wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ദിനവൃത്താന്തം 2 അദ്ധ്യായം 5
  • 1 ഇങ്ങനെ ശലോമോൻ യഹോവയുടെ ആലയത്തിന്നു വേണ്ടി ചെയ്ത പണിയൊക്കെയും തീർന്നു; പിന്നെ ശലോമോൻ തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വസ്തുക്കളായ വെള്ളിയും പൊന്നും ഉപകരണങ്ങൾ ഒക്കെയും കൊണ്ടുവന്നു ദൈവാലയത്തിലെ ഭണ്ഡാരഗൃഹങ്ങളിൽ വെച്ചു.
  • 2 ശലോമോൻ യഹോവയുടെ നിയമപെട്ടകം സീയോൻ എന്ന ദാവീദിന്റെ നഗരത്തിൽനിന്നു കൊണ്ടുവരുവാൻ യിസ്രായേൽമൂപ്പന്മാരെയും യിസ്രായേൽമക്കളുടെ പിതൃഭവനത്തലവന്മാരായ ഗോത്രപ്രഭുക്കന്മാരെ ഒക്കെയും യെരൂശലേമിൽ കൂട്ടിവരുത്തി.
  • 3 യിസ്രായേൽപുരുഷന്മാരെല്ലാവരും ഏഴാം മാസത്തിലെ ഉത്സവത്തിൽ രാജാവിന്റെ അടുക്കൽ വന്നുകൂടി.
  • 4 യിസ്രായേൽമൂപ്പന്മാരെല്ലാവരും വന്നശേഷം ലേവ്യർ പെട്ടകം എടുത്തു.
  • 5 പെട്ടകവും സമാഗമനക്കുടാരവും കൂടാരത്തിലെ സകലവിശുദ്ധോപകരണങ്ങളും കൊണ്ടുവന്നു; പുരോഹിതന്മാരും ലേവ്യരുമത്രേ അവ കൊണ്ടുവന്നതു.
  • 6 ശലോമോൻ രാജാവും അവന്റെ അടുക്കൽ കൂടിവന്നിരുന്ന യിസ്രായേൽസഭയൊക്കെയും എണ്ണുവാനും കണക്കെടുപ്പാനും കഴിയാതവണ്ണം വളരെ ആടുകളെയും കാളകളെയും പെട്ടകത്തിന്നു മുമ്പിൽ യാഗം കഴിച്ചു.
  • 7 പുരോഹിതന്മാർ യഹോവയുടെ നിയമപെട്ടകം അതിന്റെ സ്ഥലത്തു, ആലയത്തിലെ അന്തർമ്മന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്തേക്കു കെരൂബുകളുടെ ചിറകിൻ കീഴെ കൊണ്ടുചെന്നു വെച്ചു.
  • 8 കെരൂബുകൾ പെട്ടകത്തിന്റെ സ്ഥലത്തിന്നു മീതെ ചിറകുവിരിച്ചു പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടിനിന്നു,
  • 9 തണ്ടുകൾ നീണ്ടിരിക്കയാൽ തണ്ടുകളുടെ അറ്റങ്ങൾ അന്തർമ്മന്ദിരത്തിന്നു മുമ്പിൽ പെട്ടകത്തെ കവിഞ്ഞു കാണും എങ്കിലും പുറത്തുനിന്നു കാണുകയില്ല; അവ ഇന്നുവരെ അവിടെ ഉണ്ടു.
  • 10 യിസ്രായേൽ മക്കൾ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം യഹോവ അവരോടു നിയമം ചെയ്തപ്പോൾ മോശെ ഹോരേബിൽവെച്ചു പെട്ടകത്തിൽ വെച്ചിരുന്ന രണ്ടു കല്പലകയല്ലാതെ അതിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല.
  • 11 പുരോഹിതന്മാർ വിശുദ്ധമന്ദിരത്തിൽനിന്നു വന്നപ്പോൾ--അവിടെയുണ്ടായിരുന്ന പുരോഹിതന്മാർ കൂറുകളുടെ ക്രമം നോക്കാതെ എല്ലാവരും തങ്ങളെ വിശുദ്ധീകരിച്ചിരുന്നു;
  • 12 ആസാഫ്, ഹേമാൻ, യെദൂഥൂൻ എന്നിവരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായി സംഗീതക്കാരായ ലേവ്യരെല്ലാവരും ചണവസ്ത്രം ധരിച്ചു കൈത്താളങ്ങളും വീണകളും കിന്നരങ്ങളും പിടിച്ചു യാഗപീഠത്തിന്നു കിഴക്കു കാഹളം ഊതിക്കൊണ്ടിരുന്ന നൂറ്റിരുപതു പുരോഹിതന്മാരോടുകൂടെ നിന്നു--
  • 13 കാഹളക്കാരും സംഗീതക്കാരും ഒത്തൊരുമിച്ചു കാഹളങ്ങളോടും കൈത്താളങ്ങളോടും വാദിത്രങ്ങളോടും കൂടെ: അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു എന്നു ഏകസ്വരമായി കേൾക്കുമാറു യഹോവയെ വാഴ്ത്തി സ്തുതിച്ചു; അവർ ഉച്ചത്തിൽ പാടി യഹോവയെ സ്തുതിച്ചപ്പോൾ യഹോവയുടെ ആലയമായ മന്ദിരത്തിൽ ഒരു മേഘം നിറഞ്ഞു.
  • 14 യഹോവയുടെ തേജസ്സ് ദൈവാലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ടു പുരോഹിതന്മാർക്കു മേഘം നിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിന്നു നില്പാൻ കഴിഞ്ഞില്ല.