wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ദിനവൃത്താന്തം 2 അദ്ധ്യായം 16
  • 1 ആസയുടെ വാഴ്ചയുടെ മുപ്പത്താറാം ആണ്ടിൽ യിസ്രായേൽരാജാവായ ബയെശായെഹൂദെക്കു നേരെ വന്നു യെഹൂദാരാജാവായ ആസയുടെ അടുക്കൽ വരത്തുപോക്കിന്നു ആരെയും സമ്മതിക്കാത്തവണ്ണം രാമയെ പണിതു ഉറപ്പിച്ചു.
  • 2 അപ്പോൾ ആസാ യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങളിൽനിന്നു വെള്ളിയും പൊന്നും എടുത്തു ദമ്മേശെക്കിൽ വസിച്ച അരാം രാജാവായ ബെൻ-ഹദദിന്നു കൊടുത്തയച്ചു:
  • 3 എനിക്കും നിനക്കും എന്റെ അപ്പനും നിന്റെ അപ്പന്നും തമ്മിൽ സഖ്യതയുണ്ടല്ലോ; ഇതാ, ഞാൻ നിനക്കു വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രായേൽരാജാവായ ബയെശാ എന്നെ വിട്ടുപോകേണ്ടതിന്നു നീ ചെന്നു അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്നു പറഞ്ഞു.
  • 4 ബെൻ-ഹദദ് ആസാരാജാവിന്റെ വാക്കു കേട്ടു തന്റെ സേനാധിപതിമാരെ യിസ്രായേൽപട്ടണങ്ങൾക്കു നേരെ അയച്ചു; അവർ ഈയോനും ദാനും ആബേൽ-മയീമും നഫ്താലിയുടെ സകലസംഭാരനഗരങ്ങളും പിടിച്ചടക്കി.
  • 5 ബയെശാ അതു കേട്ടപ്പോൾ രാമയെ പണിയുന്ന തന്റെ പ്രവൃത്തി നിർത്തിവെച്ചു.
  • 6 അപ്പോൾ ആസാരാജാവു യെഹൂദ്യരെ ഒക്കെയും കൂട്ടി, ബയെശാ പണിത രാമയുടെ കല്ലും മരവും എടുത്തു കൊണ്ടുപോയി: അവൻ അവകൊണ്ടു ഗേബയും മിസ്പയും പണിതു ഉറപ്പിച്ചു.
  • 7 ആ കാലത്തു ദർശകനായ ഹനാനി യെഹൂദാ രാജാവായ ആസയുടെ അടുക്കൽ വന്നു അവനോടു പറഞ്ഞതു എന്തെന്നാൽ: നീ നിന്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ അരാംരാജാവിൽ ആശ്രയിക്കകൊണ്ടു അരാംരാജാവിന്റെ സൈന്യം നിന്റെ കയ്യിൽനിന്നു തെറ്റിപ്പോയിരിക്കുന്നു.
  • 8 കൂശ്യരും ലൂബ്യരും അനവധി രഥങ്ങളോടും കുതിരച്ചേവകരോടും കൂടിയ ഒരു മഹാസൈന്യമായിരുന്നില്ലയോ? എന്നാൽ നീ യഹോവയിൽ ആശ്രയിക്കകൊണ്ടു അവൻ അവരെ നിന്റെ കയ്യിൽ ഏല്പിച്ചുതന്നു.
  • 9 യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു; ഇതിൽ നീ ഭോഷത്വം പ്രവർത്തിച്ചിരിക്കുന്നു; ഇനി നിനക്കു യുദ്ധങ്ങൾ ഉണ്ടാകും.
  • 10 അപ്പോൾ ആസാ ദർശകനോടു ക്രുദ്ധിച്ചു അവനെ കാരാഗൃഹത്തിൽ ആക്കി; ഈ കാര്യംനിമിത്തം അവന്നു അവനോടു ഉഗ്രകോപമുണ്ടായിരുന്നു; ആ സമയത്തു ആസാ ജനത്തിൽ ചിലരെ പീഡിപ്പിച്ചു.
  • 11 ആസയുടെ വൃത്താന്തങ്ങൾ ആദ്യാവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
  • 12 ആസെക്കു തന്റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം ആണ്ടിൽ കാലിൽ ദീനംപിടിച്ചു; ദീനം അതികഠിനമായിരുന്നു; എന്നാൽ അവൻ തന്റെ ദീനത്തിൽ യഹോവയെ അല്ല, വൈദ്യന്മാരെ അത്രേ അന്വേഷിച്ചതു.
  • 13 ആസാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു തന്റെ വാഴ്ചയുടെ നാല്പത്തൊന്നാം ആണ്ടിൽ മരിച്ചു.
  • 14 അവൻ ദാവീദിന്റെ നഗരത്തിൽ തനിക്കായിട്ടു വെട്ടിച്ചിരുന്ന സ്വന്ത കല്ലറയിൽ അവനെ അടക്കം ചെയ്തു; വൈദ്യന്മാരുടെ യോഗപ്രകാരം ഉണ്ടാക്കിയ സുഗന്ധവർഗ്ഗവും പലതരം പരിമളസാധനങ്ങളും നിറെച്ചിരുന്ന ശയ്യമേൽ അവനെ കിടത്തുകയും അവന്നു വേണ്ടി എത്രയും വലിയോരു ദഹനം കഴിക്കയും ചെയ്തു.