wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


സങ്കീർത്തനങ്ങൾഅദ്ധ്യായം 59
  • 1 എന്റെ ദൈവമേ, എന്റെ ശത്രുക്കളുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ; എന്നോടു എതിർക്കുന്നവരുടെ വശത്തുനിന്നു എന്നെ ഉദ്ധരിക്കേണമേ.
  • 2 നീതികേടു പ്രവർത്തിക്കുന്നവരുടെ കയ്യിൽ നിന്നു എന്നെ വിടുവിച്ചു രക്തപാതകന്മാരുടെ പക്കൽനിന്നു എന്നെ രക്ഷിക്കേണമേ.
  • 3 ഇതാ, അവർ എന്റെ പ്രാണന്നായി പതിയിരിക്കുന്നു; യഹോവേ, ബലവാന്മാർ എന്റെ നേരെ കൂട്ടം കൂടുന്നതു എന്റെ അതിക്രമം ഹേതുവായിട്ടല്ല, എന്റെ പാപം ഹേതുവായിട്ടുമല്ല.
  • 4 എന്റെ പക്കൽ അകൃത്യം ഇല്ലാതെ അവർ ഓടി ഒരുങ്ങുന്നു; എന്നെ സഹായിപ്പാൻ ഉണർന്നു കടാക്ഷിക്കേണമേ.
  • 5 സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്റെ ദൈവമേ, സകലജാതികളെയും സന്ദർശിക്കേണ്ടതിന്നു നീ ഉണരേണമേ; നീതികെട്ട ദ്രോഹികളിൽ ആരോടും കൃപ ഉണ്ടാകരുതേ. സേലാ.
  • 6 സന്ധ്യാസമയത്തു അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുംകൊണ്ടു അവർ പട്ടണത്തിന്നു ചുറ്റും നടക്കുന്നു.
  • 7 അവർ തങ്ങളുടെ വായ്കൊണ്ടു ശകാരിക്കുന്നു; വാളുകൾ അവരുടെ അധരങ്ങളിൽ ഉണ്ടു; ആർ കേൾക്കും എന്നു അവർ പറയുന്നു.
  • 8 എങ്കിലും യഹോവേ, നീ അവരെച്ചൊല്ലി ചിരിക്കും; നീ സകലജാതികളെയും പരിഹസിക്കും.
  • 9 എന്റെ ബലമായുള്ളോവേ, ഞാൻ നിന്നെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു.
  • 10 എന്റെ ദൈവം തന്റെ ദയയാൽ എന്നെ എതിരേല്ക്കും; ദൈവം എന്നെ എന്റെ ശത്രുക്കളെ കണ്ടു രസിക്കുമാറാക്കും.
  • 11 അവരെ കൊന്നുകളയരുതേ; എന്റെ ജനം മറക്കാതിരിക്കേണ്ടതിന്നു തന്നേ; ഞങ്ങളുടെ പരിചയാകുന്ന കർത്താവേ, നിന്റെ ശക്തികൊണ്ടു അവരെ ഉഴലുമാറാക്കി താഴ്ത്തേണമേ.
  • 12 അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളും നിമിത്തവും അവർ പറയുന്ന ശാപവും ഭോഷ്കുംനിമിത്തവും അവർ തങ്ങളുടെ അഹങ്കാരത്തിൽ പിടിപ്പെട്ടുപോകട്ടെ.
  • 13 കോപത്തോടെ അവരെ സംഹരിക്കേണമേ; അവർ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയേണമേ; ദൈവം യാക്കോബിൽ വാഴുന്നു എന്നു ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ. സേലാ.
  • 14 സന്ധ്യാസമയത്തു അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരെച്ചുംകൊണ്ടു അവർ നഗരത്തിന്നു ചുറ്റും നടക്കുന്നു.
  • 15 അവർ ആഹാരത്തിന്നായി ഉഴന്നുനടക്കുന്നു, തൃപ്തിയായില്ലെങ്കിൽ അവർ രാത്രിമുഴുവനും താമസിക്കുന്നു.
  • 16 ഞാനോ നിന്റെ ബലത്തെക്കുറിച്ചു പാടും; അതികാലത്തു ഞാൻ നിന്റെ ദയയെക്കുറിച്ചു ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.
  • 17 എന്റെ ബലമായുള്ളോവേ, ഞാൻ നിനക്കു സ്തുതിപാടും; ദൈവം എന്റെ ഗോപുരവും എന്നോടു ദയയുള്ള ദൈവവും അല്ലോ.