wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


സദൃശ്യവാക്യങ്ങൾ അദ്ധ്യായം 4
  • 1 മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിന്നു ശ്രദ്ധിപ്പിൻ.
  • 2 ഞാൻ നിങ്ങൾക്കു സൽബുദ്ധി ഉപദേശിച്ചുതരുന്നു; എന്റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുതു.
  • 3 ഞാൻ എന്റെ അപ്പന്നു മകനും എന്റെ അമ്മെക്കു ഓമനയും ഏകപുത്രനും ആയിരുന്നു;
  • 4 അവൻ എന്നെ പഠിപ്പിച്ചു, എന്നോടു പറഞ്ഞതു: എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊൾക; എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക.
  • 5 ജ്ഞാനം സമ്പാദിക്ക: വിവേകം നേടുക; മറക്കരുതു; എന്റെ വചനങ്ങളെ വിട്ടുമാറുകയുമരുതു.
  • 6 അതിനെ ഉപേക്ഷിക്കരുതു; അതു നിന്നെ കാക്കും; അതിൽ പ്രിയം വെക്കുക; അതു നിന്നെ സൂക്ഷിക്കും;
  • 7 ജ്ഞാനംതന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക; നിന്റെ സകലസമ്പാദ്യത്താലും വിവേകം നേടുക.
  • 8 അതിനെ ഉയർത്തുക; അതു നിന്നെ ഉയർത്തും; അതിനെ ആലിംഗനം ചെയ്താൽ അതു നിനക്കു മാനം വരുത്തും.
  • 9 അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും; അതു നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും.
  • 10 മകനേ കേട്ടു എന്റെ വചനങ്ങളെ കൈക്കൊൾക; എന്നാൽ നിനക്കു ദീർഘായുസ്സുണ്ടാകും.
  • 11 ജ്ഞാനത്തിന്റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു: നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു.
  • 12 നടക്കുമ്പോൾ നിന്റെ കാലടിക്കു ഇടുക്കം വരികയില്ല; ഓടുമ്പോൾ നീ ഇടറുകയുമില്ല.
  • 13 പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുതു; അതിനെ കാത്തുകൊൾക, അതു നിന്റെ ജീവനല്ലോ.
  • 14 ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുതു; ദുർജ്ജനത്തിന്റെ വഴിയിൽ നടക്കയുമരുതു;
  • 15 അതിനോടു അകന്നുനിൽക്ക; അതിൽ നടക്കരുതു; അതു വിട്ടുമാറി കടന്നുപോക.
  • 16 അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവർക്കു ഉറക്കം വരികയില്ല.
  • 17 ദുഷ്ടതയുടെ ആഹാരംകൊണ്ടു അവർ ഉപജീവിക്കുന്നു; ബലാൽക്കാരത്തിന്റെ വീഞ്ഞു അവർ പാനം ചെയ്യുന്നു.
  • 18 നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു.
  • 19 ദുഷ്ടന്മാരുടെവഴി അന്ധകാരംപോലെയാകുന്നു; ഏതിങ്കൽ തട്ടി വീഴും എന്നു അവർ അറിയുന്നില്ല.
  • 20 മകനേ, എന്റെ വചനങ്ങൾക്കു ശ്രദ്ധതരിക; എന്റെ മൊഴികൾക്കു നിന്റെ ചെവി ചായിക്ക.
  • 21 അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു; നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവെക്കുക.
  • 22 അവയെ കിട്ടുന്നവർക്കു അവ ജീവനും അവരുടെ സർവ്വദേഹത്തിന്നും സൌഖ്യവും ആകുന്നു.
  • 23 സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു.
  • 24 വായുടെ വക്രത നിങ്കൽനിന്നു നീക്കിക്കളക; അധരങ്ങളുടെ വികടം നിങ്കൽനിന്നകറ്റുക.
  • 25 നിന്റെ കണ്ണു നേരെ നോക്കട്ടെ; നിന്റെ കണ്ണിമ ചൊവ്വെ മുമ്പോട്ടു മിഴിക്കട്ടെ.
  • 26 നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.
  • 27 ഇടത്തോട്ടോ വലത്തോട്ടോ തിരിയരുതു; നിന്റെ കാലിനെ ദോഷം വിട്ടകലുമാറാക്കുക.