wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ദിനവൃത്താന്തം 2 അദ്ധ്യായം 4
  • 1 അവൻ താമ്രംകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി; അതിന്റെ നീളം ഇരുപതു മുഴവും വീതി ഇരുപതു മുഴവും ഉയരം പത്തു മുഴവും ആയിരുന്നു.
  • 2 അവൻ ഒരു വാർപ്പുകടലും ഉണ്ടാക്കി; അതു വൃത്താകാരമായിരുന്നു; അതിന്നു വക്കോടുവക്കുപത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതു മുഴം നൂലളവും ഉണ്ടായിരുന്നു.
  • 3 അതിന്നു കീഴെ ചുറ്റിലും കുമിഴുകൾ മുഴത്തിന്നു പത്തുവീതം കടലിനെ ചുറ്റിയിരുന്നു. അതു വാർത്തപ്പോൾ തന്നേ കുമിഴുകളും രണ്ടു നിരയായി വാർത്തുണ്ടാക്കിയിരുന്നു.
  • 4 അതു പന്ത്രണ്ടു കാളയുടെ പുറത്തു വെച്ചിരുന്നു: മൂന്നു വടക്കോട്ടും മൂന്നു പടിഞ്ഞാറോട്ടും മൂന്നു തെക്കോട്ടും മൂന്നു കിഴക്കോട്ടും തിരിഞ്ഞിരുന്നു. കടൽ അവയുടെ പുറത്തു വെച്ചിരുന്നു; അവയുടെ പൃഷ്ഠഭാഗമൊക്കെയും അകത്തോട്ടു ആയിരുന്നു.
  • 5 അതിന്റെ കനം നാലു അംഗുലവും അതിന്റെ വക്കുപാനപാത്രത്തിന്റെ വകൂപോലെയും വിടർന്ന താമരപ്പൂപോലെയും ആയിരുന്നു. അതിൽ മൂവായിരം ബത്ത് വെള്ളം കൊള്ളും.
  • 6 അവൻ പത്തു തൊട്ടിയും ഉണ്ടാക്കി; കഴുകുന്ന ആവശ്യത്തിലേക്കു അഞ്ചു വലത്തുഭാഗത്തും അഞ്ചു ഇടത്തുഭാഗത്തും വെച്ചു. ഹോമയാഗത്തിന്നുള്ള സാധനങ്ങളെ അവർ അവയിൽ കഴുകും; കടലോ പുരോഹിതന്മാർക്കു കഴുകുവാനുള്ളതായിരുന്നു.
  • 7 അവൻ പൊന്നുകൊണ്ടു പത്തു വിളക്കും അവയെക്കുറിച്ചുള്ള വിധിപ്രകാരം ഉണ്ടാക്കി, മന്ദിരത്തിൽ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി വെച്ചു.
  • 8 അവൻ പത്തു മേശയും ഉണ്ടാക്കി; മന്ദിരത്തിൽ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി വെച്ചു; അവൻ പൊന്നു കൊണ്ടു നൂറു കലശവും ഉണ്ടാക്കി.
  • 9 അവൻ പുരോഹിതന്മാരുടെ പ്രാകാരവും വലിയ പ്രാകാരവും പ്രാകാരത്തിന്നു വാതിലുകളും ഉണ്ടാക്കി, കതകു താമ്രംകൊണ്ടു പൊതിഞ്ഞു.
  • 10 അവൻ കടലിനെ വലത്തുഭാഗത്തു തെക്കുകിഴക്കായിട്ടു വെച്ചു.
  • 11 ഹൂരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; ഇങ്ങനെ ഹൂരാം ദൈവാലയത്തിൽ ശലോമോൻ രാജാവിന്നു വേണ്ടി ചെയ്ത പണി തീർത്തു.
  • 12 സ്തംഭങ്ങൾ, രണ്ടു സ്തംഭങ്ങളുടെ തലെക്കലുള്ള ഗോളാകാരമായ പോതികകൾ, സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ ഗോളങ്ങളെ മൂടുവാൻ രണ്ടു വലപ്പണി,
  • 13 സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളങ്ങളെ മൂടുന്ന ഓരോ വലപ്പണിയിൽ ഈരണ്ടു നിര മാതളപ്പഴമായി രണ്ടു വലപ്പണിയിലുംകൂടെ
  • 14 നാനൂറു മാതളപ്പഴം, പീഠങ്ങൾ, പീഠങ്ങളിന്മേൽ തൊട്ടികൾ
  • 15 കടൽ, അതിന്നു കീഴെ പന്ത്രണ്ടു കാള, കലങ്ങൾ,
  • 16 ചട്ടുകങ്ങൾ, മുൾക്കൊളുത്തുകൾ എന്നീ ഉപകരണങ്ങളൊക്കെയും ഹൂരാം-ആബി മിനുക്കിയ താമ്രംകൊണ്ടു യഹോവയുടെ ആലയത്തിന്നുവേണ്ടി ശലോമോൻ രാജാവിന്നു ഉണ്ടാക്കിക്കൊടുത്തു.
  • 17 യോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിന്നും സെരേദാഥെക്കും മദ്ധ്യേ കളിമണ്ണുള്ള നിലത്തുവെച്ചു രാജാവു അവയെ വാർപ്പിച്ചു.
  • 18 ഇങ്ങനെ ശലോമോൻ ഈ ഉപകരണങ്ങളൊക്കെയും ധാരാളമായി ഉണ്ടാക്കി; താമ്രത്തിന്റെ തൂക്കത്തിന്നു നിശ്ചയമില്ലായിരുന്നു.
  • 19 ശലോമോൻ ദൈവാലയത്തിലെ ഉപകരണങ്ങൾ ഒക്കെയും പൊന്നുകൊണ്ടുള്ള പീഠവും കാഴ്ചയപ്പംവെക്കുന്ന മേശകളും
  • 20 അന്തർമ്മന്ദിരത്തിന്നു മുമ്പാകെ നിയമപ്രകാരം കത്തേണ്ടതിന്നു നിർമ്മലമായ തങ്കംകൊണ്ടുള്ള നിലവിളക്കും ദീപങ്ങളും പൊന്നുകൊണ്ടു,
  • 21 സാക്ഷാൽ നിർമ്മലമായ തങ്കംകൊണ്ടു തന്നേ, പുഷ്പങ്ങളും ദീപങ്ങളും ചവണകളും
  • 22 തങ്കംകൊണ്ടു കത്രികകളും കലശങ്ങളും തവികളും തീച്ചട്ടികളും ഉണ്ടാക്കി. ആലയത്തിന്റെ വാതിലുകൾ, അതിവിശുദ്ധമന്ദിരത്തിലേക്കുള്ള അകത്തേ കതകുകളും മന്ദിരമായ ആലയത്തിന്റെ കതകുകളും പൊന്നുകൊണ്ടു ആയിരുന്നു.