wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


സംഖ്യാപുസ്തകംഅദ്ധ്യായം 9
  • 1 അവർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടു പോന്നതിന്റെ രണ്ടാം സംവത്സരം ഒന്നാം മാസം യഹോവ സീനായിമരുഭൂമിയിൽവെച്ചു മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ:
  • 2 യിസ്രായേൽമക്കൾ പെസഹ അതിന്നു നിശ്ചയിച്ച സമയത്തു ആചരിക്കേണം.
  • 3 അതിന്നു നിശ്ചയിച്ച സമയമായ ഈ മാസം പതിന്നാലാം തിയ്യതി വൈകുന്നേരം അതു ആചരിക്കേണം; അതിന്റെ എല്ലാചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസരണയായി നിങ്ങൾ അതു ആചരിക്കേണം.
  • 4 പെസഹ ആചരിക്കേണമെന്നു മോശെ യിസ്രായേൽമക്കളോടു പറഞ്ഞു.
  • 5 അങ്ങനെ അവർ ഒന്നാം മാസം പതിന്നാലാം തിയ്യതി സന്ധ്യാസമയത്തു സീനായിമരുഭൂമിയിൽവെച്ചു പെസഹ ആചരിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു.
  • 6 എന്നാൽ ഒരു മനുഷ്യന്റെ ശവത്താൽ അശുദ്ധരായിത്തീർന്നിട്ടു ആ നാളിൽ പെസഹ ആചരിപ്പാൻ കഴിയാത്ത ചിലർ ഉണ്ടായിരുന്നു; അവർ അന്നുതന്നേ മോശെയുടെയും അഹരോന്റെയും മുമ്പാകെ വന്നു അവനോടു:
  • 7 ഞങ്ങൾ ഒരുത്തന്റെ ശവത്താൽ അശുദ്ധരായിരിക്കുന്നു; നിശ്ചയിക്കപ്പെട്ട സമയത്തു യിസ്രായേൽമക്കളുടെ ഇടയിൽ യഹോവയുടെ വഴിപാടു കഴിക്കാതിരിപ്പാൻ ഞങ്ങളെ മുടക്കുന്നതു എന്തു എന്നു ചോദിച്ചു.
  • 8 മോശെ അവരോടു: നില്പിൻ; യഹോവ നിങ്ങളെക്കുറിച്ചു കല്പിക്കുന്നതു എന്തു എന്നു ഞാൻ കേൾക്കട്ടെ എന്നു പറഞ്ഞു.
  • 9 എന്നാറെ യഹോവ മോശെയോടു അരുളിച്ചെയ്തതു.
  • 10 നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: നിങ്ങളിലോ നിങ്ങളുടെ സന്തതികളിലോ വല്ലവനും ശവത്താൽ അശുദ്ധനാകയോ ദൂരയാത്രയിൽ ആയിരിക്കയോ ചെയ്താലും അവൻ യഹോവെക്കു പെസഹ ആചരിക്കേണം.
  • 11 രണ്ടാം മാസം പതിന്നാലാം തിയ്യതി സന്ധ്യാസമയത്തു അവർ അതു ആചരിച്ചു പുളിപ്പില്ലാത്ത അപ്പത്തോടും കൈപ്പുചീരയോടും കൂടെ അതു ഭക്ഷിക്കേണം.
  • 12 രാവിലത്തേക്കു അതിൽ ഒന്നും ശേഷിപ്പിച്ചുവെക്കരുതു; അതിന്റെ അസ്ഥിയൊന്നും ഒടിക്കയും അരുതു; പെസഹയുടെ ചട്ടപ്രകാരമൊക്കെയും അവർ അതു ആചരിക്കേണം.
  • 13 എന്നാൽ ശുദ്ധിയുള്ളവനും പ്രയാണത്തിൽ അല്ലാത്തവനുമായ ഒരുത്തൻ പെസഹ ആചരിക്കാതെ വീഴ്ച വരുത്തിയാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം; നിശ്ചയിച്ച സമയത്തു യഹോവയുടെ വഴിപാടു കഴിക്കായ്കകൊണ്ടു അവൻ തന്റെ പാപം വഹിക്കേണം.
  • 14 നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന ഒരു പരദേശിക്കു യഹോവയുടെ പെസഹ ആചരിക്കേണമെങ്കിൽ പെസഹയുടെ ചട്ടത്തിന്നും നിയമത്തിന്നും അനുസരണയായി അവൻ ആചരിക്കേണം; പരദേശിക്കാകട്ടെ സ്വദേശിക്കാകട്ടെ നിങ്ങൾക്കു ഒരു ചട്ടം തന്നേ ആയിരിക്കേണം.
  • 15 തിരുനിവാസം നിവിർത്തുനിർത്തിയ നാളിൽ മേഘം സാക്ഷ്യകൂടാരമെന്ന തിരുനിവാസത്തെ മൂടി; സന്ധ്യാസമയംതൊട്ടു രാവിലെവരെ അതു തിരുനിവാസത്തിന്മേൽ അഗ്നിപ്രകാശംപോലെ ആയിരുന്നു.
  • 16 അതു എല്ലായ്പോഴും അങ്ങനെ തന്നേ ആയിരുന്നു; പകൽ മേഘവും രാത്രി അഗ്നിരൂപവും അതിനെ മൂടിയിരുന്നു.
  • 17 മേഘം കൂടാരത്തിന്മേൽ നിന്നു പൊങ്ങുമ്പോൾ യിസ്രായേൽമക്കൾ യാത്ര പുറപ്പെടും; മേഘം നില്ക്കുന്നേടത്തു അവർ പാളയമിറങ്ങും.
  • 18 യഹോവയുടെ കല്പനപോലെ യിസ്രായേൽമക്കൾ യാത്ര പുറപ്പെടുകയും യഹോവയുടെ കല്പനപോലെ പാളയമിറങ്ങുകയും ചെയ്തു; മേഘം തിരുനിവാസത്തിന്മേൽ നില്ക്കുമ്പോൾ ഒക്കെയും അവർ പാളയമടിച്ചു താമസിക്കും,
  • 19 മേഘം തിരുനിവാസത്തിന്മേൽ ഏറെനാൾ ഇരുന്നു എങ്കിൽ യിസ്രായേൽമക്കൾ യാത്രപുറപ്പെടാതെ യഹോവയുടെ ആജ്ഞ കാത്തുകൊണ്ടിരിക്കും.
  • 20 ചിലപ്പോൾ മേഘം തിരുനിവാസത്തിന്മേൽ കുറെനാൾ ഇരിക്കും; അപ്പോൾ അവർ യഹോവയുടെ കല്പനപോലെ പാളയമിറങ്ങിയിരിക്കും; പിന്നെ യഹോവയുടെ കല്പന പോലെ യാത്ര പുറപ്പെടും.
  • 21 ചിലപ്പോൾ മേഘം സന്ധ്യമുതൽ ഉഷസ്സുവരെ ഇരിക്കും; ഉഷഃകാലത്തു മേഘം പൊങ്ങി എങ്കിൽ അവർ യാത്ര പുറപ്പെടും. ചിലപ്പോൾ പകലും രാവും ഇരിക്കും; പിന്നെ മേഘം പൊങ്ങിയെങ്കിൽ അവർ യാത്ര പുറപ്പെടും.
  • 22 രണ്ടു ദിവസമോ ഒരു മാസമോ ഒരു സംവത്സരമോ മേഘം തിരുനിവാസത്തിന്മേൽ ആവസിച്ചിരുന്നാൽ യിസ്രായേൽമക്കൾ പുറപ്പെടാതെ പാളയമടിച്ചു താമസിക്കും; അതു പൊങ്ങുമ്പോഴോ അവർ പുറപ്പെടും.
  • 23 യഹോവയുടെ കല്പനപോലെ അവർ പാളയമിറങ്ങുകയും യഹോവയുടെ കല്പനപോലെ യാത്ര പുറപ്പെടുകയും ചെയ്യും; മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ അവർ യഹോവയുടെ ആജ്ഞ പ്രമാണിച്ചു.