- 1 അപ്പോൾ സഭയൊക്കെയും ഉറക്കെ നിലവിളിച്ചു, ജനം ആ രാത്രി മുഴുവനും കരഞ്ഞു.
- 2 യിസ്രായേൽമക്കൾ എല്ലാവരും മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു; സഭ ഒക്കെയും അവരോടു: മിസ്രയീംദേശത്തുവെച്ചു ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു. അല്ലെങ്കിൽ ഈ മരുഭൂമിയിൽവെച്ചു ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു.
- 3 വാളാൽ വീഴേണ്ടതിന്നു യഹോവ ഞങ്ങളെ ആ ദേശത്തിലേക്കു കൊണ്ടുപോകുന്നതു എന്തിന്നു? ഞങ്ങളുടെ ഭാര്യമാരും മക്കളും കൊള്ളയായ്പോകുമല്ലോ; മിസ്രയീമിലേക്കു മടങ്ങിപ്പോകയല്ലയോ ഞങ്ങൾക്കു നല്ലതു? എന്നു പറഞ്ഞു.
- 4 നാം ഒരു തലവനെ നിശ്ചയിച്ചു മിസ്രയീമിലേക്കു മടങ്ങിപ്പോക എന്നും അവർ തമ്മിൽ തമ്മിൽ പറഞ്ഞു.
- 5 അപ്പോൾ മോശെയും അഹരോനും യിസ്രായേൽസഭയുടെ സർവ്വസംഘത്തിന്റെയും മുമ്പാകെ കവിണ്ണുവീണു.
- 6 ദേശത്തെ ഒറ്റുനോക്കിയവരിൽ നൂന്റെ മകൻ യോശുവയും യെഫുന്നയുടെ മകൻ കാലേബും വസ്ത്രം കീറി,
- 7 യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറഞ്ഞതു എന്തെന്നാൽ: ഞങ്ങൾ സഞ്ചരിച്ചു ഒറ്റുനോക്കിയ ദേശം എത്രയും നല്ല ദേശം ആകുന്നു.
- 8 യഹോവ നമ്മിൽ പ്രസാദിക്കുന്നു എങ്കിൽ അവൻ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു കൊണ്ടുചെന്നു നമുക്കു അതു തരും.
- 9 യഹോവയോടു നിങ്ങൾ മത്സരിക്കമാത്രം അരുതു; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുതു; അവർ നമുക്കു ഇരയാകുന്നു; അവരുടെ ശരണം പോയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു അവരെ ഭയപ്പെടരുതു.
- 10 എന്നാറെ അവരെ കല്ലെറിയേണം എന്നു സഭയെല്ലാം പറഞ്ഞു. അപ്പോൾ യഹോവയുടെ തേജസ്സു സമാഗമനക്കുടാരത്തിൽ എല്ലായിസ്രായേൽമക്കളും കാൺകെ പ്രത്യക്ഷമായി.
- 11 യഹോവ മോശെയോടു: ഈ ജനം എത്രത്തോളം എന്നെ നിരസിക്കും? ഞാൻ അവരുടെ മദ്ധ്യേ ചെയ്തിട്ടുള്ള അടയാളങ്ങളൊക്കെയും കണ്ടിട്ടും അവർ എത്രത്തോളം എന്നെ വിശ്വസിക്കാതിരിക്കും?
- 12 ഞാൻ അവരെ മഹാമാരിയാൽ ദണ്ഡിപ്പിച്ചു സംഹരിച്ചുകളകയും നിന്നെ അവരെക്കാൾ വലിപ്പവും ബലവുമുള്ള ജാതിയാക്കുകയും ചെയ്യും എന്നു അരുളിച്ചെയ്തു.
- 13 മോശെ യഹോവയോടു പറഞ്ഞതു: എന്നാൽ മിസ്രയീമ്യർ അതു കേൾക്കും; നീ ഈ ജനത്തെ അവരുടെ ഇടയിൽനിന്നു നിന്റെ ശക്തിയാൽ കൊണ്ടുപോന്നുവല്ലോ.
- 14 അവർ അതു ഈ ദേശനിവാസികളോടും പറയും; യഹോവയായ നീ ഈ ജനത്തിന്റെ മദ്ധ്യേ ഉണ്ടെന്നു അവർ കേട്ടിരിക്കുന്നു; യഹോവയായ നിന്നെ ഇവർ കണ്ണാലേ കാണുകയും നിന്റെ മേഘം ഇവർക്കു മീതെ നില്ക്കുകയും പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും നീ ഇവർക്കു മുമ്പായി നടക്കുകയും ചെയ്യുന്നുവല്ലോ.
- 15 നീ ഇപ്പോൾ ഈ ജനത്തെ ഒക്കെയും ഒരു ഒറ്റമനുഷ്യനെപ്പോലെ കൊന്നുകളഞ്ഞാൽ നിന്റെ കീർത്തി കേട്ടിരിക്കുന്ന ജാതികൾ:
- 16 ഈ ജനത്തോടു സത്യം ചെയ്ത ദേശത്തേക്കു അവരെ കൊണ്ടു പോകുവാൻ യഹോവെക്കു കഴിയായ്കകൊണ്ടു അവൻ അവരെ മരുഭൂമിയിൽവെച്ചു കൊന്നു കളഞ്ഞു എന്നു പറയും.
- 17 യഹോവ ദീർഘക്ഷമയും മഹാദയയും ഉള്ളവൻ; അകൃത്യവും ലംഘനവും ക്ഷമിക്കുന്നവൻ; കുറ്റക്കാരനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം മക്കളുടെ മേൽ സന്ദർശിക്കുന്നവൻ
- 18 എന്നിങ്ങനെ നീ അരുളിച്ചെയ്തതുപോലെ കർത്താവേ, ഇപ്പോൾ നിന്റെ ശക്തി വലുതായിരിക്കേണമേ.
- 19 നിന്റെ മഹാദയെക്കു തക്കവണ്ണം മിസ്രയീംമുതൽ ഇവിടംവരെ ഈ ജനത്തോടു നീ ക്ഷമിച്ചുവന്നതുപോലെ ഈ ജനത്തിന്റെ അകൃത്യം ക്ഷമിക്കേണമേ.
- 20 അതിന്നു യഹോവ അരുളിച്ചെയ്തതു: നിന്റെ അപേക്ഷപ്രകാരം ഞാൻ ക്ഷമിച്ചിരിക്കുന്നു.
- 21 എങ്കിലും എന്നാണ, ഭൂമിയെല്ലാം യഹോവയുടെ തേജസ്സുകൊണ്ടു നിറഞ്ഞിരിക്കും.
- 22 എന്റെ തേജസ്സും മിസ്രയീമിലും മരുഭൂമിയിലുംവെച്ചു ഞാൻ ചെയ്ത അടയാളങ്ങളും കണ്ടിട്ടുള്ള പുരുഷന്മാർ എല്ലാവരും ഇപ്പോൾ പത്തു പ്രാവശ്യം എന്നെ പരീക്ഷിക്കയും എന്റെ വാക്കു കൂട്ടാക്കാതിരിക്കയും ചെയ്തതുകൊണ്ടു
- 23 അവരുടെ പിതാക്കന്മാരോടു ഞാൻ സത്യം ചെയ്തിട്ടുള്ള ദേശം അവർ കാൺകയില്ല; എന്നെ നിരസിച്ചവർ ആരും അതു കാൺകയില്ല.
- 24 എന്റെ ദാസനായ കാലേബോ, അവന്നു വേറൊരു സ്വഭാവമുള്ളതുകൊണ്ടും എന്നെ പൂർണ്ണമായി അനുസരിച്ചതുകൊണ്ടും അവൻ പോയിരുന്ന ദേശത്തേക്കു ഞാൻ അവനെ എത്തിക്കും; അവന്റെ സന്തതി അതു കൈവശമാക്കും.
- 25 എന്നാൽ അമാലേക്യരും കനാന്യരും താഴ്വരയിൽ പാർക്കുന്നതുകൊണ്ടു നിങ്ങൾ നാളെ ചെങ്കടലിങ്കലേക്കുള്ള വഴിയായി മരുഭൂമിയിലേക്കു മടങ്ങിപ്പോകുവിൻ.
- 26 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:
- 27 ഈ ദുഷ്ടസഭ എത്രത്തോളം എനിക്കു വിരോധമായി പിറുപിറുക്കും? യിസ്രായേൽമക്കൾ എനിക്കു വിരോധമായി പിറുപിറുക്കുന്നതു ഞാൻ കേട്ടിരിക്കുന്നു.
- 28 അവരോടു പറവിൻ: ഞാൻ കേൾക്കെ നിങ്ങൾ പറഞ്ഞതുപോലെ തന്നേ, എന്നാണ, ഞാൻ നിങ്ങളോടു ചെയ്യുമെന്നു യഹോവ അരുളിച്ചെയ്യുന്നു.
- 29 ഈ മരുഭൂമിയിൽ നിങ്ങളുടെ ശവം വീഴും; യെഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ ഇരുപതു വയസ്സുമുതൽ മേലോട്ടു എണ്ണപ്പെട്ടവരായി
- 30 എന്റെ നേരെ പിറുപിറുത്തവരായ നിങ്ങളുടെ എണ്ണത്തിൽ ആരും ഞാൻ നിങ്ങളെ പാർപ്പിക്കുമെന്നു സത്യം ചെയ്തിട്ടുള്ള ദേശത്തു കടക്കയില്ല.
- 31 എന്നാൽ കൊള്ളയായ്പോകുമെന്നു നിങ്ങൾ പറഞ്ഞിട്ടുള്ള നിങ്ങളുടെ കുഞ്ഞുകുട്ടികളെ ഞാൻ അതിൽ കടക്കുമാറാക്കും; നിങ്ങൾ നിരസിച്ചിരിക്കുന്ന ദേശം അവർ അറിയും.
- 32 നിങ്ങളോ, നിങ്ങളുടെ ശവം ഈ മരുഭൂമിയിൽ വീഴും.
- 33 നിങ്ങളുടെ ശവം മരുഭൂമിയിൽ ഒടുങ്ങുംവരെ നിങ്ങളുടെ മക്കൾ മരുഭൂമിയിൽ നാല്പതു സംവത്സരം ഇടയരായി സഞ്ചരിച്ചു നിങ്ങളുടെ പാതിവ്രത്യഭംഗം വഹിക്കും;
- 34 ദേശം ഒറ്റുനോക്കിയ നാല്പതു ദിവസത്തിന്റെ എണ്ണത്തിന്നൊത്തവണ്ണം, ഒരു ദിവസത്തിന്നു ഒരു സംവത്സരം വീതം, നാല്പതു സംവത്സരം നിങ്ങൾ നിങ്ങളുടെ അകൃത്യങ്ങൾ വഹിച്ചു എന്റെ അകല്ച അറിയും.
- 35 എനിക്കു വിരോധമായി കൂട്ടംകൂടിയ ഈ ദുഷ്ടസഭയോടു ഞാൻ ഇങ്ങനെ ചെയ്യും: ഈ മരുഭൂമിയിൽ അവർ ഒടുങ്ങും; ഇവിടെ അവർ മരിക്കും എന്നു യഹോവയായ ഞാൻ കല്പിച്ചിരിക്കുന്നു.
- 36 ദേശം ഒറ്റുനോക്കുവാൻ മോശെ അയച്ചവരും, മടങ്ങിവന്നു ദേശത്തെക്കുറിച്ചു ദുർവ്വർത്തമാനം പറഞ്ഞു സഭ മുഴുവനും അവന്നു വിരോധമായി പിറുപിറുപ്പാൻ സംഗതി വരുത്തിയ വരും,
- 37 ദേശത്തെക്കുറിച്ചു ദുർവ്വർത്തമാനം പറഞ്ഞവരുമായ പുരുഷന്മാർ യഹോവയുടെ മുമ്പാകെ ഒരു ബാധകൊണ്ടു മരിച്ചു.
- 38 എന്നാൽ ദേശം ഒറ്റുനോക്കുവാൻ പോയ പുരുഷന്മാരിൽ നൂന്റെ മകൻ യോശുവയും യെഫുന്നയുടെ പുത്രൻ കാലേബും മരിച്ചില്ല.
- 39 പിന്നെ മോശെ ഈ വാക്കുകൾ യിസ്രായേൽമക്കളോടൊക്കെയും പറഞ്ഞു; ജനം ഏറ്റവും ദുഃഖിച്ചു.
- 40 പിറ്റേന്നു അവർ അതികാലത്തു എഴുന്നേറ്റു: ഇതാ, യഹോവ ഞങ്ങൾക്കു ചൊല്ലിയിരിക്കുന്ന സ്ഥലത്തേക്കു ഞങ്ങൾ കയറിപ്പോകുന്നു: ഞങ്ങൾ പാപം ചെയ്തുപോയി എന്നു പറഞ്ഞു മലമുകളിൽ കയറി.
- 41 അപ്പോൾ മോശെ: നിങ്ങൾ എന്തിന്നു യഹോവയുടെ കല്പന ലംഘിക്കുന്നു? അതു സാദ്ധ്യമാകയില്ല.
- 42 ശത്രുക്കളാൽ തോൽക്കാതിരിക്കേണ്ടതിന്നു നിങ്ങൾ കയറരുതു; യഹോവ നിങ്ങളുടെ മദ്ധ്യേ ഇല്ല.
- 43 അമാലേക്യരും കനാന്യരും അവിടെ നിങ്ങളുടെ മുമ്പിൽ ഉണ്ടു; നിങ്ങൾ വാളാൽ വീഴും; നിങ്ങൾ യഹോവയെ വിട്ടു പിന്തിരിഞ്ഞിരിക്കകൊണ്ടു യഹോവ നിങ്ങളോടുകൂടെ ഉണ്ടായിരിക്കയില്ല എന്നു പറഞ്ഞു.
- 44 എന്നിട്ടും അവർ ധാർഷ്ട്യം പൂണ്ടു മലമുകളിൽ കയറി; യഹോവയുടെ നിയമപെട്ടകവും മോശെയും പാളയത്തിൽനിന്നു പുറപ്പെട്ടില്ലതാനും.
- 45 എന്നാറെ മലയിൽ പാർത്തിരുന്ന അമാലേക്യരും കനാന്യരും ഇറങ്ങിവന്നു അവരെ തോല്പിച്ചു ഹോർമ്മാവരെ അവരെ ഛിന്നിച്ചു ഓടിച്ചുകളഞ്ഞു.
Numbers 14
- Details
- Parent Category: Old Testament
- Category: Numbers
സംഖ്യാപുസ്തകം അദ്ധ്യായം 14