wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


സംഖ്യാപുസ്തകംഅദ്ധ്യായം 24
  • 1 യിസ്രായേലിനെ അനുഗ്രഹിക്കുന്നതു യഹോവെക്കു പ്രസാദമെന്നു ബിലെയാം കണ്ടപ്പോൾ അവൻ മുമ്പിലത്തെപ്പോലെ ലക്ഷണം നോക്കുവാൻ പോകാതെ മരുഭൂമിക്കുനേരെ മുഖം തിരിച്ചു.
  • 2 ബിലെയാം തല ഉയർത്തി യിസ്രായേൽ ഗോത്രംഗോത്രമായി പാർക്കുന്നതു കണ്ടു; ദൈവത്തിന്റെ ആത്മാവു അവന്റെമേൽ വന്നു;
  • 3 അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു: ബെയോരിന്റെ മകനായ ബിലെയാം പറയുന്നു.
  • 4 കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു; ദൈവത്തിന്റെ അരുളപ്പാടു കേൾക്കുന്നവൻ, സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ, വീഴുമ്പോൾ കണ്ണു തുറന്നിരിക്കുന്നവൻ പറയുന്നതു:
  • 5 യാക്കോബേ, നിന്റെ കൂടാരങ്ങൾ യിസ്രായേലേ, നിന്റെ നിവാസങ്ങൾ എത്ര മനോഹരം!
  • 6 താഴ്വരപോലെ അവ പരന്നിരിക്കുന്നു; നദീതീരത്തെ ഉദ്യാനങ്ങൾപോലെ, യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങൾ പോലെ, ജലാന്തികേയുള്ള ദേവദാരുക്കൾപോലെ തന്നേ.
  • 7 അവന്റെ തൊട്ടികളിൽനിന്നു വെള്ളം ഒഴുകുന്നു; അവന്റെ വിത്തിന്നു വെള്ളം ധാരാളം; അവന്റെ അരചൻ ആഗാഗിലും ശ്രേഷ്ഠൻ; അവന്റെ രാജത്വം ഉന്നതം തന്നേ.
  • 8 ദൈവം അവനെ മിസ്രയീമിൽനിന്നു കൊണ്ടു വരുന്നു; കാട്ടുപോത്തിന്നു തുല്യമായ ബലം അവന്നു ഉണ്ടു; ശത്രുജാതികളെ അവൻ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവൻ തകർക്കുന്നു; അസ്ത്രം എയ്തു അവരെ തുളെക്കുന്നു.
  • 9 അവൻ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു; ഒരു സിംഹികണക്കെത്തന്നേ; ആർ അവനെ ഉണർത്തും? നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; നിന്നെ ശപിക്കുന്നവൻ ശപീക്കപ്പെട്ടവൻ.
  • 10 അപ്പോൾ ബാലാക്കിന്റെ കോപം ബിലെയാമിന്റെ നേരെ ജ്വലിച്ചു; അവൻ കൈ ഞെരിച്ചു ബിലെയാമിനോടു: എന്റെ ശത്രുക്കളെ ശപിപ്പാൻ ഞാൻ നിന്നെ വിളിപ്പിച്ചു; നീയോ ഇവരെ ഈ മൂന്നു പ്രാവശ്യവും ആശീർവ്വദിക്കയത്രേ ചെയ്തിരിക്കുന്നു.
  • 11 ഇപ്പോൾ നിന്റെ സ്ഥലത്തേക്കു ഓടിപ്പോക; നിന്നെ ഏറ്റവും ബഹുമാനിപ്പാൻ ഞാൻ വിചാരിച്ചിരുന്നു; എന്നാൽ യഹോവ നിനക്കു ബഹുമാനം മുടക്കിയിരിക്കുന്നു എന്നു പറഞ്ഞു.
  • 12 അതിന്നു ബിലെയാം ബാലാക്കിനോടു പറഞ്ഞതു: ബാലാൿ തന്റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും തന്നാലും യഹോവയുടെ കല്പന ലംഘിച്ചു ഗുണമെങ്കിലും ദോഷമെങ്കിലും സ്വമേധയായി ചെയ്‍വാൻ എനിക്കു കഴിയുന്നതല്ല; യഹോവ അരുളിച്ചെയ്യുന്നതു മാത്രമേ
  • 13 ഞാൻ പറകയുള്ളു എന്നു എന്റെ അടുക്കൽ നീ അയച്ച ദൂതന്മാരോടു ഞാൻ പറഞ്ഞില്ലയോ?
  • 14 ഇപ്പോൾ ഇതാ ഞാൻ എന്റെ ജനത്തിന്റെ അടുക്കലേക്കു പോകുന്നു; വരിക, ഭാവികാലത്തു ഈ ജനം നിന്റെ ജനത്തോടു എന്തു ചെയ്യുമെന്നു ഞാൻ നിന്നെ അറിയിക്കാം.
  • 15 പിന്നെ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാൽ: ബെയോരിന്റെ മകൻ ബിലെയാം പറയുന്നു; കണ്ണടെച്ചിരിക്കുന്ന പുരുഷൻ പറയുന്നു;
  • 16 ദൈവത്തിന്റെ അരുളപ്പാടു കേൾക്കുന്നവൻ അത്യുന്നതന്റെ പരിജ്ഞാനം പ്രാപിച്ചവൻ, സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ, വീഴുമ്പോൾ കണ്ണു തുറന്നിരിക്കുന്നവൻ പറയുന്നതു:
  • 17 ഞാൻ അവനെ കാണും, ഇപ്പോൾ അല്ലതാനും; ഞാൻ അവനെ ദർശിക്കും, അടുത്തല്ലതാനും. യാക്കോബിൽനിന്നു ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽനിന്നു ഒരു ചെങ്കോൽ ഉയരും. അതു മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കയും തുമുലപുത്രന്മാരെ ഒക്കെയും സംഹരിക്കയും ചെയ്യും.
  • 18 എദോം ഒരു അധീനദേശമാകും; ശത്രുവായ സെയീരും അധീനദേശമാകും; യിസ്രായേലോ വീര്യം പ്രവർത്തിക്കും.
  • 19 യാക്കോബിൽനിന്നു ഒരുത്തൻ ഭരിക്കും; ഒഴിഞ്ഞുപോയവരെ അവൻ നഗരത്തിൽനിന്നു നശിപ്പിക്കും.
  • 20 അവൻ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയതു: അമാലേൿ ജാതികളിൽ മുമ്പൻ; അവന്റെ അവസാനമോ നാശം അത്രേ.
  • 21 അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയതു: നിന്റെ നിവാസം ഉറപ്പുള്ളതു: നിന്റെ കൂടു പാറയിൽ വെച്ചിരിക്കുന്നു.
  • 22 എങ്കിലും കേന്യന്നു നിർമ്മൂലനാശം ഭവിക്കും; അശ്ശൂർ നിന്നെ പിടിച്ചുകൊണ്ടുപോവാൻ ഇനിയെത്ര?
  • 23 പിന്നെ അവൻ ഈ സുഭാഷിതം ചൊല്ലിയതു: ഹാ, ദൈവം ഇതു നിവർത്തിക്കുമ്പോൾ ആർ ജീവിച്ചിരിക്കും?
  • 24 കിത്തീംതീരത്തുനിന്നു കപ്പലുകൾ വരും; അവ അശ്ശൂരിനെ താഴ്ത്തും, ഏബെരിനെയും താഴ്ത്തും. അവന്നും നിർമ്മൂലനാശം ഭവിക്കും
  • 25 അതിന്റെ ശേഷം ബിലെയാം പുറപ്പെട്ടു തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി; ബാലാക്കും തന്റെ വഴിക്കു പോയി.