wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


സദൃശ്യവാക്യങ്ങൾ അദ്ധ്യായം 19
  • 1 വികടാധരം ഉള്ള മൂഢനെക്കാൾ പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.
  • 2 പരിജ്ഞാനമില്ലാത്ത മനസ്സു നന്നല്ല; തത്രപ്പെട്ടു കാൽ വെക്കുന്നവനോ പിഴെച്ചുപോകുന്നു.
  • 3 മനുഷ്യന്റെ ഭോഷത്വം അവന്റെ വഴിയെ മറിച്ചുകളയുന്നു; അവന്റെ ഹൃദയമോ യഹോവയോടു മുഷിഞ്ഞുപോകുന്നു.
  • 4 സമ്പത്തു സ്നേഹിതന്മാരെ വർദ്ധിപ്പിക്കുന്നു; എളിയവനോ കൂട്ടുകാരനോടു അകന്നിരിക്കുന്നു.
  • 5 കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷ്കു നിശ്വസിക്കുന്നവൻ ഒഴിഞ്ഞുപോകയുമില്ല.
  • 6 പ്രഭുവിന്റെ പ്രീതി സമ്പാദിപ്പാൻ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന്നു ഏവനും സ്നേഹിതൻ.
  • 7 ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകെക്കുന്നു; അവന്റെ സ്നേഹിതന്മാർ എത്ര അധികം അകന്നുനില്ക്കും? അവൻ വാക്കു തിരയുമ്പോഴേക്കു അവരെ കാണ്മാനില്ല.
  • 8 ബുദ്ധി സമ്പാദിക്കുന്നവൻ തന്റെ പ്രാണനെ സ്നേഹിക്കുന്നു; ബോധം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും.
  • 9 കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷ്കു നിശ്വസിക്കുന്നവൻ നശിച്ചുപോകും.
  • 10 സുഖജീവനം ഭോഷന്നു യോഗ്യമല്ല; പ്രഭുക്കന്മാരുടെമേൽ കർത്തൃത്വം നടത്തുന്നതോ ദാസന്നു എങ്ങനെ?
  • 11 വിവേകബുദ്ധിയാൽ മനുഷ്യന്നു ദീർഘക്ഷമവരുന്നു; ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം.
  • 12 രാജാവിന്റെ ക്രോധം സിംഹഗർജ്ജനത്തിന്നു തുല്യം; അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.
  • 13 മൂഢനായ മകൻ അപ്പന്നു നിർഭാഗ്യം; ഭാര്യയുടെ കലമ്പൽ തീരാത്ത ചോർച്ചപോലെ.
  • 14 ഭവനവും സമ്പത്തും പിതാക്കന്മാർ വെച്ചേക്കുന്ന അവകാശം; ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം.
  • 15 മടി ഗാഢനിദ്രയിൽ വീഴിക്കുന്നു; അലസചിത്തൻ പട്ടണികിടക്കും.
  • 16 കല്പന പ്രമാണിക്കുന്നവൻ പ്രാണനെ കാക്കുന്നു; നടപ്പു സൂക്ഷിക്കാത്തവനോ മരണശിക്ഷ അനുഭവിക്കും.
  • 17 എളിയവനോടു കൃപ കാട്ടുന്നവൻ യഹോവെക്കു വായ്പ കൊടുക്കുന്നു; അവൻ ചെയ്ത നന്മെക്കു അവൻ പകരം കൊടുക്കും.
  • 18 പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്ക; എങ്കിലും അവനെ കൊല്ലുവാൻ തക്കവണ്ണം ഭാവിക്കരുതു.
  • 19 മുൻകോപി പിഴ കൊടുക്കേണ്ടിവരും; നീ അവനെ വിടുവിച്ചാൽ അതു പിന്നെയും ചെയ്യേണ്ടിവരും.
  • 20 പിന്നത്തേതിൽ നീ ജ്ഞാനിയാകേണ്ടതിന്നു ആലോചന കേട്ടു പ്രബോധനം കൈക്കൊൾക.
  • 21 മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ടു; യഹോവയുടെ ആലോചനയോ നിവൃത്തിയാകും.
  • 22 മനുഷ്യൻ തന്റെ മനസ്സുപോലെ ദയ കാണിക്കും; ഭോഷ്കു പറയുന്നവനെക്കാൾ ദരിദ്രൻ ഉത്തമൻ.
  • 23 യഹോവാഭക്തി ജീവഹേതുകമാകുന്നു; അതുള്ളവൻ തൃപ്തനായി വസിക്കും; അനർത്ഥം അവന്നു നേരിടുകയില്ല.
  • 24 മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരികയില്ല.
  • 25 പരിഹാസിയെ അടിച്ചാൽ അല്പബുദ്ധി വിവേകം പഠിക്കും; ബുദ്ധിമാനെ ശാസിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും.
  • 26 അപ്പനെ ഹേമിക്കയും അമ്മയെ ഓടിച്ചുകളകയും ചെയ്യുന്നവൻ ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു.
  • 27 മകനേ, പരിജ്ഞാനത്തിന്റെ വചനങ്ങളെ വിട്ടുമാറേണ്ടതിന്നുള്ള ഉപദേശം കേൾക്കുന്നതു മതിയാക്കുക.
  • 28 നിസ്സാരസാക്ഷി ന്യായത്തെ പരിഹസിക്കുന്നു; ദുഷ്ടന്മാരുടെ വായ് അകൃത്യത്തെ വിഴുങ്ങുന്നു.
  • 29 പരിഹാസികൾക്കായി ശിക്ഷാവിധിയും മൂഢന്മാരുടെ മുതുകിന്നു തല്ലും ഒരുങ്ങിയിരിക്കുന്നു.