wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


സങ്കീർത്തനങ്ങൾഅദ്ധ്യായം 50
  • 1 ദൈവം, യഹോവയായ ദൈവം അരുളിച്ചെയ്തു, സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ ഭൂമിയെ വിളിക്കുന്നു.
  • 2 സൌന്ദര്യത്തിന്റെ പൂർണ്ണതയായ സീയോനിൽനിന്നു ദൈവം പ്രകാശിക്കുന്നു.
  • 3 നമ്മുടെ ദൈവം വരുന്നു; മൌനമായിരിക്കയില്ല; അവന്റെ മുമ്പിൽ തീ ദഹിപ്പിക്കുന്നു; അവന്റെ ചുറ്റും വലിയോരു കൊടുങ്കാറ്റടിക്കുന്നു.
  • 4 തന്റെ ജനത്തെ ന്യായം വിധിക്കേണ്ടതിന്നു അവൻ മേലിൽനിന്നു ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.
  • 5 യാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ.
  • 6 ദൈവം തന്നേ ന്യായാധിപതി ആയിരിക്കയാൽ ആകാശം അവന്റെ നീതിയെ ഘോഷിക്കും. സേലാ.
  • 7 എന്റെ ജനമേ, കേൾക്ക; ഞാൻ സംസാരിക്കും. യിസ്രായേലേ, ഞാൻ നിന്നോടു സാക്ഷീകരിക്കും: ദൈവമായ ഞാൻ നിന്റെ ദൈവമാകുന്നു.
  • 8 നിന്റെ ഹനനയാഗങ്ങളെക്കുറിച്ചു ഞാൻ നിന്നെ ശാസിക്കുന്നില്ല; നിന്റെ ഹോമയാഗങ്ങൾ എപ്പോഴും എന്റെ മുമ്പാകെ ഇരിക്കുന്നു.
  • 9 നിന്റെ വീട്ടിൽനിന്നു കാളയെയോ നിന്റെ തൊഴുത്തുകളിൽനിന്നു കോലാട്ടുകൊറ്റന്മാരെയോ ഞാൻ എടുക്കയില്ല.
  • 10 കാട്ടിലെ സകലമൃഗവും പർവ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു.
  • 11 മലകളിലെ പക്ഷികളെ ഒക്കെയും ഞാൻ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നേ.
  • 12 എനിക്കു വിശന്നാൽ ഞാൻ നിന്നോടു പറകയില്ല; ഭൂലോകവും അതിന്റെ നിറവും എന്റേതത്രേ.
  • 13 ഞാൻ കാളകളുടെ മാംസം തിന്നുമോ? കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ?
  • 14 ദൈവത്തിന്നു സ്തോത്രയാഗം അർപ്പിക്ക; അത്യുന്നതന്നു നിന്റെ നേർച്ചകളെ കഴിക്ക.
  • 15 കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.
  • 16 എന്നാൽ ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നു: നീ എന്റെ ചട്ടങ്ങളെ അറിയിപ്പാനും എന്റെ നിയമത്തെ നിന്റെ വായിൽ എടുപ്പാനും നിനക്കെന്തു കാര്യം?
  • 17 നീ ശാസനയെ വെറുത്തു എന്റെ വചനങ്ങളെ നിന്റെ പുറകിൽ എറിഞ്ഞുകളയുന്നുവല്ലോ.
  • 18 കള്ളനെ കണ്ടാൽ നീ അവന്നു അനുകൂലപ്പെടുന്നു; വ്യഭിചാരികളോടു നീ പങ്കു കൂടുന്നു.
  • 19 നിന്റെ വായ് നീ ദോഷത്തിന്നു വിട്ടുകൊടുക്കുന്നു; നിന്റെ നാവു വഞ്ചന പിണെക്കുന്നു.
  • 20 നീ ഇരുന്നു നിന്റെ സഹോദരന്നു വിരോധമായി സംസാരിക്കുന്നു; നിന്റെ അമ്മയുടെ മകനെക്കുറിച്ചു അപവാദം പറയുന്നു.
  • 21 ഇവ നീ ചെയ്തു ഞാൻ മിണ്ടാതിരിക്കയാൽ ഞാൻ നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു; എന്നാൽ ഞാൻ നിന്നെ ശാസിച്ചു നിന്റെ കണ്ണിൻ മുമ്പിൽ അവയെ നിരത്തിവെക്കും.
  • 22 ദൈവത്തെ മറക്കുന്നവരേ, ഇതു ഓർത്തുകൊൾവിൻ; അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിപ്പാൻ ആരുമുണ്ടാകയുമില്ല.
  • 23 സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു; തന്റെ നടപ്പിനെ ക്രമപ്പെടുത്തുന്നവന്നു ഞാൻ ദൈവത്തിന്റെ രക്ഷയെ കാണിക്കും.