ്ഞു, മുന്തിരിപ്പഴം, അത്തിപ്പഴം മുതലായ ചുമടെല്ലാം യെരൂശലേമിലേക്കു ചുമന്നുകൊണ്ടു വരുന്നതും കണ്ടു; അവർ ഭക്ഷണസാധനം വില്ക്കുന്ന ദിവസത്തിൽ ഞാൻ അവരെ പ്രബോധിപ്പിച്ചു.
  • 16 സോർയ്യരും അവിടെ പാർത്തു മത്സ്യവും പല ചരക്കും കൊണ്ടുവന്നു ശബ്ബത്തിൽ യെഹൂദ്യർക്കും യെരൂശലേമിലും വിറ്റുപോന്നു.
  • 17 അതുകൊണ്ടു ഞാൻ യെഹൂദാശ്രേഷ്ഠന്മാരെ ശാസിച്ചു; നിങ്ങൾ ശബ്ബത്തുനാൾ അശുദ്ധമാക്കി ഇങ്ങനെ ദോഷം ചെയ്യുന്നതെന്തു?
  • 18 നിങ്ങളുടെ പിതാക്കന്മാർ ഇങ്ങനെ ചെയ്തതിനാലല്ലയോ നമ്മുടെ ദൈവം നമ്മുടെ മേലും ഈ നഗരത്തിന്മേലും ഈ അനർത്ഥം ഒക്കെയും വരുത്തിയിരിക്കുന്നതു? എന്നാൽ നിങ്ങൾ ശബ്ബത്തിനെ അശുദ്ധമാക്കുന്നതിനാൽ യിസ്രായേലിന്മേൽ ഉള്ള ക്രോധം വർദ്ധിപ്പിക്കുന്നു എന്നു അവരോടു പറഞ്ഞു.
  • 19 പിന്നെ ശബ്ബത്തിന്നു മുമ്പെ യെരൂശലേം നഗരവാതിലുകളിൽ ഇരുട്ടായിത്തുടങ്ങുമ്പോൾ വാതിലുകൾ അടെപ്പാനും ശബ്ബത്ത് കഴിയുംവരെ അവ തുറക്കാതിരിപ്പാനും ഞാൻ കല്പിച്ചു; ശബ്ബത്തുനാളിൽ ഒരു ചുമടും അകത്തു കടത്താതിരിക്കേണ്ടതിന്നു വാതിലുകൾക്കരികെ എന്റെ ആളുകളിൽ ചിലരെ നിർത്തി.
  • 20 അതുകൊണ്ടു കച്ചവടക്കാരും പലചരകൂ വില്ക്കുന്നവരും ഒന്നു രണ്ടു പ്രാവശ്യം യെരൂശലേമിന്നു പുറത്തു രാപാർത്തു.
  • 21 ആകയാൽ ഞാൻ അവരെ പ്രബോധിപ്പിച്ചു: നിങ്ങൾ മതിലിന്നരികെ രാപാർക്കുന്നതെന്തു? നിങ്ങൾ ഇനിയും അങ്ങനെ ചെയ്താൽ ഞാൻ നിങ്ങളെ പിടിക്കും എന്നു അവരോടു പറഞ്ഞു. ആ കാലംമുതൽ അവർ ശബ്ബത്തിൽ വരാതെയിരുന്നു.
  • 22 ലേവ്യരോടു ഞാൻ ശബ്ബത്തുനാളിനെ വിശുദ്ധീകരിക്കേണ്ടതിന്നു തങ്ങളെത്തന്നേ വിശുദ്ധീകരിക്കയും വന്നു വാതിലുകളെ കാക്കുകയും ചെയ്‍വാൻ കല്പിച്ചു. എന്റെ ദൈവമേ, ഇതുവും എനിക്കായി ഓർത്തു നിന്റെ മഹാദയപ്രകാരം എന്നോടു കനിവു തോന്നേണമേ.
  • 23 ആ കാലത്തു ഞാൻ അസ്തോദ്യരും അമ്മോന്യരും മോവാബ്യരും ആയ സ്ത്രീകളെ വിവാഹം കഴിച്ച യെഹൂദന്മാരെ കണ്ടു.
  • 24 അവരുടെ മക്കൾ പാതി അസ്തോദ്യഭാഷ സംസാരിച്ചു; അവർ അതതു ജാതിയുടെ ഭാഷയല്ലാതെ യെഹൂദ്യഭാഷ സംസാരിപ്പാൻ അറിഞ്ഞില്ല.
  • 25 അവരെ ഞാൻ ശാസിച്ചു ശപിച്ചു അവരിൽ ചിലരെ അടിച്ചു അവരുടെ തലമുടി പറിച്ചു; നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കരുതു; അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാർക്കോ നിങ്ങൾക്കോ എടുക്കയുമരുതു എന്നു ആജ്ഞാപിച്ചു അവരെക്കൊണ്ടു ദൈവനാമത്തിൽ സത്യം ചെയ്യിച്ചു.
  • 26 യിസ്രായേൽരാജാവായ ശലോമോൻ ഇതിനാൽ പാപം ചെയ്തില്ലയോ? അവനെപ്പോലെ ഒരു രാജാവു അനേകംജാതികളുടെ ഇടയിൽ ഉണ്ടായിരുന്നില്ല; അവൻ തന്റെ ദൈവത്തിന്നു പ്രിയനായിരുന്നതിനാൽ ദൈവം അവനെ എല്ലായിസ്രായേലിന്നും രാജാവാക്കി; എങ്കിലും അവനെയും അന്യജാതിക്കാരത്തികളായ ഭാര്യമാർ വശീകരിച്ചു പാപം ചെയ്യിച്ചുവല്ലോ.
  • 27 നിങ്ങൾ അന്യജാതിക്കാരത്തികളെ വിവാഹം കഴിക്കുന്നതിനാൽ നമ്മുടെ ദൈവത്തോടു ദ്രോഹിക്കേണ്ടതിന്നു ഈ വലിയ ദോഷം ഒക്കെയും ചെയ്‍വാൻ തക്കവണ്ണം ഞങ്ങൾ നിങ്ങളെ സമ്മതിക്കുമോ എന്നു പറഞ്ഞു.
  • 28 യോയാദയുടെ പുത്രന്മാരിൽ മഹാപുരോഹിതനായ എല്യാശീബിന്റെ മകൻ ഹോരോന്യനായ സൻ ബല്ലത്തിന്റെ മരുമകൻ ആയിരുന്നു; അതുകൊണ്ടു ഞാൻ അവനെ എന്റെ അടുക്കൽനിന്നു ഓടിച്ചുകളഞ്ഞു.
  • 29 എന്റെ ദൈവമേ, അവർ പൌരോഹിത്യത്തെയും പൌരോഹിത്യത്തിന്റെയും ലേവ്യരുടെയും നിയമത്തെയും മലിനമാക്കിയിരിക്കുന്നതു അവർക്കു കണക്കിടേണമേ.
  • 30 ഇങ്ങനെ ഞാൻ അന്യമായതൊക്കെയും നീക്കി അവരെ ശുദ്ധീകരിക്കയും പുരോഹിതന്മാർക്കും ലേവ്യർക്കും ഓരോരുത്തന്നു താന്താന്റെ വേലയിൽ ശുശ്രൂഷക്രമവും നിശ്ചിതസമയങ്ങൾക്കു വിറകുവഴിപാടും
  • 31 ആദ്യഫലവും നിയമിക്കയും ചെയ്തു. എന്റെ ദൈവമേ, ഇതു എനിക്കു നന്മെക്കായിട്ടു ഓർക്കേണമേ.