wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


രൂത്ത് അദ്ധ്യായം 1
  • 1 ന്യായാധിപന്മാർ ന്യായപാലനം നടത്തിയ കാലത്തു ഒരിക്കൽ ദേശത്തു ക്ഷാമം ഉണ്ടായി; യെഹൂദയിലെ ബേത്ത്ളേഹെമിലുള്ള ഒരു ആൾ തന്റെ ഭാര്യയും രണ്ടു പുത്രന്മാരുമായി മോവാബ്‌ദേശത്ത് പരദേശിയായി പാർപ്പാൻ പോയി.
  • 2 അവന്നു എലീമേലെൿ എന്നും ഭാര്യക്കു നൊവൊമി എന്നും രണ്ടു പുത്രന്മാർക്കു മഹ്ളോൻ എന്നും കില്യോൻ എന്നും പേർ. അവർ യെഹൂദയിലെ ബേത്ത്ളഹെമിൽനിന്നുള്ള എഫ്രാത്യർ ആയിരുന്നു; അവർ മോവാബ്‌ദേശത്തു ചെന്നു അവിടെ താമസിച്ചു.
  • 3 എന്നാൽ നൊവൊമിയുടെ ഭർത്താവായ എലീമേലെൿ മരിച്ചു; അവളും രണ്ടു പുത്രന്മാരും ശേഷിച്ചു.
  • 4 അവർ മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു. ഒരുത്തിക്കു ഒർപ്പാ എന്നും മറ്റവൾക്കു രൂത്ത് എന്നും പേർ; അവർ ഏകദേശം പത്തു സംവത്സരം അവിടെ പാർത്തു.
  • 5 പിന്നെ മഹ്ളോനും കില്യോനും ഇരുവരും മരിച്ചു; അങ്ങനെ രണ്ടു പുത്രന്മാരും ഭർത്താവും കഴിഞ്ഞിട്ടു ആ സ്ത്രീ മാത്രം ശേഷിച്ചു.
  • 6 യഹോവ തന്റെ ജനത്തെ സന്ദർശിച്ചു ആഹാരം കൊടുത്തപ്രകാരം അവൾ മോവാബ്‌ദേശത്തുവെച്ചു കേട്ടിട്ടു മോവാബ്‌ദേശം വിട്ടു മടങ്ങിപ്പോകുവാൻ തന്റെ മരുമക്കളോടുകൂടെ പുറപ്പെട്ടു.
  • 7 അങ്ങനെ അവൾ മരുമക്കളുമായി പാർത്തിരുന്ന സ്ഥലം വിട്ടു യെഹൂദാദേശത്തേക്കു മടങ്ങിപ്പോകുവാൻ യാത്രയായി.
  • 8 എന്നാൽ നൊവൊമി മരുമക്കൾ ഇരുവരോടും: നിങ്ങൾ താന്താന്റെ അമ്മയുടെ വീട്ടിലേക്കു മടങ്ങിപ്പോകുവിൻ; മരിച്ചവരോടും എന്നോടും നിങ്ങൾ ചെയ്തതുപോലെ യഹോവ നിങ്ങളോടും ദയചെയ്യുമാറാകട്ടെ.
  • 9 നിങ്ങൾ താന്താന്റെ ഭർത്താവിന്റെ വീട്ടിൽ വിശ്രാമം പ്രാപിക്കേണ്ടതിന്നു യഹോവ നിങ്ങൾക്കു കൃപ നല്കുമാറാകട്ടെ എന്നു പറഞ്ഞു അവരെ ചുംബിച്ചു; അവർ ഉച്ചത്തിൽ കരഞ്ഞു.
  • 10 അവർ അവളോടു: ഞങ്ങളും നിന്നോടുകൂടെ നിന്റെ ജനത്തിന്റെ അടുക്കൽ പോരുന്നു എന്നു പറഞ്ഞു.
  • 11 അതിന്നു നൊവൊമി പറഞ്ഞതു: എന്റെ മക്കളേ, നിങ്ങൾ മടങ്ങിപ്പൊയ്ക്കൊൾവിൻ; എന്തിന്നു എന്നോടുകൂടെ പോരുന്നു? നിങ്ങൾക്കു ഭർത്താക്കന്മാരായിരിപ്പാൻ ഇനി എന്റെ ഉദരത്തിൽ പുത്രന്മാർ ഉണ്ടോ?
  • 12 എന്റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊൾവിൻ; ഒരു പുരുഷന്നു ഭാര്യയായിരിപ്പാൻ എനിക്കു പ്രായം കഴിഞ്ഞുപോയി; അല്ല, അങ്ങനെ ഒരു ആശ എനിക്കുണ്ടായിട്ടു ഈ രാത്രി തന്നേ ഒരു പുരുഷന്നു ഭാര്യയായി പുത്രന്മാരെ പ്രസവിച്ചാലും
  • 13 അവർക്കു പ്രായമാകുവോളം നിങ്ങൾ അവർക്കായിട്ടു കാത്തിരിക്കുമോ? നിങ്ങൾ ഭർത്താക്കന്മാരെ എടുക്കാതെ നില്ക്കുമോ? അതു വേണ്ടാ, എന്റെ മക്കളേ; യഹോവയുടെ കൈ എനിക്കു വിരോധമായി പുറപ്പെട്ടിരിക്കയാൽ നിങ്ങളെ വിചാരിച്ചു ഞാൻ വളരെ വ്യസനിക്കുന്നു.
  • 14 അവർ പിന്നെയും പൊട്ടിക്കരഞ്ഞു; ഒർപ്പാ അമ്മാവിയമ്മയെ ചുംബിച്ചു പിരിഞ്ഞു; രൂത്തോ അവളോടു പറ്റിനിന്നു.
  • 15 അപ്പോൾ അവൾ: നിന്റെ സഹോദരി തന്റെ ജനത്തിന്റെയും തന്റെ ദേവന്റെയും അടുക്കൽ മടങ്ങിപ്പോയല്ലോ; നീയും നിന്റെ സഹോദരിയുടെ പിന്നാലെ പൊയ്ക്കൊൾക എന്നു പറഞ്ഞു.
  • 16 അതിന്നു രൂത്ത്: നിന്നെ വിട്ടുപിരിവാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം.
  • 17 നീ മരിക്കുന്നേടത്തു ഞാനും മരിച്ചു അടക്കപ്പെടും; മരണത്താലല്ലാതെ ഞാൻ നിന്നെ വിട്ടുപിരിഞ്ഞാൽ യഹോവ തക്കവണ്ണവും അധികവും എന്നോടു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.
  • 18 തന്നോടു കൂടെ പോരുവാൻ അവൾ ഉറെച്ചിരിക്കുന്നു എന്നു കണ്ടപ്പോൾ അവൾ അവളോടു സംസാരിക്കുന്നതു മതിയാക്കി.
  • 19 അങ്ങനെ അവർ രണ്ടുപേരും ബേത്ത്ളേഹെംവരെ നടന്നു; അവർ ബേത്ത്ളേഹെമിൽ എത്തിയപ്പോൾ പട്ടണം മുഴുവനും അവരുടെനിമിത്തം ഇളകി; ഇവൾ നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു.
  • 20 അവൾ അവരോടു പറഞ്ഞതു: നൊവൊമി എന്നല്ല മാറാ എന്നു എന്നെ വിളിപ്പിൻ; സർവ്വശക്തൻ എന്നോടു ഏറ്റവും കൈപ്പായുള്ളതു പ്രവർത്തിച്ചിരിക്കുന്നു.
  • 21 നിറഞ്ഞവളായി ഞാൻ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു; യഹോവ എനിക്കു വിരോധമായി സാക്ഷീകരിക്കയും സർവ്വശക്തൻ എന്നെ ദുഃഖിപ്പിക്കയും ചെയ്തിരിക്കെ നിങ്ങൾ എന്നെ നൊവൊമി എന്നു വിളിക്കുന്നതു എന്തു?
  • 22 ഇങ്ങനെ നൊവൊമി മോവാബ്‌ദേശത്തുനിന്നു കൂടെ പോന്ന മരുമകൾ രൂത്ത് എന്ന മോവാബ്യസ്ത്രീയുമായി മടങ്ങിവന്നു; അവർ യവക്കൊയ്ത്തിന്റെ ആരംഭത്തിൽ ബേത്ത്ളേഹെമിൽ എത്തി.