wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ദിനവൃത്താന്തം 2 അദ്ധ്യായം 15
  • 1 അനന്തരം ഓദേദിന്റെ മകനായ അസർയ്യാവിന്റെമേൽ ദൈവത്തിന്റെ ആത്മാവു വന്നു.
  • 2 അവൻ ആസയെ എതിരേറ്റു അവനോടു പറഞ്ഞതെന്തെന്നാൽ: ആസയും എല്ലായെഹൂദ്യരും ബെന്യാമീന്യരും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; നിങ്ങൾ യഹോവയോടുകൂടെ ഇരിക്കുന്നേടത്തോളം അവൻ നിങ്ങളോടുകൂടെ ഇരിക്കും; അവനെ അന്വേഷിക്കുന്നു എങ്കിൽ നിങ്ങൾ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിങ്ങളെയും ഉപേക്ഷിക്കും.
  • 3 യിസ്രായേൽ ഇപ്പോൾ ബഹുകാലമായി സത്യദൈവവും ഉപദേശിക്കുന്ന പുരോഹിതനും ന്യായപ്രമാണവും ഇല്ലാതിരിക്കുന്നു;
  • 4 എന്നാൽ അവർ തങ്ങളുടെ ഞെരുക്കത്തിൽ യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു തിരിഞ്ഞു അവനെ അന്വേഷിച്ചപ്പോൾ, അവർ അവനെ കണ്ടെത്തി.
  • 5 ആ കാലത്തു പോക്കുവരവിന്നു സമാധാനം ഇല്ലാതവണ്ണം ദേശനിവാസികൾക്കു ഒക്കെയും മഹാകലാപങ്ങൾ ഭവിച്ചു.
  • 6 ദൈവം അവരെ സകലവിധകഷ്ടങ്ങളാലും പീഡിപ്പിച്ചതുകൊണ്ടു ജാതി ജാതിയെയും പട്ടണം പട്ടണത്തെയും തകർത്തുകളഞ്ഞു.
  • 7 എന്നാൽ നിങ്ങൾ ധൈര്യമായിരിപ്പിൻ; നിങ്ങളുടെ കൈകൾ തളർന്നുപോകരുതു; നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ഉണ്ടാകും.
  • 8 ആസാ ഈ വാക്കുകളും ഓദേദ് പ്രവാചകന്റെ പ്രവചനവും കേട്ടപ്പോൾ അവൻ ധൈര്യപ്പെട്ടു, യെഹൂദയുടെയും ബെന്യാമിന്റെയും ദേശത്തുനിന്നൊക്കെയും എഫ്രയീംമലനാട്ടിൽ അവൻ പിടിച്ചിരുന്ന പട്ടണങ്ങളിൽനിന്നും മ്ളേച്ഛവിഗ്രഹങ്ങളെ നീക്കിക്കളകയും യഹോവയുടെ മണ്ഡപത്തിൻ മുമ്പിലുള്ള യഹോവയുടെ യാഗപീഠം പുതുക്കുകയും ചെയ്തു.
  • 9 പിന്നെ അവൻ എല്ലായെഹൂദ്യരെയും ബെന്യാമീന്യരെയും എഫ്രയീമിൽനിന്നും മനശ്ശെയിൽ നിന്നും ശിമേയോനിൽനിന്നും അവരുടെ അടുക്കൽ വന്നുപാർക്കുന്നവരെയും കൂട്ടിവരുത്തി; അവന്റെ ദൈവമായ യഹോവ അവനോടുകൂടെയുണ്ടു എന്നു കണ്ടിട്ടു യിസ്രായേലിൽനിന്നു അനേകർ വന്നു അവനോടു ചേർന്നു.
  • 10 ഇങ്ങനെ അവർ ആസയുടെ വാഴ്ചയുടെ പതിനേഴാം ആണ്ടിൽ മൂന്നാം മാസത്തിൽ യെരൂശലേമിൽ വന്നുകൂടി.
  • 11 തങ്ങൾ കൊണ്ടുവന്ന കൊള്ളയിൽനിന്നു അവർ എഴുനൂറു കാളയെയും ഏഴായിരം ആടിനെയും അന്നു യഹോവെക്കു യാഗം കഴിച്ചു.
  • 12 പിന്നെ അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ അന്വേഷിച്ചുകൊള്ളാമെന്നും
  • 13 ചെറിയവനോ വലിയവനോ പുരുഷനോ സ്ത്രീയോ ആരായാലും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കാത്തവർ മരണശിക്ഷ അനുഭവിക്കേണമെന്നും ഒരു നിയമം ചെയ്തു.
  • 14 അവർ മഹാഘോഷത്തോടും ആർപ്പോടും കാഹളങ്ങളോടും കുഴലുകളോടും കൂടെ യഹോവയോടു സത്യംചെയ്തു.
  • 15 എല്ലായെഹൂദ്യരും സത്യംനിമിത്തം സന്തോഷിച്ചു; അവർ പൂർണ്ണഹൃദയത്തോടെ സത്യംചെയ്തു പൂർണ്ണതാല്പര്യത്തോടുംകൂടെ അവനെ അന്വേഷിച്ചതുകൊണ്ടു അവർ അവനെ കണ്ടെത്തുകയും യഹോവ അവർക്കു ചുറ്റും വിശ്രമം നല്കുകയും ചെയ്തു.
  • 16 ആസാരാജാവു തന്റെ അമ്മയായ മയഖയെയും അവൾ അശേരകൂ ഒരു മ്ളേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ടു രാജ്ഞിസ്ഥാനത്തിൽനിന്നു നീക്കക്കളഞ്ഞു; അവളുടെ മ്ളേച്ഛവിഗ്രഹം ആസാ വെട്ടിത്തകർത്തു കിദ്രോൻ തോട്ടിങ്കൽവെച്ചു ചുട്ടുകളഞ്ഞു.
  • 17 എന്നാൽ പൂജാഗിരികൾക്കു യിസ്രായേലിൽ നീക്കംവന്നില്ല; എങ്കിലും ആസയുടെ ഹൃദയം അവന്റെ ജീവകാലമൊക്കെയും ഏകാഗ്രമായിരുന്നു.
  • 18 വെള്ളി, പൊന്നു, ഉപകരണങ്ങൾ എന്നിങ്ങനെ തന്റെ അപ്പൻ നിവേദിച്ചതും താൻ തന്നേ നിവേദിച്ചതുമായ വസ്തുക്കളെ അവൻ ദൈവാലയത്തിലേക്കു കൊണ്ടുവന്നു.
  • 19 ആസയുടെ വാഴ്ചയുടെ മുപ്പത്തഞ്ചാം സംവത്സരംവരെ പിന്നെ യുദ്ധം ഉണ്ടായില്ല.