wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


സദൃശ്യവാക്യങ്ങൾ അദ്ധ്യായം 6
  • 1 മകനേ, കൂട്ടുകാരന്നു വേണ്ടി നീ ജാമ്യം നിൽക്കയോ അന്യന്നു വേണ്ടി കയ്യടിക്കയോ ചെയ്തിട്ടുണ്ടെങ്കിൽ,
  • 2 നിന്റെ വായിലെ വാക്കുകളാൽ നീ കുടുങ്ങിപ്പോയി; നിന്റെ വായിലെ മൊഴികളാൽ പിടിപ്പെട്ടിരിക്കുന്നു.
  • 3 ആകയാൽ മകനേ, ഇതു ചെയ്ക; നിന്നെത്തന്നേ വിടുവിക്ക; കൂട്ടുകാരന്റെ കയ്യിൽ നീ അകപ്പെട്ടുപോയല്ലോ; നീ ചെന്നു, താണുവീണു കൂട്ടുകാരനോടു മുട്ടിച്ചപേക്ഷിക്ക.
  • 4 നിന്റെ കണ്ണിന്നു ഉറക്കവും നിന്റെ കണ്ണിമെക്കു നിദ്രയും കൊടുക്കരുതു.
  • 5 മാൻ നായാട്ടുകാരന്റെ കയ്യിൽനിന്നും പക്ഷി വേട്ടക്കാരന്റെ കയ്യിൽനിന്നും എന്നപോലെ നീ നിന്നെത്തന്നേ വിടുവിക്ക,
  • 6 മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക.
  • 7 അതിന്നു നായകനും മേൽവിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും
  • 8 വേനൽക്കാലത്തു തന്റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്തു തന്റെ തീൻ ശേഖരിക്കുന്നു.
  • 9 മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേല്ക്കും?
  • 10 കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര; കുറെക്കൂടെ കൈകെട്ടിക്കിടക്ക.
  • 11 അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.
  • 12 നിസ്സാരനും ദുഷ്കർമ്മിയുമായവൻ വായുടെ വക്രതയോടെ നടക്കുന്നു.
  • 13 അവൻ കണ്ണിമെക്കുന്നു; കാൽകൊണ്ടു പരണ്ടുന്നു; വിരൽകൊണ്ടു ആംഗ്യം കാണിക്കുന്നു.
  • 14 അവന്റെ ഹൃദയത്തിൽ വക്രതയുണ്ടു; അവൻ എല്ലായ്പോഴും ദോഷം നിരൂപിച്ചു വഴക്കുണ്ടാക്കുന്നു.
  • 15 അതുകൊണ്ടു അവന്റെ ആപത്തു പെട്ടെന്നു വരും; ക്ഷണത്തിൽ അവൻ തകർന്നുപോകും; പ്രതിശാന്തിയുണ്ടാകയുമില്ല.
  • 16 ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന്നു അറെപ്പാകുന്നു:
  • 17 ഗർവ്വമുള്ള കണ്ണും വ്യാജമുള്ള നാവും കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും
  • 18 ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിന്നു ബദ്ധപ്പെട്ടു ഓടുന്ന കാലും
  • 19 ഭോഷ്കു പറയുന്ന കള്ളസാക്ഷിയും സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നേ.
  • 20 മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു.
  • 21 അതു എല്ലായ്പോഴും നിന്റെ ഹൃദയത്തോടു ബന്ധിച്ചുകൊൾക; നിന്റെ കഴുത്തിൽ അതു കെട്ടിക്കൊൾക.
  • 22 നീ നടക്കുമ്പോൾ അതു നിനക്കു വഴികാണിക്കും. നീ ഉറങ്ങുമ്പോൾ അതു നിന്നെ കാക്കും; നീ ഉണരുമ്പോൾ അതു നിന്നോടു സംസാരിക്കും.
  • 23 കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും പ്രബോധനത്തിന്റെ ശാസനകൾ ജീവന്റെ മാർഗ്ഗവും ആകുന്നു.
  • 24 അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തിൽനിന്നും പരസ്ത്രീയുടെ ചക്കരവാക്കുകളിൽനിന്നും നിന്നെ രക്ഷിക്കും.
  • 25 അവളുടെ സൌന്ദര്യത്തെ നിന്റെ ഹൃദയത്തിൽ മോഹിക്കരുതു; അവൾ കണ്ണിമകൊണ്ടു നിന്നെ വശീകരിക്കയുമരുതു.
  • 26 വേശ്യാസ്ത്രീനിമിത്തം പെറുക്കിത്തിന്നേണ്ടിവരും; വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു.
  • 27 ഒരു മനുഷ്യന്നു തന്റെ വസ്ത്രം വെന്തു പോകാതെ മടിയിൽ തീ കൊണ്ടുവരാമോ?
  • 28 ഒരുത്തന്നു കാൽ പൊള്ളാതെ തീക്കനലിന്മേൽ നടക്കാമോ?
  • 29 കൂട്ടുകാരന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുന്നവൻ ഇങ്ങനെ തന്നേ; അവളെ തൊടുന്ന ഒരുത്തനും ശിക്ഷവരാതെയിരിക്കയില്ല.
  • 30 കള്ളൻ വിശന്നിട്ടു വിശപ്പടക്കുവാൻ മാത്രം കട്ടാൽ ആരും അവനെ നിരസിക്കുന്നില്ല.
  • 31 അവനെ പിടികിട്ടിയാൽ അവൻ ഏഴിരട്ടി മടക്കിക്കൊടുക്കാം; തന്റെ വീട്ടിലെ വസ്തുവക ഒക്കെയും കൊടുക്കാം;
  • 32 സ്ത്രീയോടു വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ; അങ്ങനെ ചെയ്യുന്നവൻ സ്വന്തപ്രാണനെ നശിപ്പിക്കുന്നു.
  • 33 പ്രഹരവും അപമാനവും അവന്നു ലഭിക്കും; അവന്റെ നിന്ദ മാഞ്ഞുപോകയുമില്ല.
  • 34 ജാരശങ്ക പുരുഷന്നു ക്രോധഹേതുവാകുന്നു; പ്രതികാരദിവസത്തിൽ അവൻ ഇളെക്കുകയില്ല.
  • 35 അവൻ യാതൊരു പ്രതിശാന്തിയും കൈക്കൊള്ളുകയില്ല; എത്ര സമ്മാനം കൊടുത്താലും അവൻ തൃപ്തിപ്പെടുകയുമില്ല.